പൗരത്വ (ഭേദഗതി) ബില്ലിൽ പ്രതിഷേധിച്ച് ഭൂപെൻ ഹസാരികെയുടെ ഭാരതരത്ന തിരിച്ചേൽപ്പിക്കുന്നുവെന്ന് മകൻ
പൗരത്വ (ഭേദഗതി) ബില്ലിനോട് പ്രതിഷേധിച്ച് ഗായകൻ ഭൂപൻ ഹസാരികെയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഭാരതരത്ന പുരസ്കാരം തിരിച്ചേൽപ്പിക്കുകയാണെന്ന് ഹസാരികെയുടെ മകൻ തേജ് ഹസാരികെ. ജീവിച്ചിരിക്കുമ്പോൾ നൽകേണ്ടിയിരുന്ന പുരസ്കാരം അദ്ദേഹത്തിന്റെ മരണശേഷമാണ് നൽകിയത് എന്നും തേജ് ഹസാരികെ പറഞ്ഞു. ഭൂപൻ ഹസാരികെയുടെ കുടുംബം പൂർണമായും തേജ് ഹസാരികെയുടെ ഈ തീരുമാനത്തോട് യോജിക്കുന്നില്ല.
ഈ മാസം ആദ്യം 2006ൽ നേടിയ പദ്മശ്രീ പുരസ്കാരം തിരിച്ചേൽപ്പിച്ച് മണിപ്പൂരി സംവിധായകൻ അരിബാം ശ്യാം ശർമ തിരിച്ചേൽപ്പിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയതോടെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമുയർന്നിരിക്കുകയാണ്.
വിദ്യാർത്ഥികളും സ്ത്രീകളും മുൻനിരയിൽ നിൽക്കുന്ന ജനകീയ സമരങ്ങളും ദിവസങ്ങൾ നീളുന്ന ബന്ദുകളും പ്രഖ്യാപിച്ച് പ്രത്യക്ഷ സമരത്തിലാണ് നോർത്ത് ഈസ്റ്റിലെ ജനങ്ങൾ. ഫെബ്രുവരി 9ന് ചില വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കരിങ്കൊടി കാണിച്ചാണ് അസമീസ് ജനങ്ങൾ പ്രതിഷേധമറിയിച്ചത്. മണിപ്പൂരിൽ പൗരത്വഭേദഗതി ബില്ലിനോടുള്ള പ്രതിഷേധമറിയിച്ച് തെരുവിലിറങ്ങിയ സ്ത്രീകൾക്ക് നേരെ സെെന്യത്തിന്‍റെ ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.