“അഴീക്കോട് ഗ്രാമപഞ്ചായത്ത് ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിച്ചുതുടങ്ങിയിട്ടില്ല, സംരഭക സഹായ പദ്ധതികൾക്ക് സഹകരണമില്ല”; മനീഷ

By on

അഴീക്കോട് ഗ്രാമപഞ്ചായത്ത് ട്രാൻസ്ജെൻ‍ഡർ വ്യക്തികളെപ്പറ്റി ഇനിയും പഠിച്ചുതുടങ്ങിയിട്ടില്ലെന്നും രേഖാപരമായി അംഗീകരിച്ചുതുടങ്ങിയിട്ടില്ലെന്നും കണ്ണൂർ ട്രാൻസ്ജെൻഡർ ഹെൽപ്ലെെൻ ഹെഡും കേരളത്തിൽ ആദ്യമായി സ്വത്വപ്രഖ്യാപനം നടത്തിയ ട്രാൻസ്ജെൻഡർ വ്യക്തികളിൽ ഒരാളുമായ മനീഷ പറയുന്നു. ഗ്രാമസഭകളിൽ പോലും മിനുട്സ് എഴുതുന്ന പുസ്തകത്തിൽ സ്ത്രീ/ പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളല്ലാതെ ട്രാൻസ്ജെൻഡർ എന്നൊരു വിഭാഗമില്ലെന്നും ഈ പ്രശ്നം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിട്ടില്ലെന്നും മനീഷ കീബോർഡ് ജേണലിനോട് പറഞ്ഞു.

“ഞാൻ മനീഷ. ട്രാൻസ്ജെൻഡേഴ്സിന്റെ നേതാവാണ്. അഴീക്കോട് ഗ്രാമപഞ്ചായത്തിൽ നീർക്കടവ് എന്ന പത്താം വാർഡിലാണ് ഞാൻ. ഈ പഞ്ചായത്തിൽ ആറ് ട്രാൻസ്ജെന്‌‍ഡേഴ്സാണ് ഉള്ളത്. കലക്ടറേറ്റിൽ മീറ്റിങ് ചേരാറുണ്ട്. ജില്ലാ പഞ്ചാ യത്ത് ട്രാൻസ്ജെൻഡേഴ്സിന് പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും ട്രാൻസ്ജെൻഡേഴ്സ് പോളിസി, സ്വയംതൊഴിൽ, അയൽക്കൂട്ടം അങ്ങനെയൊരുപാട് പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാൽ അഴീക്കോട് പഞ്ചായത്തിൽ നിന്ന് ട്രാൻസ്ജെൻഡേഴ്സിന് ഒരു ആനുകൂല്യവും ഇതുവരെ കിട്ടിയിട്ടില്ല. നാലഞ്ച് തവണ ഇവിടെ വന്ന് കേറിയിറങ്ങുന്നു, പക്ഷേ ഈ അഴീക്കോട് പ്രസിഡന്റ് അപേക്ഷ വാങ്ങി വെക്കും, പിന്നെയും നമ്മൾ അതേപ്പറ്റി അന്വേഷിക്കാൻ വന്നാൽ ഒരു പരിഹാസ പാത്രം പോലെയാണ് അഴീക്കോട് പഞ്ചായത്തിന്റെ സമീപനം. അതുപോലെ പ്രായമായ അമ്മമാരായാലും മറ്റുള്ളവരായാലും അഴീക്കോട് പഞ്ചായത്തിൽ വീടിന്റെതടക്കമുള്ള പ്രശ്നങ്ങളുമായി വന്നാൽ ഒന്നും ഇവർ ചെയ്ത് കൊടുക്കുന്നില്ല. ഇവിടത്തെ സ്റ്റാഫ് ആയലും പ്രസിഡന്റായാലും സെക്രട്ടറി ആയാലും ഒരാനുകൂല്യവും ഇവരിൽ നിന്നും നമ്മളെ പോലുള്ള പാവപ്പെട്ടവർക്ക് കിട്ടുന്നില്ല. ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി ജില്ലാ പഞ്ചായത്ത് ഇത്രയും ബഡ്ജറ്റ് വെച്ചിട്ട് പോലും എന്തുകൊണ്ട് ഈ അഴീക്കോട് പഞ്ചായത്ത് വെക്കാത്തത്? അഴീക്കോട് പഞ്ചായത്തിലെ പ്രസിഡന്റിന് ട്രാൻസ്ജെൻഡേഴ്സ് എന്താണെന്ന് പോലും അറിയില്ല. സത്യം പറഞ്ഞാൽ ഇവർക്ക് ഒന്നും അറിയില്ല. ഞങ്ങളിവിടെ വന്നാൽ ഞങ്ങളോട് പുച്ഛമായ പെരുമാറ്റം, ഇന്ന് രാവിലെ ഞാനിവിടെ വന്ന് ബഹളമുണ്ടാക്കിയ സമയത്ത് ഇവിടത്തെ സെക്രട്ടറിയും മൂന്ന് നാലുപേരും കൂടി അപേക്ഷ വാങ്ങി, അതിനകത്ത് എഴുതിവെച്ചിട്ടുണ്ട് നിങ്ങളുടെ കാര്യങ്ങൾ പരിഗണിക്കാമെന്ന്, അങ്ങനെ വെക്കൽ മാത്രമേ ഉള്ളൂ. കലക്ടറേറ്റിൽ നിന്നും എനിക്കൊരു പെട്ടിക്കടയ്ക്കുള്ള ഫണ്ട് പാസായിരുന്നു, എന്തുകൊണ്ടെന്ന് വെച്ചാൽ എന്റെ അവസ്ഥയിപ്പോൾ അങ്ങനെയാണ്.

