അസീമിന്‍റേത് വിദ്വേഷ കൊലപാതകമാവുന്നത് എന്തുകൊണ്ട്? നഹാസ് മാള
മൃദുല ഭവാനി/ നഹാസ് മാള
ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ മോബ് ലിഞ്ചിങ് എന്ന് വിളിക്കരുത് എന്നൊരു നരേറ്റീവ് ഇവിടെ ഉണ്ട്. ഇന്നലെ 10, 13, 16,17 വയസ്സുള്ള നാല് കുട്ടികളാണ് തൊട്ടപ്പുറത്തെ കോളനിയിൽ നിന്ന് കളിച്ചുകൊണ്ടിരിക്കുന്ന മൂന്ന് കുട്ടികളെ ആക്രമിക്കാൻ വന്നത്. അത് കുട്ടികൾ തമ്മിലുള്ള കശപിശയാണ് അത് വേറൊന്നുമല്ല എന്നാണ് പറയുന്നത്. അത് ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ ഒക്കെ അഭിപ്രായമാണ്. മുസ്ലീങ്ങൾക്ക് മേൽ നടക്കുന്നത് ഹെയ്റ്റ് ക്രെെം ആണോ മോബ് ലിഞ്ചിങ് ആണോ എന്നൊക്കെ അവരാണ് തീരുമാനിക്കുക. അതിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. മുസ്ലീമിന് ഒരു മോബ് തന്നെ വേണമെന്നില്ല. ഒരാളെ മറ്റൊരാൾ കൊന്നാലും അത് ഇവിടുത്തെ പൊതുബോധത്തിൽ അംഗീകരിക്കപ്പെടുകയാണ്. അതിന്റെ പിന്നാലെ അധികം പോകണ്ട അധികം പോയാലും ലാഭം ആർഎസ്എസിനാണ് എന്ന് ഇവർ പറയുന്നു, ആർഎസ്എസിന് നേട്ടമുണ്ടാക്കിക്കൊടുക്കരുത് എന്നും പറയുന്നു. ആർഎസ്എസിന് ഇതിൽ കൂടുതൽ എന്ത് നേട്ടമുണ്ടാകാനാണ് എന്നത് വേറൊരു കാര്യമാണ്. അതൊരു പ്രശ്നമായിട്ടാണ് തോന്നുന്നത്. കോൺഗ്രസ്കാരാണെങ്കിലും ഇവിടത്തെ എ എ പിക്കാരാണെങ്കിലും, എ എ പിയുടെ എംഎൽഎമാരും എംപിമാരും ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തില്ല. പറഞ്ഞാൽ ബിജെപി ശക്തിപ്പെടുമെന്നാണ്. പറഞ്ഞാൽ ബിജെപി ശക്തിപ്പെടും പറഞ്ഞില്ലെങ്കിലും ബിജെപി ശക്തിപ്പെടാത്ത പ്രശ്നമൊന്നുമില്ല. ബിജെപി ശക്തമാണ്. കോൺഗ്രസിന് വോട്ട് കൊടുക്കണം എന്ന തിയറിയുണ്ടല്ലോ. കോൺഗ്രസിന് വോട്ട് കൊടുത്താലും ബിജെപി വരും. കോൺഗ്രസ് വന്നാലും കോൺഗ്രസിന് തന്നെ വോട്ട് കൊടുക്കണം കാരണം ബിജെപി വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ കൊടുക്കണം. ഇവിടത്തെ സെക്കുലറിസം എന്ന സങ്കൽപം, ഇവിടുത്തെ മറ്റേത് സങ്കൽപമാണെങ്കിലും മുസ്ലീമിനെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടാണ്. മുസ്ലീം വേഴ്സസ് ഹിന്ദു അല്ല മുസ്ലീം വേഴ്സസ് അതേഴ്സ് എന്നൊരു കാഴ്ചയാണ് ഇവിടുത്തെ ആക്ടിവിസ്റ്റുകൾക്ക് പോലും ഉള്ളതെന്ന് തോന്നുന്നു. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയത എന്ന് പറയുന്നത് ഒന്നാണെന്ന് പറയുകയും ഉപയോഗിക്കുകയും ചെയ്യുന്നു. കുറേപ്പേർ ചോദിക്കുന്നു എന്തിനാണ് നിങ്ങൾ ഇതിനെ കമ്മ്യൂണൽ ആക്കുന്നത് എന്ന്.
