ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ ജയിൽമോചിതനാകുന്നു

By on

ഉത്തർപ്രദേശിലെ യുവ ദലിത് നേതാവും ഭീം ആർമി സ്ഥാപകനേതാവുമായ ചന്ദ്രശേഖർ ആസാദ് രാവൺ ജയിൽമോചിതനാകുന്നു. നവംബർ ഒന്നിന് മോചിതനാകേണ്ടിയിരുന്ന ചന്ദ്രശേഖറെ നേരത്തെ മോചിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഷഹാരൺപുരിൽ ദലിത് സമുദായത്തിനെതിരെയുണ്ടായ കലാപവുമായി ബനധപ്പെട്ടാണ് ചന്ദ്രശേഖറെ യോ​ഗി ആദിത്യനാഥ് സർക്കാർ ജയിലിൽ അടച്ചത്. ദേശ സുരക്ഷാ നിയമം ചാർത്തിയാണ് ചന്ദ്രശേഖറെ അറസ്റ്റ് ചെയ്തത്. ചന്ദ്രശേഖറുടെ മാതാവിന്റെ അവസ്ഥയും നിലവിലെ ‘സാഹചര്യവും’ പരി​ഗണിച്ചാണ് മോചിപ്പിക്കുന്നതെന്നാണ് ഉത്തർപ്രദേശ് സർക്കാർ പ്രസ്താവനയിൽ പറയുന്നത്.
തന്നെ ജയിലിൽ അടച്ച ബിജെപി സർക്കാർ‌ നടപടിയ്ക്കെതിരെ ചന്ദ്രശേഖർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.

2017 ഏപ്രിൽ 20 നാണ് ഷഹാരൺപുരിൽ കലാപമുണ്ടാകുന്നത്. ഡോക്ടർ അംബേദ്കറുടെ ജൻമദിനം ആഘോഷിച്ച ദലിത് സമുദായക്കാരെ താക്കൂർ രജ്പൂത് സമുദായക്കാർ ആക്രമിച്ചതോടെയാണ് കലാപത്തിന് തുടക്കം. മെയ് 5 ന് മഹാറാണാ പ്രതാപിന്റെ പ്രതിമയിൽ മാലചാർത്താൻ പ്രകടനമായെത്തിയ രജപൂത്കൾ ഷബ്ബീര്പുർ ​ഗ്രാമത്തിലെ ദലിത് കോളനിയിൽ അതിക്രമിച്ച് കടന്നതോടെ കലാപം രൂക്ഷമായി.

ജാതീയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഭീം ആർമി ദില്ലിയിലെ ജന്തർമന്തറിൽ മെയ് 9ന് നടത്തിയ പ്രതിഷേധപരിപാടിയിൽ ആയിരക്കണക്കിന് ദലിത് സമുദായക്കാർ പങ്കെടുത്തിരുന്നു. അതേ ദിവസം തന്നെ രൂപ്ഡി, കപൂർപുർ, ഇഘ്രി, ഉനാലി ​ഗ്രാമങ്ങളി‍ൽ നിന്നുള്ള 180 ഓളം ദലിത് കുടുംബങ്ങൾ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച് പ്രതിഷേധിച്ചതും വാർത്തയായിരുന്നു.


Read More Related Articles