ആന്തൂരിൽ കൺവെൻഷൻ സെന്ററിന് ശ്യാമള എന്ന മുനിസിപ്പൽ ചെയർപേഴ്സൺ അനുമതി കൊടുക്കാത്തത് കാരണം സാജൻ എന്നയാൾ ആത്മഹത്യ ചെയ്തു. അടുത്തത് ആത്മഹത്യ ചെയ്യാൻ പോകുന്നത് ഞാനാണ്, എത്രയോ കാലമായി നാല് വർഷത്തോളമായി ആനൂകൂല്യത്തിന് വേണ്ടി ഇവിടെ കയറിയിറങ്ങുന്നു. ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റായാലും സെക്രട്ടറി ആയാലും മെമ്പറായാലും ഒന്നും നമുക്കൊരു ഉപകാരമില്ല.അവരിവിടെ വെറുതെ വന്ന് പോകുന്നു എന്നെ ഉള്ളൂ. എന്റെ അമ്മ വിധവയാണ്. വിധവകൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നു എന്ന് മോദി സർക്കാർ പറയുന്നു, വിധവകൾക്ക് ഒരു ആനുകൂല്യവും ഇവിടെ നിന്ന് കിട്ടുന്നില്ല. ഇവിടുന്നു കിട്ടേണ്ട ഒരു ഒപ്പിന് വേണ്ടി കലക്ടറേറ്റ് വരെ പോകുന്നുണ്ട്. പലപ്പോഴും കലക്ടറേറ്റിൽ മീറ്റിങ്ങിന് പോകുമ്പോൾ കാണാറുണ്ട്. പലരും ഒരു ഒപ്പിന് വേണ്ടി ഇവിടെ വരും വന്നാൽ ഇവർ വില്ലേജ് ഓഫീസിൽ നിന്ന് കളിപ്പിക്കും, അഴീക്കോട് പഞ്ചായത്തിൽ വന്നാൽ ഇവിടെനിന്ന് വെെകിപ്പിക്കും. ഒരു ആനുകൂല്യവും നമുക്ക് കിട്ടിയിട്ടില്ല. ട്രാൻസ് ജെൻഡഴ്സിന് ബഡ്ജറ്റ് വെക്കാം എന്ന് പറയുന്നുണ്ട്, അത് വെച്ചിട്ടൊന്നും കാണുന്നില്ല, സ്വയംതൊഴിൽ ചെയ്യാനുള്ള പെട്ടിക്കടയാണ് എനിക്കിപ്പോൾ ആവശ്യം. കണ്ണൂർ ജില്ലയിൽ മുന്നൂറോളം ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. ഇതുവരെ അഴീക്കോട് പഞ്ചായത്തിൽ ട്രാൻസ്ജെൻഡേഴ്സ് ഉണ്ടോ എന്ന് ഒരു സർവേയിലും ആരും അന്വേഷിച്ചിട്ടില്ല. ആശാ വർക്കർമാർ, അം​ഗൻവാടി ടീച്ചർമാർ അവരെല്ലാം ആരോ​ഗ്യവകുപ്പിന്റെ ഭാ​ഗമായി ഇവിടെ സർവേ നടത്തിയിട്ടുണ്ടായിരുന്നു. രണ്ട് മൂന്നു ദിവസങ്ങൾക്ക് മുമ്പ് അഴീക്കോട് പഞ്ചായത്തിൽ വന്നു ഫണ്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ അങ്ങനെയൊരു ഫണ്ടൊന്നും ഇല്ല എന്നായിരുന്നു മറുപടി. ജില്ലാ പഞ്ചായത്തിൽ ഇത്രയും ഫണ്ട് വെച്ച് ഇവർ എന്തുകൊണ്ട് ഇങ്ങനെയൊരു കെടുതി നമ്മൾക്ക് വേണ്ടി ചെയ്യുന്നു എന്നാണ് എനിക്ക് ചോ​ദിക്കാനുള്ളത്. ​ഗവണ്മെന്റിന്റെ ഭാ​ഗത്ത് നിന്നും എന്തെങ്കിലും പ്രതികരണം വേണം. അതിന് തിങ്കളാഴ്ച മുതൽ സമരപ്പന്തൽ കെട്ടി ഇവിടെ കിടക്കാൻ പോകുകയാണ് ഞാൻ.”

