വിബ്ജ്യോര്‍ റീബൂട്ട് ചെയ്യുന്ന ഇന്ത്യയും അദൃശ്യമാക്കപ്പെടുന്ന മുസ്ലീങ്ങളും

By on

തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിബ്ജ്യോര്‍ ഫിലിം കളക്ടീവ് എന്ന സാംസ്കാരിക വേദിയുടെ പതിമൂന്നാമത് ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ ഈ പ്രാവശ്യം ‘റീബൂട്ടിങ് ന്യൂ ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് നടക്കുന്നത്. ഓരോ വർഷവും വ്യത്യസ്ത വിഷയങ്ങളെ കേന്ദ്രീകരിച്ച് സംഘടിപ്പിക്കാറുള്ള ഫിലിം ഫെസ്റ്റിവലിൽ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട ലക്ചറുകളും മിനി കോൺഫറൻസുകളും സംഘടിപ്പിക്കാറുണ്ട്.

ഈ നവംബറിൽ നടക്കുന്ന ഫെസ്റ്റിവലിൽ ‘ഇന്ത്യയിൽ പുതുതായി രൂപപ്പെടുന്ന രൂപഭാവങ്ങൾക്കെതിരെ’യുള്ള (ഫെസ്റ്റിവൽ നോട്ടിസിലുള്ളത് കോപ്പി ചെയ്തത് ആണ്) പ്രതിരോധമാണ് വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. തൃശ്ശൂരിലെ ഒരുവിധം എല്ലാ സാംസ്കാരിക പ്രവർത്തകരും വിബ്ജിയോറിന്‍റെ ഭാഗവുമാണ്.

ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നത് “ചരിത്രത്തെ വളച്ചൊടിച്ച് പ്രത്യേക ജനവിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് പുറത്താക്കി…രൂപീകരിക്കാൻ ശ്രമിക്കുന്ന പുതിയ ഇന്ത്യയുടെ രൂപഭാവങ്ങളെ ജനാധിപത്യ സമൂഹം ആശങ്കയോടെയാണ് കാണുന്നത് ” എന്നാണ്.

ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ ഈ പരിപാടിയിലെ നോട്ടീസിൽ ഹിന്ദുത്വമെന്നോ സംഘപരിവാറെന്നോ ഒരു വാക്ക് പോലും കാണാൻ സാധിക്കില്ല എന്നതാണ്. അത് വളരെ നിസ്സാരമായ ഒന്നല്ല. സമഗ്രമായ വംശീയാധിപത്യത്തിന്‍റെ പ്രത്യയശാസ്ത്രം പേറുന്ന ഹിന്ദുത്വത്തെ കൃത്യമായി ലോക്കേറ്റ് ചെയ്ത് ചൂണ്ടിക്കാണിക്കാൻ ആവുന്നില്ലെങ്കിൽ എന്തുതരം പ്രതിരോധമാണ് നിങ്ങൾ മുന്നോട്ട് വെക്കുന്നത്?

ഇന്ത്യയിൽ ഈ അടുത്ത് പൗരത്വം നിഷേധിക്കപ്പെട്ടത് അസമിലെ മുസ്ലീങ്ങൾക്കാണ്. പക്ഷേ അബദ്ധത്തിൽ പോലും മുസ്ലിം എന്ന വാക്ക് നോട്ടീസിൽ ഉപയോഗിക്കാതിരിക്കാൻ സംഘാടകർ ശ്രദ്ധിച്ചിട്ടുണ്ട്. ഫെസ്റ്റിവലിന്‍റെ ഷെഡ്യൂളിൽ മുസ്ലീങ്ങളെ സംബന്ധിക്കുന്ന ഒരു ചർച്ച പോലും കൊണ്ടുവരാതിരിക്കാനും അതുമായി ബന്ധപ്പെട്ട് മുസ്ലിം രാഷ്‌ട്രീയം സംസാരിക്കുന്നവരെയോ മുസ്ലിം സ്കോളേഴ്സിനേയോ വിളിക്കാതിരിക്കാനും കൃത്യമായ ജാഗ്രത പാലിച്ചിട്ടുണ്ട്. സംഘപരിവാറിന്‍റെ ഹിന്ദുത്വവാദ രാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ ഇരകളായ മുസ്ലിങ്ങളെക്കുറിച്ചു സംസാരിക്കാതെ, അവരെ പരിപാടിയിൽ ഉൾക്കൊള്ളിക്കാതെ, എങ്ങനെയാണ് ഒരു ഫാഷിസ്റ്റ് വിരുദ്ധ സദസ് സംഘടിപ്പിക്കാനാവുക?

