“ആസിഫ കൂട്ടബലാത്സം​ഗ കൊലപാതകം നിർഭയ സംഭവത്തേക്കാൾ ക്രൂരം”; വധശിക്ഷ ആവശ്യപ്പെടുന്നതിന്‍റെ കാരണങ്ങളെപ്പറ്റി മുബീൻ ഫറൂഖി

By on

എട്ടുവയസ്സുകാരി ആയിരുന്ന ആസിഫയുടെ കൂട്ട ബലാത്സം​ഗ കൊലപാതകം നിർഭയ കൂട്ട ബലാത്സം​ഗ കൊലപാതകത്തേക്കാൾ ക്രൂരമായിരിക്കുമ്പോഴും കേസിന് ‘അപൂർവ്വങ്ങളിൽ അപൂർവ്വം’ എന്ന പരി​ഗണന കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ആസിഫയുടെ കുടുംബത്തിന്‍റെ അഭിഭാഷകൻ മുബീൻ ഫറൂഖി ചോദിക്കുന്നു. പ്രതികൾക്ക് വധശിക്ഷയും മുഖ്യപ്രതി സാഞ്ജിറാമിന്‍റെ മകനും കേസിലെ പ്രതിയുമായ വിശാൽ ജം​ഗോത്രയെ കോടതി സംശയത്തിന്‍റെ ആനുകൂല്യത്തിൽ വെറുതെ വിട്ടതിനെതിരെയും പഞ്ചാബ് ഹരിയാന ഹെെക്കോടതിയെ സമീപിക്കുമെന്നും മുബീൻ ഫറൂഖി കീബോർഡ് ജേണലിനോട് പറഞ്ഞു. പഞ്ചാബ് ഹരിയാന ഹെെക്കോടതിയിലെ അഭിഭാഷകന്‍ മുബീൻ ഫറൂഖിയുമായുള്ള അഭിമുഖത്തിൽ നിന്ന്.

“കേസിന്‍റെ തുടക്കം മുതൽ തന്നെ ആസിഫയുടെ കുടുംബത്തിന് വേണ്ടി ഞാൻ പത്താൻകോട്ട് കോടതിയിൽ ഹാജരാകുന്നുണ്ട്. ആസിഫയെ ദത്തെടുത്ത മുഹമ്മദ് യൂസുഫ് ആണ് പരാതിക്കാരൻ, ജമ്മുവിൽ നിന്നും കേസ് പത്താൻകോട്ടിലേക്ക് മാറ്റിയത് മുതൽ ഞാൻ യൂസുഫിന് വേണ്ടി കോടതിയിൽ ഹാജരാകുന്നുണ്ടായിരുന്നു. ആറ് മാസം പ്രായമുള്ളപ്പോഴാണ് യൂസുഫ് ആസിഫയെ ദത്തെടുത്തത്.

ഞങ്ങൾ ഈ കോടതിവിധിയിൽ സംതൃപ്തരല്ല. ഈ വിധിക്കെതിരെ ഞങ്ങൾ പഞ്ചാബ് ഹരിയാന ഹെെക്കോടതിയിൽ അപ്പീൽ നൽകാൻ പോകുകയാണ്, സംശയത്തിന്‍റെ ആനുകൂല്യത്തിൽ പ്രതികളിൽ ഒരാളായ വിശാൽ ജം​ഗോത്രയെ വെറുതെ വിട്ടതിനെതിരെ, മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിന് വേണ്ടി, എല്ലാവർക്കും വധശിക്ഷ ആവശ്യപ്പെട്ടുകൊണ്ടാണ് അപ്പീൽ നൽകുന്നത്.