നാല് മാസം മുമ്പ് വീട് നിർമ്മിക്കാനുള്ള ധനസഹായത്തിനായി മനീഷ ബ്ലോക് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ലെെഫ് ഭവന പദ്ധതി പ്രകാരം നാല് ലക്ഷം രൂപ പഞ്ചായത്ത് വഴി ലഭിക്കേണ്ടതാണ്, എന്നാൽ വീട് കെട്ടാൻ മനീഷയുടെ പേരിൽ ഭൂമിയില്ല എന്ന കാരണം പറഞ്ഞ് ആ തുകയും വിതരണം ചെയ്തിട്ടില്ല. ലെെഫ് ഭവന പദ്ധതിയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി പ്രത്യേക പരി​ഗണനയില്ല. ഇങ്ങനെയൊരു ഭവനപദ്ധതിയിൽ ട്രാൻസ്ജെൻഡർ വ്യക്തികളും പരി​ഗണിക്കപ്പെടേണ്ടതല്ലേ എന്ന് മനീഷ ചോദിക്കുന്നു. ഈ തുക അനുവദിക്കപ്പെട്ടത് അറിഞ്ഞപ്പോൾ വീട് കെട്ടാനായി ഭൂമി വാങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും ഭൂമി വാങ്ങിക്കാൻ കഴിഞ്ഞില്ലെന്നും മനീഷ പറയുന്നു. നീർക്കടവ് മത്സ്യത്തൊഴിലാളി കോളനിയിലാണ് മനീഷ ഇപ്പോൾ താമസിക്കുന്നത്.

പഞ്ചായത്ത് അധികൃതർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ആനുകൂല്യങ്ങൾ കിട്ടുകയുള്ളൂ. സംസ്ഥാനതലത്തിൽ ഏർപ്പെടുത്തുന്ന ഏത് ക്ഷേമപദ്ധതിയും നടപ്പിലാക്കി തരേണ്ടത് പഞ്ചായത്ത് അധികൃതരാണ്, അതാണ് അവർ ചെയ്യാതിരിക്കുന്നത്. മനീഷ പറയുന്നു.

ഇതേപ്പറ്റി പഞ്ചായത്ത് സെക്രട്ടറി നാരായണനോട് സംസാരിച്ചപ്പോൾ ​ഗ്രാമപഞ്ചായത്തിലെ ആറ് ട്രാൻസ്ജെൻഡർ വ്യക്തികളെയും വിളിച്ചുചേർത്ത് യോ​ഗം നടത്തുമെന്ന് അറിയിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളിൽ ഇനി ഒരാൾ മാത്രമാണ് മീറ്റിങ്ങിന് എത്തുന്നതെങ്കിൽ ഒരാളുമായിട്ടാണെങ്കിലും പഞ്ചായത്ത് അധികൃതർ യോ​ഗം നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി മനീഷയ്ക്ക് ഉറപ്പ് നൽകി.


Read More Related Articles