“നിങ്ങളാണ് വൈറസ് പടര്‍ത്തുന്നത്”; കര്‍ണാടകയിലെ മുസ്ലിം ചേരികളില്‍ റേഷന്‍ വിതരണം ചെയ്ത മുസ്ലിം യുവാക്കള്‍ക്ക് നേരെ വംശീയ ആക്രമണം

By on

ബംഗളൂരു അമൃതഹള്ളിയില്‍ മുസ്ലിം ചേരികളില്‍ റേഷന്‍ വിതരണം ചെയ്യുകയായിരുന്ന സന്നദ്ധ പ്രവര്‍ത്തകരായ മുസ്ലിം യുവാക്കള്‍ക്ക് നേരെ വംശീയ ആക്രമണം. “നിങ്ങള്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരാണ്, നിങ്ങളാണ് വൈറസ് പടര്‍ത്തുന്നത്” എന്നും പറഞ്ഞുകൊണ്ടാണ് ഹിന്ദു യുവാക്കളടക്കം അഞ്ചുപേരടങ്ങുന്ന സംഘത്തെ ഹിന്ദു ഭീകരവാദികള്‍ ആക്രമിച്ചത്.

സ്വരാജ് അഭിയാന്‍ എന്ന സംഘടനയുടെ ബംഗളൂരു ജില്ലാ സെക്രട്ടറി ഇരുപത്തിമൂന്നുകാരനായ സയ്യിദ് തബ്രേസ്, കിരണ്‍, ജുനൈദ്, റിയാസ്, ഫിറോസ്, അംജദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബംഗളൂരുവിലെ ദസറഹള്ളി മുസ്ലിം ചേരിയില്‍ ആറാം തീയ്യതി വെെകുന്നേരത്തോടെയാണ് സംഭവം നടന്നത്. തബ്രേസിന് കയ്യിലും തലയിലും പരിക്കേറ്റിട്ടുണ്ട്.

പതിനഞ്ചിലേറെ പേരടങ്ങുന്ന സംഘമാണ് ഇവരെ ക്രിക്കറ്റ് ബാറ്റുകള്‍ കൊണ്ട് തല്ലിയത്. അക്രമം നടക്കുമ്പോള്‍ തബ്രേസിന്റെ ഉമ്മയും സ്ഥലത്തുണ്ടായിരുന്നു, “മുസ്ലിങ്ങള്‍ റേഷനില്‍ വിഷം കലര്‍ത്തിയാണ് വിതരണം ചെയ്യുന്നത്, നിങ്ങളിവിടെ ഭക്ഷണം വിതരണം ചെയ്യരുത്, നിങ്ങള്‍ ഇവിടം വിട്ട് പോകണം” എന്നാണ് അക്രമികള്‍ പറഞ്ഞത് എന്ന് ഇവര്‍ പറയുന്നു. ഷാംപൂരിലെ ഡോ.അംബേദ്കര്‍ മെഡിക്കല്‍ കൊളേജില്‍ ഇവരെ പ്രവേശിപ്പിച്ചു.

ഏപ്രില്‍ നാലിന് ഇതേ സ്ഥലത്ത് റേഷന്‍ വിതരണം ചെയ്തുകൊണ്ടിരിക്കെ ആര്‍എസ്എസ് ഭീകരവാദികള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇവര്‍ അമൃതഹള്ളി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി പരിഗണിക്കാമെന്ന് പൊലീസ് ഇവര്‍ക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. ഏപ്രില്‍ ആറിന് രാവിലെ ചേരിയില്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ട് എന്നും ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു.

കലാപ ശ്രമം, നിയമവിരുദ്ധമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തി, ജഗദീഷ്, കാര്‍ത്തിക്, രഘു എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഇവര്‍ക്ക് ഒരു സംഘടനകളുമായും ബന്ധമില്ലെന്നും ബംഗളൂരു സിറ്റി ഡിഎസ്പി ഭീം ശങ്കര്‍ ഗുലേദ് പറഞ്ഞു.

Inputs from journalist Sudipto Mondal


Read More Related Articles