“ഞങ്ങളുടെ എഡിറ്റർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, അദ്ദേഹത്തെ കണ്ടെത്താൻ ഞങ്ങളെ സഹായിക്കുമോ?”; ടീം കശ്മീരിയത്

By on

“ഞങ്ങളുടെ എഡിറ്റർ ഖ്വാസി ഷിബ്ലി 2019 ജൂലെെ 25ന് അറസ്റ്റ് ചെയ്യപ്പെട്ടു. ജൂലെെ 25ന് ദ കശ്മീരിയത് ടീമിന് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു ഫോൺ കോൾ വന്നു, എന്തോ ഒരു ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കോൾ. അന്നേ ദിവസം മറ്റെല്ലാവരെയും തിരിച്ചയച്ചെങ്കിലും ഖ്വാസി ഷിബ്ലിയോട് കൂടുതൽ ചോ​ദ്യം ചെയ്യലിനായി സ്റ്റേഷനിൽ തന്നെ നിൽക്കാൻ ആവശ്യപ്പെട്ടു. പിന്നീട് കുറഞ്ഞത് ഏഴോ എട്ടോ ദിവസങ്ങൾ ഖ്വാസി ഷിബ്ലി തടവിൽ കഴിഞ്ഞു. ഷിബ്ലിയെ തടവിലാക്കിയിരിക്കുന്നതിന്റെ കാരണം അറിയാൻ ദ കശ്മീരിയത് പല തവണ ശ്രമിച്ചു, പക്ഷേ ഞങ്ങൾക്ക് അതിന് ഉത്തരം കിട്ടിയില്ല. ഒടുവിൽ, ഷിബ്ലിയെ ഓ​ഗസ്റ്റ് അഞ്ചോടെ റിലീസ് ചെയ്യുമെന്ന് പൊലീസ് ഷിബ്ലിയുടെ കുടുംബത്തെ അറിയിച്ചു.
“ഷിബ്ലിക്ക് ഉച്ചഭക്ഷണം നൽകാൻ ജയിലിൽ എത്തിയ എന്നെ പുറത്തുനിന്നും വെള്ളം കൊണ്ടുവരാൻ ഷിബ്ലി പറഞ്ഞയച്ചു. ഞാൻ ബോട്ടിലുമായി തിരിച്ചുചെന്നപ്പോൾ ഷിബ്ലിയെ അവിടെ കണ്ടില്ല. ഞാൻ പൊലീസുകാരനോട് ചോദിച്ചു, അയാൾ പറഞ്ഞത് എന്റെ സഹോദരനെ സദ്ദാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി എന്നാണ്. ഞാൻ അവനെ കാണാൻ സദ്ദാർ പൊലീസ് സ്റ്റേഷനിൽ പോയി, പക്ഷേ അവൻ അവിടെയും ഉണ്ടായിരുന്നില്ല.” ഖ്വാസി ഷിബ്ലിയുടെ സഹോദരൻ പറയുന്നു.

അന്നു മുതൽ തന്നെ ദ കശ്മീരിയത് ടീമും ഷിബ്ലിയുടെ കുടുംബവും ഷിബ്ലിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും കൃത്യമായ ഒരു വിവരവുംഇനിയും ലഭ്യമായിട്ടില്ല. അവന്റെ കയ്യിൽ പണമോ ആവശ്യത്തിന് വസ്ത്രങ്ങളോ ഇല്ല. പൊലീസ് സ്റ്റേഷന് അകത്ത് പോകാൻ തന്നെ നമ്മളെ സമ്മതിക്കുകയുമില്ല. ഷിബ്ലിയുടെ സഹോദരൻ ഖ്വാസി ഉമെെർ ഫെയ്സ്ബുക്കിലെഴുതി, “അവനെ ആ​ഗ്രയിലേക്ക് മാറ്റി എന്നാണ് ആളുകൾ പറയുന്നത്. മാറ്റുന്നതിന് മുമ്പ് കുടുംബാം​ഗങ്ങളെ അറിയിച്ചിട്ടില്ലാത്തതിനാൽ അവന്റെ കയ്യിൽ പണമോ വസ്ത്രങ്ങളോ ഇല്ല. കഴിഞ്ഞ മൂന്ന് ആഴ്ചകളായി അവൻ എവിടെയാണെന്ന് കണ്ടുപിടിക്കാൻ ഞാൻ ശ്രമിക്കുന്നു, പക്ഷേ എന്റെ ശ്രമങ്ങളെല്ലാം വെറുതെയാകുകയാണ്. ഇന്നലെ ഞാൻ ആ​ഗ്ര പൊലീസ് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചു. പക്ഷേ അവനെപ്പറ്റി ഒന്നും അറിയില്ലെന്നാണ് അവിടെനിന്ന് കിട്ടിയ മറുപടി. എന്റെ സഹോദരൻ എവിടെയാണ് എന്നതിനെക്കുറിച്ചും അവന്റെ സുരക്ഷയെക്കുറിച്ചും എനിക്ക് വലിയ ആശങ്കയുണ്ട്.”

സാധ്യമെങ്കിൽ എന്തെങ്കിലും വിവരം ഞങ്ങളെ അറിയിക്കണം എന്ന് നിങ്ങളോട് ഓരോരുത്തരോടും അപേക്ഷിക്കുകയാണ്.”

ദ കശ്മീരിയത് വെബ്സെെറ്റില്‍ പ്രസിദ്ധീകരിച്ചത്.


Read More Related Articles