ആ പ്രദേശത്ത് ഈ മദ്രസയുടെയും പള്ളിയുടെയും സ്ഥലം കയ്യടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് അവിടത്തെ പ്രദേശവാസികൾ. ഈ അക്രമികളായ കുട്ടികളെ പിടിച്ച ശേഷവും ആ പ്രദേശവാസികളായ ആളുകൾ സംഘം ചേർന്ന് വന്ന് അവരെ മോചിപ്പിച്ച് കൊണ്ടുപോകുകയാണ് ചെയ്തത്. ഇന്നലെ രാത്രി ഒമ്പത് മണിവരെയും പൊലീസ് കേസെടുത്തിരുന്നില്ല. കുട്ടികൾ തമ്മിലുള്ള കശപിശയാണ് എന്നൊക്കെ പറഞ്ഞ് അതിനെ മാറ്റാനാണ് ശ്രമിച്ചത്. അവിടത്തെ സിസിറ്റിവി ഫൂട്ടേജ് ഉണ്ടായിരുന്നു സ്ഥാപനത്തിലെ ക്യാമറയിൽ, അതിൽ വളരെ വ്യക്തമായത് കൊണ്ടാണ് പൊലീസ് കേസെടുത്തത്. കുട്ടികൾ അങ്ങോട്ട് കയറിവരിക, നിസ്കരിക്കുമ്പോൾ അതിനിടയിലേക്ക് മദ്യക്കുപ്പി വലിച്ചെറിയുക, അതുപോലെ ജുമുഅ സമയത്ത് പടക്കം പൊട്ടിക്കുക, ദസറ ദിവസം രാവണ ദഹനം ഈ മസ്ജിദ് കോംപൗണ്ടിൽ വെച്ച് നടത്തുക…കഴിഞ്ഞയാഴ്ച ഈ വർഷത്തെ രാവണദഹനം നടത്തിയത് പള്ളിവളപ്പിലാണ്. ഈ സ്ഥാപനത്തിലെ മുസ്ലീങ്ങൾ പറയുന്നത് ഇങ്ങനെയാണ്, നമ്മുടെ സഹോദരങ്ങളാണ് അവർ ശരിയായിക്കോളും, അവരോട് നല്ലരീതിയിൽ പെരുമാറേണ്ടത് നമ്മുടെ ചുമതലയാണ്. ഇസ്ലാം പഠിപ്പിച്ച പാഠങ്ങൾ എന്ന നിലയിൽ അവർ നിൽക്കുന്നു. മറുഭാഗത്ത് അങ്ങനെ പാഠമൊന്നും ഇല്ലാത്തത് കൊണ്ട് ഇവർ പെർസീവിങ് എൻഡ് മാത്രം ആയിപ്പോകുന്നു.
വാൽമീകി സമുദായത്തിൽ പെട്ടവരാണ് കൊല നടത്തിയത്. ദളിത് എന്നത് ഇവിടെ ദളിതരെ രാഷ്ട്രീയമായി മനസ്സിലാക്കി അവരോട് രാഷ്ട്രീയമായി എെക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ ഉപയോഗിക്കുന്ന പദമാണല്ലോ, ദളിത് ആയി സ്വയം മനസ്സിലാക്കാത്ത ആളുകൾ സ്വയം ഹിന്ദുത്വ ശക്തികൾക്ക് ആയുധമായി മാറുകയാണ് ചെയ്യുന്നത്. ആ രാഷ്ട്രീയത്തിന്‍റെ അസേർഷൻ. ഗുജറാത്തിൽ സംഭവിച്ചത് അതാണ്. ഡൽഹിയിൽ സംഭവിച്ചത് അതാണ്. മുസഫർനഗറിൽ സംഭവിച്ചത് അതാണ്. ഇപ്പോൾ നടക്കുന്നത് ഡൽഹി സംഭവം വലിയ പ്രശ്നമാക്കരുത് എന്നാണ് പലരും ആവശ്യപ്പെടുന്നത്. ഇന്നലെ പ്രസന്ന എന്ന് പേരുള്ള ഒരു സ്ത്രീ വന്ന് പറഞ്ഞത് ഞങ്ങൾ ഒരെണ്ണത്തിനെ കൊന്നു ഇനി ബാക്കിയുള്ളതിനെയും കൊല്ലും എന്ന് ആ പ്രദേശത്തെ ഒരു സ്ത്രീ പ്രഖ്യാപിച്ചു. മദ്രസയുടെ മുന്നിൽ വന്ന് നിന്നിട്ട് ഉറക്കെ വിളിച്ചുപറഞ്ഞിട്ട് പോയി. ഇത് വളരെ ഭീകരമായൊരു അവസ്ഥയാണ്.