ഇരയുടെ കുടുംബം ആവശ്യപ്പെട്ട, പ്രതീക്ഷിച്ച രീതിയിലുള്ള ഒരു വിധിയല്ല ഈ കേസിൽ ഉണ്ടായിരിക്കുന്നത്. നിരവധി ബലാത്സം​ഗ കേസുകളിൽ പ്രതികൾക്ക് ഇതിനു മുമ്പ് വധശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികൾ ഉൾപ്പെട്ടിരിക്കുന്ന സമുദായവും രാഷ്ട്രീയ ബന്ധങ്ങളും ആണോ ഇത്തരത്തിൽ ഒരു വിധി കോടതി പുറപ്പെടുവിക്കാൻ കാരണം? ഈ പ്രതിസന്ധിയെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഈ കേസിനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കേസ് ആയി കോടതി പരി​ഗണിക്കാൻ വിസമ്മതിച്ചതിൽ ഞങ്ങൾക്ക് കടുത്ത നിരാശയുണ്ട്. പക്ഷേ എനിക്കറിയില്ല എന്തുകൊണ്ടാണ് സെഷൻസ് ജഡ്ജി ഇങ്ങനെയൊരു നിലപാടിലെത്തിയത് എന്ന്. കുറ്റകൃത്യത്തിന്‍റെ ക്രൂരതയാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായി ഒരു കേസിനെ പരി​ഗണിക്കാനുള്ള മാനദണ്ഡം. എനിക്ക് തോന്നുന്നത് നിർഭയ കൂട്ടബലാത്സം​ഗ കൊലപാതകത്തേക്കാൾ ക്രൂരമായാണ് ആസിഫയുടെ കൂട്ടബലാത്സം​ഗ കൊലപാതകം നടന്നിരിക്കുന്നത് എന്നാണ്. കാരണം, ഇവിടെ പെൺകുട്ടി മെെനർ ആണ്. അതിനാലാണ് ഞങ്ങൾ കോടതിയോട് ഈ കേസിനെ അപൂർവ്വങ്ങളിൽ അപൂർവ്വമായി പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇപ്പോൾ ചർച്ച ചെയ്യാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഈ കേസുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. സുപ്രിം കോടതിയുടെ നിർദ്ദേശമനുസരിച്ച് നമ്മൾ കേസുമായി പഞ്ചാബ് ഹരിയാന ഹെെക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ഈ കേസ് നടത്തുന്നതിനിടയിൽ വ്യക്തിപരമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതേപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യാൻ താൽപര്യമില്ല. കോടതിയുടെ പെരുമാറ്റം നല്ലരീതിയിലായിരുന്നു. എല്ലാവരിൽ നിന്നും നിന്നും നല്ല സഹകരണമുണ്ടായിരുന്നു. വിധി പറഞ്ഞ ദിവസം സെഷൻസ് ജഡ്ജ് എല്ലാവർക്കും നന്ദിയറിയിച്ചു. കേസിന്റെ തുടക്കത്തിൽ ഈ പോരാട്ടം അത്ര എളുപ്പമായിരുന്നില്ല. താലിബ് ഹുസെെൻ ആണ് ഈ സംഭവം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്, അതിന് ശേഷമാണ് അഡ്വക്കേറ്റ് ദീപിക സിങ് രജാവത് കേസിൽ സഹായിച്ചത്. ഇതിൽ ഏറ്റവും പ്രധാന റോൾ ധീരവനിതയായ ഇന്ദിരാ ജയ്സിങ്ങിന്‍റേത് ആയിരുന്നു. കേസിന്‍റെ വിചാരണ ജമ്മുവിൽ നിന്നും പത്താൻകോട്ടിലേക്ക് മാറ്റുന്നതിന് സുപ്രിം കോടതിയിൽ ട്രാൻസ്ഫർ അപേക്ഷ ഫയൽ ചെയ്തത് ഇന്ദിരാ ജയ്സിങ് ആയിരുന്നു. അവർ ഒരുപാട് സഹായിച്ചു. ഇന്ദിരാ ജയ്സിങ്, സം​ഗീത മദാൻ തുടങ്ങി സാമൂഹ്യപ്രവർത്തകരായ നല്ല അഭിഭാഷകരുണ്ട് സുപ്രിം കോടതിയിൽ. ക്രെെം ബ്രാഞ്ചിന്റെ ഇടപെടലും നന്നായിരുന്നു.

 


Read More Related Articles