ലൈംഗികാതിക്രമം; 48 ജീവനക്കാരെ ഗൂഗിൾ പുറത്താക്കി

By on

ലൈംഗികാതിക്രമ പരാതികളെത്തുടർന്ന് ഗൂഗിൾ പുറത്താക്കിയത് 13 മുതിർന്ന ഉദ്യോഗസ്ഥർ അടക്കം 48 ജീവനക്കാരെയാണെന്ന് ഗൂഗിൾ സി.ഇ.ഓ. സുന്ദർ പിച്ചൈ. സ്​ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും അപമര്യാദയായി പെരുമാറുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന്​ ജീവനക്കാർക്കയച്ച കത്തിൽ സുന്ദർ പിച്ചൈ പറയുന്നു.

ലഭിക്കുന്ന പരാതികൾ കൃത്യമായി അന്വേഷിക്കുകയും സൂക്ഷ്​മ പരിശോധനക്ക്​ വിധേയമാക്കി ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. തൊഴിലാളികൾക്ക്​ സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്​ചയുണ്ടാവില്ലെന്നും അദ്ദേഹം ജീവനക്കാർക്ക്​ ഉറപ്പു നൽകി.

2004ൽ ലൈംഗികാതിക്രമ പരാതിയെ തുടർന്ന്​ ഗൂഗിളിൽ നിന്ന്​ പുറത്താക്കിയ ആൻഡ്രോയ്​ഡ്​ ഉപജ്ഞാതാവായ ആൻഡി റൂബന്​ 90 മില്ല്യൺ ഡോളർ നഷ്​ടപരിഹാരം നൽകിയെന്ന്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. നഷ്​ടപരിഹാരം നൽകിയ സമാനമായ മറ്റു രണ്ട്​ സംഭവങ്ങളും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ്​ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഗൂഗിൾ നിലപാട് വ്യക്തമാക്കിയത്. ന്യൂയോർക്ക് ടൈംസിന്‍റെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഗൂഗിളിന്‍റെ  മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വിപണി മൂല്യത്തില്‍ മൂന്ന് ശതമാനംവരെ ഇടിവ് സംഭവിച്ചു.


Read More Related Articles