പുസ്തകം കൊണ്ടുനടക്കുന്നത് കുറ്റമെങ്കിൽ കേരളത്തിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ-ആർ കെ ബിജുരാജ്
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പര്യടന ദിവസം സംശയാസ്പദമായ സാഹചര്യം ആരോപിച്ച് ജോണലിസം വിദ്യാർത്ഥിനി ഷബാനയെ പിടികൂടുകയും നക്സൽ ദിനങ്ങൾ എന്ന പുസ്തകം കൈയ്യിൽ ഉണ്ടായിരുന്നതിന് കൽപ്പറ്റ പൊലീസ് ആറു മണിക്കൂറോളം കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്ത സംഭവത്തോട് നക്സൽ ദിനങ്ങൾ എന്ന പുസ്തകം എഴുതിയ ആർ കെ ബിജുരാജ് പ്രതികരിച്ചു. ഒരു പുസ്തകം കൈയ്യിൽ വയ്ക്കുന്നത് കുറ്റകരമാണെങ്കിൽ കേരളത്തിൽ അപ്രഖാപിത അടിയന്തിരാവസ്ഥയാണെന്ന് ബിജുരാജ് കീബോഡ് ജേണലിനോട് പറഞ്ഞു. ജനാധിപത്യ അവകാശങ്ങളെ മുഴുവൻ ഇല്ലാതാക്കിക്കൊണ്ട് അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെയും പോസ്റ്റർ പതിക്കുന്നതിന്റെയും ഒക്കെ പേരിൽ യുവാക്കളെ അറസ്റ്റ് ചെയ്യുന്നതും യുഎപിഎ ചുമത്തുന്നതും അടിയന്തരാവസ്ഥ തന്നെയാണ് എന്നും ബിജുരാജ് പറഞ്ഞു.
”ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ കേരളത്തിൽ സജീവമായി നിന്നിരുന്ന സംഘടനയെക്കുറിച്ച് പഠനം നടത്തി. അത് രഹസ്യമായിട്ടൊന്നുമല്ല, അതിവിടെ പരസ്യമായിരുന്നു. കേരളത്തിൽ ഒരു പുസ്തകം പിടിച്ചു നടക്കുന്നത് കുറ്റകരമാകുകയാണെങ്കിൽ കേരളത്തിൽ അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിൽ മാവോയുടെ പുസ്തകങ്ങൾ കെെവശം വെച്ചാൽ ആരെയും അതിന്റെ പേരിൽ കസ്റ്റഡിയിലെടുക്കാൻ കഴിയില്ല. കാരണം ഗാന്ധിയുടെ പുസ്തകം കെെവശം വെച്ചാൽ ഒരാൾ ഗാന്ധിയൻ ആകില്ലല്ലോ.
കേരളത്തിലെ ഒരു പ്രസ്ഥാനത്തിന്റെ ചരിത്രം ഒരു പത്രപ്രവർത്തകന് അന്വേഷിക്കാൻ കഴിയില്ലെങ്കിൽ അത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. അത് അറിയാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. സാംസ്കാരികതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ്, ഒരു പുസ്തകത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുക എന്നത്. കേരളത്തിലെ ജനങ്ങൾ വായിക്കുന്നത്, യുവാക്കൾ ഈ പുസ്തകം വായിക്കുന്നത്, പ്രസ്ഥാനത്തിന്റെ ചരിത്രം പഠിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ഈ പൊലീസ് ഭീകരത നാണക്കേടാണ്. ഞാൻ നക്സൽ ദിനങ്ങൾ എന്ന പുസ്തകം എഴുതിയത്. അത് പബ്ലിക് ഡൊമെയ്നിൽ ഉള്ള പുസ്തകമാണ്. ജനാധിപത്യ അവകാശങ്ങളെ മുഴുവൻ ഇല്ലാതാക്കിക്കൊണ്ട് ഭരണകൂടം അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെയും പോസ്റ്റർ പതിക്കുന്നതിന്റെയും ഒക്കെ പേരിൽ യുവാക്കളെ അറസ്റ്റ് ചെയ്യുന്നതും യുഎപിഎ ചുമത്തുന്നതും അടിയന്തരാവസ്ഥ തന്നെയാണ്”