“പൗരത്വ ഭേദഗതിക്കെതിരെ എല്ലാവരും തെരുവിലിറങ്ങണം”; ജമാ മസ്ജിദിൽ നിന്ന് അറസ്റ്റ് വരിച്ച് രാവൺ
ദില്ലി ജമാ മസ്ജിദിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമൊപ്പം സമരം തുടരുകയായിരുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റ് വരിച്ചു. പുലർച്ചെ രണ്ട് മണിയോടെ ജമാ മസ്ജിദിന് ചുറ്റുമുള്ള തെരുവുകളിൽ നിന്നും പ്രതിഷേധക്കാരെ ഒഴിപ്പിച്ച് മസ്ജിദ് വളഞ്ഞ പൊലീസ് നടപടി കണക്കിലെടുത്താണ് ചന്ദ്രശേഖർ ആസാദ് അറസ്റ്റ് വരിച്ചത്.
മുസ്ലിങ്ങൾക്കെതിരെ പൊലീസ് ഏതറ്റം വരെയും പോകുമെന്നും ജാമിഅ മില്ലിയ ഇസ്ലാമിയയിൽ വിദ്യാർത്ഥികളുടെ സമരത്തോടൊപ്പം വീണ്ടും എത്തിച്ചേരുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്‍ഞു.
ഇത് വലിയൊരു പോരാട്ടമാണ്. ഇത് മുസ്ലിങ്ങളുടെ മാത്രം പോരാട്ടമല്ല, എല്ലാവരുടെയും പോരാട്ടമാണ്. ഞാൻ അറസ്റ്റ് വരിക്കുകയാണ്. ഈ ബിൽ സർക്കാർ പിൻവലിക്കണം. ഞാനീ രാജ്യത്തെ എല്ലാവരോടുമായി പറയുകയാണ്, പൗരത്വ ഭേദഗതിക്കും എൻആർസിക്കുമെതിരെ നിങ്ങൾ തെരുവിലിറങ്ങണം. മുസ്ലിങ്ങൾക്കു വേണ്ടി ജീവത്യാഗം ചെയ്യാനും ചന്ദ്രശേഖർ തയ്യാറാണ്. പോരാട്ടം തുടരണമെന്നും ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്തു.