സിബിഐ ആസ്ഥാനത്തേക്ക് മാർച്ച്; രാഹുൽഗാന്ധി അറസ്റ്റിൽ

By on

സി.ബി.ഐ ഡയറക്ടര്‍ അലോക് വർമ്മയെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അറസ്റ്റിൽ. ഡൽഹിയിലെ സി.ബി.ഐ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ഇത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെ ലോദി റോഡ് പൊലീസ് സ്റ്റേഷനിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ അഴിമതി മൂടിവയ്ക്കാനാണ് സിബിഐ ഡയറക്ടറെ മാറ്റിയതെന്നും റാഫേൽ ഇടപാടിൽ അന്വേഷണം പ്രധാനമന്ത്രിയ്ക്ക് നേരെ വരുന്നത് തടയുകയുമാണ് അലോക് വർമ്മയെ മാറ്റിയതിന് പിന്നിലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യവ്യാപകമായി സിബിഐ ഓഫീസുകളിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

രാജ്യത്തിന്റെ ‘കാവല്‍ക്കാരനെ’ മോഷണം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കന്മാരായ അശോക് ഗെഹ്‌ലോട്ട്‌, അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, വീരപ്പ മൊയ്‌ലി, ആനന്ദ് ശര്‍മ എന്നിവരെ കൂടാതെ മാര്‍ച്ചില്‍ ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും പങ്കെടുത്തിരുന്നു.


Read More Related Articles