അഫ്രാസുൽ ഖാനെ ജീവനോടെ ചുട്ടെരിച്ചു, അത് മോബ് ലിഞ്ചിങ് അല്ല മറിച്ച് മുസ്ലീമിനെ ഇല്ലാതാക്കുന്നതോട്കൂടിയുള്ള സ്വീകാര്യത ഉറപ്പുവരുത്താനാണ് ഒരാൾ അത് ചെയ്യുന്നത്. അങ്ങനെയൊരു മോബ് ഉണ്ടോ.?ഏറ്റവും കുടുതൽ മുസ്ലിങ്ങളെ കൊന്നയാൾ പ്രധാനമന്ത്രിയും മുസ്ലീം സ്ത്രീകളെ ഖബറിൽ നിന്നെടുത്ത് ബലാത്സംഗം ചെയ്യണം എന്ന് പറയുന്നയാൾ മുഖ്യമന്ത്രിയും ഒക്കെയാകുന്ന നാട്ടിൽ…
ഈ കുട്ടിയുടെ രണ്ട് സഹോദരങ്ങൾ അവിടെ പഠിക്കുന്നുണ്ട്. മൂന്ന് ആൺകുട്ടികളാണ്. അവരുടെ മാനസികാവസ്ഥ ഒന്നാലോചിച്ച് നോക്കൂ. ഒരു കുട്ടി മരിക്കുകയല്ലേ ചെയ്തത്? ഈ മദ്രസയുടെയും മസ്ജിദിന്‍റെയും സ്ഥലം കയ്യടക്കാൻ ആഗ്രഹമുള്ളവർ ആ പ്രദേശത്തുണ്ട്. ഇവർ ഒഴിഞ്ഞുപോകണം എന്നുള്ളത് ആ പ്രദേശവാസികളുടെ താൽപര്യമാണ്. മദ്രസയിലുള്ള ആളുകൾ ഒഴിഞ്ഞുപോയാൽ അത്രയും തീവ്രവാദികൾ ഒഴിഞ്ഞുപോയി എന്നാണല്ലോ നമ്മുടെ സെക്യുലറിസത്തിന്‍റെ ബോധം. പിന്നെ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ എന്തിനാണ് പള്ളി എന്ന് സുപ്രീം കോടതി പോലുമാണ് ചോദിക്കുന്നത്.
ദാദ്രിയിൽ അഖ്ലാഖ് കൊല്ലപ്പെട്ടു എന്ന് മാത്രമേ നമ്മൾ പറയുന്നുള്ളൂ. എന്നാൽ അവിടെയുള്ള ഏകദേശം ഇരുപത്തൊന്നോളം മുസ്ലീം വീടുകളിൽ നിന്ന് പലായനം സംഭവിച്ച് കഴിഞ്ഞു. ആ വീടുകൾ അടച്ചുപൂട്ടപ്പെട്ട് കിടക്കുകയാണ്. ഒരു സംഭവം, അതിന്‍റെ ഡെൻസിറ്റി വളരെ കൂടുതൽ. അതിന്‍റെ വോള്യം വളരെകൂടുതൽ. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിന്‍റെ മാത്രം പ്രശ്നമല്ല. മറിച്ച് അദ്ദേഹത്തിന്‍റെ സഹോദരൻ ജാൻ മുഹമ്മദും മകൻ സർതാജും ഒക്കെ വേറെ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്. അവിടെ നിന്ന് മൊത്തത്തിൽ അവർ പലായനം ചെയ്തു. മുസ്ലീം സംഘടനകളുടെ ഏറ്റവും ദുർബലമായ പ്രശ്നം മുസ്ലീം സംഘടനകൾ ചാരിറ്റിയിലാണ് വിശ്വസിക്കുന്നത് എന്നാണ്. ഇവരെ പുനരധിവസിപ്പിക്കൽ മാത്രമല്ലല്ലോ… നീതിയുടെ ചോദ്യമില്ലാതെ ചാരിറ്റി പറഞ്ഞുകൊണ്ട് നിന്നാൽ അടുത്ത സ്ഥലത്ത് അവർ കലാപമുണ്ടാക്കുമ്പോൾ അടുത്ത സ്ഥലത്ത് വീടുണ്ടാക്കിക്കൊടുക്കും. അസേർഷൻ ഉണ്ടല്ലോ, ഈ സ്വത്വത്തിന്‍റെ പേരിലാണ് കൊല ചെയ്യപ്പെടുന്നത് എന്ന ബോധമെങ്കിലും മുസ്ലീങ്ങൾക്ക് വേണം.
