ഗുവാഹതി സെന്‍ട്രല്‍ ജയിലിലെ കോവിഡ് രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് ഷര്‍ജീല്‍ ഇമാമിന്‍റെ സഹോദരന്‍

By on

ഗുവാഹതി സെന്‍ട്രല്‍  ജയിലിലെ കോവിഡ് രോഗികളായ തടവുകാര്‍ക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ഷര്‍ജീല്‍ ഇമാമിന്‍റെ സഹോദരന്‍ മുസമ്മില്‍ ഇമാം. ഇന്നലെ വെെകുന്നേരമാണ് ഷര്‍ജീല്‍ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചത്. ഏകദേശം അറുനൂറോളം തടവുകാര്‍ കോവിഡ് ബാധിതരാണ്, ഇവരില്‍ ഭൂരിഭാഗം തടവുകാരെയും ഇനിയും ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല, ഷര്‍ജീലിന്റെ സഹോദരന്‍ മുസമ്മില്‍ ഇമാം പറയുന്നു.

”ജയിലിലെ അവസ്ഥയെപ്പറ്റി സഹോദരന്‍ ഷര്‍ജീല്‍ ഇമാം അറിയിച്ചിരുന്നു. കോവിഡ് രോഗികളെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള സ്ഥലപരിമിതി ജയിലില്‍ ഇല്ല. എല്ലാ തടവുകാര്‍ക്കും ഭേദപ്പെട്ട സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തില്‍ നിന്നും വിവേചനമില്ലാത്ത പരിഗണനയും ഉറപ്പാക്കണം, തടവുകാരും പൗരരാണ് എന്നും ഷര്‍ജീല്‍ ആവശ്യപ്പെടുന്നു.’ ഒരാഴ്ച മുമ്പ് മുസമ്മില്‍ ഫേസ്ബുക്കില്‍ എഴുതി.

കോവിഡ് ബാധിതനായ അസമിലെ ക്രിഷക് മുക്തി സംഗ്രാം സമിതി നേതാവ് അഖില്‍ ഗൊഗോയിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അമ്പത്തിയഞ്ച് തടവുകാര്‍ അപ്പോള്‍ കോവിഡ് ബാധിതരായിരുന്നു. ജൂലൈ 14ന് ജയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി. ആശുപത്രിയിലേക്ക് മാറ്റാന്‍ സെല്ലില്‍ തീകൊളുത്തി പ്രതിഷേധിച്ച ദുദുല്‍ ദാസ് എന്ന തടവുകാരന്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ ജയിലിന് മുന്നിലായി ഉപേക്ഷിച്ച കത്തില്‍, ജയിലിലെ 95% തടവുകാരും കോവിഡ് ബാധിതരാണ് എന്ന് എഴുതിയിരുന്നു. കോവിഡ് പോസിറ്റിവ് ആയ തടവുകാരെയും അല്ലാത്തവരെയും വേര്‍തിരിക്കുന്നില്ല. എല്ലാ തടവുകാരെയും പരിശോധിച്ചിട്ടില്ല. കോവിഡ് രോഗികളെ തിരിച്ചറിഞ്ഞ ശേഷവും ഞങ്ങള്‍ക്ക് ചികിത്സയോ മതിയായ ഭക്ഷണമോ നല്‍കുന്നില്ല. ഈ സ്ഥിതി നിയന്ത്രിക്കുവാനോ ഉള്ള ഒരു നീക്കവും ജയില്‍ അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്നും കത്തിലുണ്ട്. സാമൂഹിക അകലം പാലിക്കാനാകാത്ത തരത്തില്‍ അമ്പത് തടവുകാര്‍ക്ക് ഒരു സെല്ലില്‍ താമസിക്കേണ്ടുന്ന അവസ്ഥയാണ് നിലവില്‍ എന്നും അസമീസ് ഭാഷയില്‍ എഴുതിയ കത്തിലുണ്ട്. “ഞങ്ങളെ രക്ഷിക്കൂ, ഞങ്ങള്‍ പ്രേതങ്ങളല്ല മനുഷ്യരാണ്” എന്ന് ഇംഗ്ലീഷില്‍ എഴുതിയാണ് കത്ത് അവസാനിപ്പിച്ചത്.

