ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ യുഎപിഎ ചുമത്തി ഇടതുപക്ഷം ദേശവിരുദ്ധരാക്കുന്നു; ഫ്രറ്റേണിറ്റി മൂവ്മെൻറ്
സംസ്ഥാന സർക്കാറിന്റെ അനീതികളെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരാക്കുന്ന സംഘപരിവാർ സമീപനമാണ് പിണറായി വിജയന്‍ സർക്കാറും സ്വീകരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്. അഗളിയിൽ നടന്ന മാവോ വേട്ടയ്ക്കെതിരെ കോഴിക്കോട് ലഘുലേഖ വിതരണം ചെയ്ത നിയമ വിദ്യാർഥി അലൻ ഷുഹൈബിനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
പൗരരെ വെടിവെച്ചു കൊല്ലുന്ന ഭരണകൂട ഭീകരതയാണ് അഗളിയിൽ സംഭവിച്ചത്. ആ വ്യാജ ഏറ്റുമുട്ടൽ അടിമുടി ദുരൂഹതകൾ നിറഞ്ഞതാണ്. അതിനെ ചോദ്യം ചെയ്യുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കുകയും പ്രതികരിക്കാനും പ്രതിഷേധിക്കാനും ഉള്ള മൗലികാവകാശത്തെ റദ്ദു ചെയ്യുകയുമാണ് ഈ നടപടിയിലൂടെ ഇടതുപക്ഷ ഗവൺമെൻറ് ചെയ്തിരിക്കുന്നത്. യുഎപിഎ പിൻവലിക്കുകയും അറസ്റ്റിലായ വിദ്യാർത്ഥികളെ വിട്ടയക്കുകയും ചെയ്യണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഭരണകൂട തോന്ന്യാസങ്ങളെ കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും രാഷ്ട്രീയ പ്രതിരോധങ്ങൾ തീർത്തു മുന്നോട്ടുപോകുമെന്നും ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്ന നീതിയുടെ ചോദ്യങ്ങൾ നിരന്തരം ഉയർത്തിക്കൊണ്ടേയിരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ എസ് നിസാർ, വൈസ് പ്രസിഡന്റുമാരായ അനീഷ് പാറമ്പുഴ, ഫസ്ന മിയാൻ, സെക്രട്ടറിമാരായ തമന്ന സുൽത്താന, നഈം ഗഫൂർ എന്നിവർ സംസാരിച്ചു.