ഹൈദരാബാദിലെ ബഹുജൻ ഇടത് സ്ഥാനാർത്ഥി ട്രാൻസ് വുമൺ ചന്ദ്രമുഖിയെ കാണാതായി; തട്ടിക്കൊണ്ടുപോയെന്ന് സൂചന
തെലങ്കാന നിയമസഭയിലേക്ക് ഗോഷമഹാല്‍ മണ്ഡലത്തില്‍ നിന്നുമുള്ള ബഹുജൻ ഇടത് സ്ഥാനാര്‍ത്ഥിയായ ട്രാൻസ് വുമൺ ചന്ദ്രമുഖി മുവ്വലയെ കാണാതായി. ഇന്ന് രാവിലെ മുതലാണ് ചന്ദ്രമുഖിയെ കാണാതായത്. ഇവരെ തട്ടിക്കൊണ്ട് പോയതാണെന്ന സൂചന തെലുഗു മാധ്യമങ്ങൾ നൽകുന്നുണ്ട്. ചന്ദ്രമുഖിയുടെ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹൈദരബാദിലെ ഗോഷമഹാൽ മണ്ഡലത്തിൽ നിന്നാണ് ചന്ദ്രമുഖി മത്സരിക്കുന്നത്. ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് മുവ്വലയെ കാണാതായത് സംബന്ധിച്ചുള്ള പരാതി നൽകിയിരിക്കുന്നത്. ബിജെപി നേതാവും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനുമായ ഗോഷമഹാൽ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ ടൈഗർ രാജാ സിംഗിനെതിരെയാണ് ചന്ദ്രമുഖി മത്സരിക്കുന്നത്. രണ്ട് അജ്ഞാതരായ രണ്ട് പേർ എത്തി ചന്ദ്രമുഖിയെ തട്ടിക്കൊണ്ട് പോയെന്നാണ് തെലുഗു മാധ്യമങ്ങളൾ റിപ്പോർട്ട് ചെയ്യുന്നത്.
തെലങ്കാന സംസ്ഥാനത്ത് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന ട്രാന്‍സ് വ്യക്തിയാണ് ചന്ദ്രമുഖി മുവ്വല. ഇന്നലെയാണ് ചന്ദ്രമുഖിയുടെ പ്രചാരണം ആരംഭിച്ചത്. സിപിഐഎം അടക്കമുള്ള ഇടത് പാര്‍ട്ടികളും ദലിത് ബഹുജന്‍ മുസ്ലിം സംഘടനകളും അടക്കം 28 കക്ഷികളാണ് ബഹുജന്‍ ഇടത് മുന്നണിയിലുള്ളത്.