ജൂണ്‍ 25, 26 തീയ്യതികളില്‍ ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെയുള്ള തടവുകാര്‍ എട്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാര സമരം നടത്തി. ജയിലില്‍ എല്ലാ തടവുകാരുടെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക, പുതിയ തടവുകാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുക, അഖില്‍ ഗൊഗോയ് അടക്കമുള്ള വിചാരണ തടവുകാരെ മോചിപ്പിക്കുക, കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് അഭിഭാഷകരും ബന്ധുക്കളും അടക്കമുള്ള സന്ദര്‍ശകരെ അനുവദിക്കുക, അഭിഭാഷകരും ബന്ധുക്കളുമായുള്ള ഫോണ്‍ കോള്‍ സമയം പത്തുമിനിറ്റായി ഉയര്‍ത്തുക, കുടിക്കാന്‍ ശുദ്ധജലം ഉറപ്പുവരുത്തുക, മെച്ചപ്പെട്ട ഭക്ഷണം ലഭ്യമാക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. ജൂലൈ 16ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ജയില്‍ പരിസരം സന്ദര്‍ശിക്കുകയും നടപടികള്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു, എന്നാല്‍ ഇതിലെ പല ആവശ്യങ്ങളും ഇതുവരെയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.

2019 ഡിസംബറില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഷര്‍ജീല്‍ നടത്തിയ പ്രസംഗം അസം വിഭജനം ആവശ്യപ്പെട്ടു എന്ന കുറ്റമാരോപിച്ച് ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും യുഎപിഎയും രാജ്യദ്രോഹവുമടക്കം ചുമത്തി ജനുവരിയിലാണ് ഷര്‍ജീലിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. പിന്നീട്, ജനുവരി 28ന് ബിഹാറില്‍ വെച്ച് ഷര്‍ജീല്‍ ഇമാം അസം പൊലീസിന് കീഴടങ്ങുകയായിരുന്നു. പൗരത്വ ഭേദഗതി നിയമം പിന്‍വലിപ്പിക്കാന്‍ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള സംഘടിതമായ സമരരീതിയായി റോഡ് ബ്ലോക്കിങ്ങിനെ കാണണമെന്ന ഷര്‍ജീലിന്‍റെ പരാമര്‍ശമാണ് ആസൂത്രിതമായ വിദ്വേഷ പ്രചരണത്തിലൂടെ സംഘപരിവാര്‍ മാധ്യമങ്ങള്‍ അറസ്റ്റിലേക്കുള്ള ഉപകരണമാക്കിയത്.

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്ന കുറ്റമാരോപിച്ച് പിന്നീട് ഷര്‍ജീലിനെതിരെ ഡല്‍ഹി പൊലീസ് പുതിയ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ജൂലൈ 10ന്, ഡല്‍ഹി പൊലീസിന് അന്വേഷണത്തിന് കൂടുതല്‍ സമയമനുവദിച്ച കോടതിയുത്തരവ് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിച്ചു. ജൂലൈ 17ന് ഷര്‍ജില്‍ ഇമാമിനെ കസ്റ്റഡിയിലെടുക്കാന്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അസമിലെത്തിയിരുന്നെങ്കിലും ഷര്‍ജീലിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത് വൈകും എന്നാണ് റിപ്പോര്‍ട്ട്.

ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമടങ്ങിയ പതിനൊന്ന് തടവുകാര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമര നേതാക്കള്‍ എന്നിവരില്‍ പലരും ജയിലിലെ കോവിഡ് വ്യാപനത്തെ കുറിച്ച് ഇതിനകം വിവരങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ജയിലുകളില്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ തടവുകാര്‍ക്ക് മതിയായ സുരക്ഷയും പരിചരണവും ഏര്‍പ്പെടുത്താത്ത  സാഹചര്യത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏഴ് വര്‍ഷം വരെ തടവനുഭവിക്കുന്ന തടവുകാര്‍ക്ക് മൂന്നുമാസത്തേക്ക് പരോള്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇരട്ടിയിലധികം തടവുകാരെ നിറച്ച ജയിലുകളില്‍ നിന്നും രോഗബാധയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്.


Read More Related Articles