സിബിഐ ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; അലോക് വര്‍മയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും

By on

സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് രാജ്യത്തെ സിബിഐ ഓഫീസുകള്‍ക്കു മുന്നില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. സിബിഐയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്ന നടപടിയില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപെട്ടു. ഡല്‍ഹിയില്‍ സിജിഒ കോംപ്ലക്‌സിലുള്ള സിബിഐ ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി പ്രതിഷേധത്തിന് നേതൃത്വം വഹിക്കും. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സിബിഐ മേധാവിയെ സ്ഥാനത്തുനിന്നു നീക്കിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെയായിരിക്കും പ്രതിഷേധമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിബിഐ മുൻ മേധാവി അലോക് വര്‍മ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതിക്കാണ്. അത് ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്ന് അലോക് വര്‍മയുടെ ഹര്‍ജിയില്‍ പറയുന്നു. സിബിഐ തലപ്പത്തെ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി ആരോപണങ്ങളെ കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൻ നൽകിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.


Read More Related Articles