ആസാമിൽ സംഭവിക്കുന്നത് അതാണ്. ആസാമിൽ കഴിഞ്ഞ ഒരു മാസത്തിൽ ഒമ്പതോളം പേർ ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്തത് എൻആർസിയുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത ആളുകൾ. ഇതിൽ നമുക്ക് ഒന്നും പരിഹരിക്കാൻ കഴിയില്ല മറിച്ച് 139 കോടി വരുന്ന ഈയൊരു ജനത, ഇവിടെ വ്യക്തികളുടെ പ്രശ്നം എന്ന് പറഞ്ഞ് ഒന്നും പരിഹരിക്കാനില്ല എന്നാൽ മുസ്ലീങ്ങൾക്ക് മാത്രമാണോ പ്രശ്നങ്ങൾ എന്ന് ചോദിച്ചാൽ മുസ്ലീങ്ങൾക്ക് മാത്രമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ എല്ലാവർക്കുമുണ്ട് ഇവിടെ. വിദ്യാഭ്യാസത്തിന്റെ പ്രശ്നം മുതൽ തൊഴിലില്ലായ്മ, പട്ടിണിമരണങ്ങൾ, പോഷകാഹാരക്കുറവിന്‍റെ പ്രശ്നം എല്ലാവർക്കുമുണ്ട്. പണ്ട് ദേശീയപ്രസ്ഥാനത്തെ നിലനിർത്താൻ മുസ്ലീം വിരുദ്ധതയെ പാകിസ്ഥാനിലൂടെ അവതരിപ്പിച്ചപ്പോൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആഭ്യന്തരശത്രു മുസ്ലീമാണ്. പൂർവ്വ സ്വാതന്ത്ര്യകാലത്ത് അത് പാകിസ്ഥാൻ മൂവ്മെന്‍റും മുസ്ലീം ലീഗും ഒക്കെ ആയിരിക്കും.
അല്ലെങ്കിൽ പിന്നെ നല്ലൊരു മുസ്ലീം ആവണം. നല്ലൊരു മുസ്ലീം ആയാൽ, കൂടിവന്നാൽ ആകാൻ പറ്റുക ഗുലാംനബി ആസാദ് ആണ്. ഇന്ത്യയിൽ. അയാൾ പോലും പറയുന്നത് എന്നെ ഹിന്ദു സുഹൃത്തുക്കൾ പരിപാടിയിലേക്ക് വിളിക്കുന്നില്ല എന്നാണ്, വിളിച്ചാൽ അവർക്ക് പേടിയാണ്. ഫാസിസത്തിന്‍റെ ആൾക്കൂട്ട മനശാസ്ത്രം എന്ന വിൽഹം റീഹിന്‍റെ പുസ്തകത്തിൽ അദ്ദേഹം പറയുന്നത് വെറുതെയൊരു കൂട്ടർ അങ്ങനെ ഇല്ല എന്നാണ്. നമ്മുടെ മനസ്സിലൊക്കെ കള്ളുകുടിയനെ കണ്ടാൽ ചോദ്യം ചെയ്യണം എന്നൊക്കെയുള്ള ബോധമുണ്ടല്ലോഅതുപോലുമല്ല മുസ്ലീമിന്‍റെ വിഷയത്തിലുള്ളത്, ഞാനിവിടത്തെ പൗരനാണ് എന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് ഒരു മുസ്ലീമിനെ ചോദ്യം ചെയ്യുമ്പോഴുള്ളത്.
(എസ്ഐഒ ദേശീയ അധ്യക്ഷനാണ് നഹാസ് മാള)