
എച്ഐവി ബാധിതനാണെന്ന് പാർലമെന്‍റില്‍ വെളിപ്പെടുത്തി ലേബർ പാർട്ടി എംപി ലോയ്ഡ് റസ്സൽ
താൻ എച്ഐവി ബാധിതനാണെന്ന് ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തി ചരിത്രം കുറിച്ച് ലേബർ പാർട്ടി എംപി ലോയ്ഡ് റസ്സൽ-മോയ്ൽ. എച്ഐവി ബാധ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തുന്ന ആദ്യ പാർലമെന്റേറിയനും രണ്ടാമത്തെ എംപിയുമായി ലോയ്ഡ് റസ്സൽ മാറി. പാർലമെന്റിലെ ചർച്ചയ്ക്കിടെയാണ് താൻ എച്ഐവി ബാധിതനാണെന്ന കാര്യം ലോയ്ഡ് റസ്സൽ-മോയ്ൽ വെളിപ്പെടുത്തിയത്. 10 വർഷം മുമ്പ് തനിക്ക് 22 വയസുള്ളപ്പോഴാണ് എച്ഐവി ബാധിച്ചതെന്ന് റസ്സൽ വെളിപ്പെടുത്തി. താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ചികിത്സയുടെ ഫലമായി തനിക്ക് പൂർണ്ണായുസ് ജിവിതം സാധ്യമാണെന്നും റസ്സൽ പ്രസംഗത്തിൽ വ്യക്തമാക്കി. 2017 മുതൽ ബ്രൈറ്റൻ കെംപ്ടൗണിൽ നിന്നുള്ള എംപിയാണ് റസ്സൽ. ‘എച്ഐവി ബാധിതരായി ജീവിക്കുന്നവർക്ക് വേണ്ടി ഞാനിവിടെ പറയാനാഗ്രഹിക്കുന്നത്, നിങ്ങളുടെ രോഗാവസ്ഥയല്ല നിങ്ങളെ നിർണ്ണയിക്കുന്നത് എന്നാണ്’ റസ്സൽ പ്രസംഗത്തിൽ പറഞ്ഞു. ‘നാം ആഗ്രഹിക്കുന്നതെന്തും ആവാൻ നമുക്ക് കഴിയും. ഭയം കൊണ്ട് പരിശോധന നടത്താതിരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഭയത്തിൽ മരിക്കുന്നതിനേക്കാൾ നല്ലത് അറിവിൽ ജീവിക്കുന്നതാണ്’. ചികിത്സകൊണ്ട് പൂർണ്ണ ആരോഗ്യവാനായി ജീവിക്കാനും തന്റെ ലൈംഗിക പങ്കാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനും സാധ്യമാണെന്നും റസ്സൽ വ്യക്തമാക്കി.
‘ജനങ്ങൾക്ക് ആരോഗ്യ സേവനം ഉറപ്പാക്കുന്ന കാര്യത്തിൽ നമ്മുടെ രാജ്യം ഏറെ മുന്നിലാണെന്ന സന്ദേശമാണ് ഞാൻ നൽകാൻ ആഗ്രഹിക്കുന്നത്’ റസ്സലിന്റെ പ്രസംഗത്തോട് പ്രതികരിച്ച്കൊണ്ട് ലേബർ പാർട്ടി നേതാവ് ജെറമി കോർബൻ പറഞ്ഞു. ‘സമാനമായ സഹായം ഉറപ്പു വരുത്താൻ നമുക്ക് കഴിയും എന്ന് ലോകത്തെ മറ്റ് രാജ്യങ്ങളെയും ബോധ്യപ്പെടുത്താൻ നമുക്ക് ആവും. ലോകത്തെ മുഴുവൻ ജനങ്ങൾക്ക് വേണ്ടിയും മനുഷ്യാവകാശങ്ങളോടും ജനകീയ നീതിയോടും നമുക്ക് മനസുതുറന്ന് മുൻവിധികളെ ഉപേക്ഷിക്കേണ്ടതുണ്ടെന്നും കോർബൻ പറഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് റസ്സലിന്റെ വെളിപ്പെടുത്തലിനെ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് അംഗങ്ങൾ സ്വീകരിച്ചത്.