ബാബരി വിധി; മുസ്‌ലിം സമൂഹത്തോടുള്ള അനീതി: ഫ്രറ്റേണിറ്റി മൂവ്മെന്റ്

By on

ബാബരി വിഷയത്തിലെ സുപ്രീം കോടതിവിധി നീതിനിഷേധവും വസ്തുതകളെ മുഖവിലക്കെടുക്കാത്ത പക്ഷവാദിത്വവുമാണ്. ഇന്ത്യയിലെ നിയമ-അധികാര സംവിധാനങ്ങൾക്കകത്തു ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന മുസ്‌ലിം വിരുദ്ധതയാണ് ബാബരി വിധിയിലൂടെ അനാവൃതമായിരിക്കുന്നത്. നിരവധി തവണ അവകാശങ്ങൾ നിഷേധിക്കപ്പെട്ടപ്പോഴും അസ്തിത്വം വെല്ലുവിളിക്കപ്പെട്ടപ്പോഴും ‘നീതിയുടെ പൊൻകിരണങ്ങളിൽ’ അന്തിമമായ വിശ്വാസം അർപ്പിച്ചവരാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹവും മുസ്‌ലിം സംഘടനകളും. എന്നാൽ അലഹബാദ് ഹൈ കോടതി വിധിയും ഇപ്പോൾ വന്ന സുപ്രീം കോടതി വിധിയും ഈ വിശ്വാസ്യതയെ പൂർണ്ണമായും തകർക്കുന്നതാണ്. പള്ളിക്കുള്ളിലെ വിഗ്രഹ പ്രതിഷ്ഠയും പള്ളി പൊളിച്ചതും നിയമലംഘനമാണെന്ന് വിധിന്യായത്തിൽ കോടതി നിരീക്ഷിക്കുന്നുണ്ടെങ്കിലും ആ നിയമലംഘനത്തെ കുറിച്ചും അതിന്മേലുള്ള നടപടികളെ കുറിച്ചും കോടതി മൗനം പാലിക്കുന്നു.

നിയമം നീതിയുടെ വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഉന്നത നീതിപീഠങ്ങൾ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന സമീപനങ്ങളല്ല സ്വീകരിക്കേണ്ടത്. വിധി പുനഃപരിശോധിക്കാൻ കോടതി സന്നദ്ധമാകണം. പ്രശ്നപരിഹാരാർത്ഥം നിയമപരമായി വാഗ്ദാനം ചെയ്യപ്പെട്ട 5 ഏക്കർ ഭൂമി ബന്ധപ്പെട്ട മുസ്ലിം കക്ഷികൾ നിരാകരിക്കണം. നിയമവാഴ്ചയുടെ സംവിധാനങ്ങൾക്കുള്ളിൽ കോടതിവിധികളെ മാനിക്കാൻ ബാധ്യതപ്പെട്ടിരിക്കെ തന്നെ ബാബരി പ്രശ്നത്തെ കേവല ഭൂമിപ്രശ്നമാക്കി ചുരുക്കിയ സുപ്രീം കോടതി വിധിയിലെ അനീതിയെ ശക്തിയുക്തം ഉന്നയിക്കുവാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ആഗ്രഹിക്കുന്നു.


Read More Related Articles