ഇൻസ്പെക്റ്റർ സുബോധ് സിം​ഗ് അടക്കം കൊല്ലപ്പെട്ട ബുലന്ദ്ഷഹർ കലാപക്കേസ്; പ്രതികൾക്ക് ജയ് ശ്രീരാം വിളികളോടെ സ്വീകരണം

By on

ഉത്തർപ്രേദശിലെ ബുലന്ദ്‌ഷഹറിൽ പശുവിന്‍റെ പേരിൽ കലാപം സൃഷ്ടിക്കുകയും അത് തടയാൻ ശ്രമിച്ച ഇൻസ്പെക്റ്റർ സുബോധ് കുമാർ സിം​ഗിനെ കൊലപ്പെടുത്തിയ സംഭവമടക്കം ഉണ്ടായ ബുലന്ദ്ഷഹർ കലാപക്കേസിലെ പ്രതികളായവർ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ ലഭിച്ചത് വീരോചിത സ്വീകരണം. ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ്, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് പൂമാലകൾ അണിയിച്ചാണ് പ്രതികളെ സ്വീകരിച്ചത്. കലാപത്തിന്‍റെ മുഖ്യ ആസൂത്രകനും ഭാരതീയ യുവമോർച്ചാ അം​ഗവുമായ ശിഖർ അ​ഗർവാൾ അടക്കം ആറുപേരാണ് ജാമ്യത്തിലിറങ്ങിയത്. ജീതു ഫൗജി, ഉപേന്ദ്ര സിം​ഗ് രാഘവ്, ഹേമു, സൗരവ്, രോഹിത് രാഘവ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.


കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ബുലന്ദ്ഷഹറിനടുത്തുള്ള മഹർ ​ഗ്രാമത്തിൽ പശുക്കളുടെ ശവം കണ്ടതോടെയാണ് കലാപം തുടങ്ങിയത്. ഹിന്ദുത്വ സംഘടനകളില്‍പ്പെട്ട 400 ലധികം ആളുകളാണ് അക്രമം അഴിച്ചുവിട്ടത്. കലാപം തടയാനെത്തിയ ഇൻസ്പെക്റ്റർ സുബോധ് സിം​ഗും മറ്റൊരാളും കൊല്ലപ്പെട്ടു. സുബോധ് സിം​ഗിനെ വെടിവെച്ചും കല്ലെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. സൈനികനായിരുന്ന ജിതേന്ദ്ര മല്ലിക്കാണ് സുബോധ് സിം​ഗ് കൊലക്കേസിലെ മുഖ്യ പ്രതി. സുബോധ് സിം​ഗ് അഴിമതിക്കാരനാണെന്നും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും കാട്ടി വിഡിയോ പുറത്തു വിട്ടിരുന്നു ബുലന്ദ്ഷഹർ കലാപക്കേസ് മുഖ്യപ്രതി ശിഖർ അ​ഗർവാൾ. പശുമാംസം വീട്ടില്‍ സൂക്ഷിച്ചു എന്ന് ആരോപിച്ച് സംഘപരിവാര്‍ ജനക്കൂട്ടം 2015 ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്ന സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു സുബോധ് കുമാര്‍ സിംഗ്.


Read More Related Articles