റീ ബൂട്ടിംഗ് ന്യൂ ഇന്ത്യ എന്ന വിഷയത്തിൽ സംസാരിക്കാൻ ‘ജമ്മു കശ്മീരിൽ നിന്ന്’ എന്ന് പറഞ്ഞുകൊണ്ട് ക്ഷണിച്ചിട്ടുള്ളത് അനുരാധ ബസിൻ എന്ന ഹിന്ദു നാമധാരിയായ, ഒരു തരത്തിൽ പ്രിവിലേജ്ഡായ, ജേണലിസ്റ്റിനെയാണ്. കമ്യൂണിക്കേഷൻ ബ്ലോക്കേഡിന്റെ സമയത്ത് ജമ്മു കശ്മീരിൽ യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അവർ എക്സിക്യൂട്ടിവ് എഡിറ്റർ ആയ കശ്മീർ ടൈംസ് എന്ന പത്രം കാര്യമായ രീതിയിൽ ശ്രമിച്ചിട്ടുണ്ട് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ഈ ഉപരോധത്തിനെതിരെ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട്‌ പെറ്റീഷൻ നൽകിയത് അനുരാധ ബസിനാണ് എന്ന കാര്യം മറന്നുകൊണ്ടുമല്ല ഇതെഴുതുന്നത്. പക്ഷെ ഇന്ത്യൻ കോടതി കശ്മീർ വിഷയത്തിൽ എത്രത്തോളം ഇടപെട്ടിട്ടുണ്ട് എന്നതും കശ്മീരി മുസ്ലീങ്ങൾക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങൾ ഏത് തരത്തിലുള്ളതാണ് എന്നതുകൂടി മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ നമ്മൾ വിലയിരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു.

കശ്മീരിലേത് തീർച്ചയായും ഒരു മനുഷ്യാവകാശ പ്രശ്നം തന്നെയാണ് പക്ഷേ അതിനപ്പുറത്തേക്ക് കശ്മീരിൽ ഭരണകൂടം നടത്തുന്ന വയലൻസിന് പ്രത്യേക രാഷ്ട്രീയമാനങ്ങൾ കൂടിയുണ്ട്. കശ്മീരി മുസ്ലിം എന്ന ഐഡന്റിറ്റിയാണ് ഭരണകൂടവേട്ടക്ക് കാരണമാവാനുള്ള ‘യോഗ്യത’ എന്നത് തർക്കമില്ലാത്ത വിഷയമാണ്.
നാസി ജർമ്മനിയെ മുൻ നിർത്തി ജർമൻ-അമേരിക്കൻ പൊളിറ്റിക്കൽ ഫിലോസഫർ ആയ ഹന്ന ആറന്‍റ് നടത്തുന്ന ഒരു നിരീക്ഷണം, ‘ഒരാൾ ജൂതനായതിനാൽ ആക്രമിക്കപ്പെടുമ്പോൾ, ഒരാൾ പ്രതികരിക്കേണ്ടത് ജർമ്മൻ, ഫ്രഞ്ച്, ലോക പൗരൻ എന്ന നിലയിലല്ല, മറിച്ച് ഒരു ജൂതനെന്ന നിലയിലാണ്‌’ എന്നതിവിടെ ശ്രദ്ധേയമാണ്. കശ്മീരി മുസ്ലിം ആയതിന്‍റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ അതൊരു കേവല മനുഷ്യാവകാശ പ്രശ്നമായി കാണാതെ കശ്മീരി മുസ്ലിങ്ങളുടെ വിഷയമായി അതിനെ ഐഡന്‍റിഫൈ ചെയ്യാൻ നമ്മൾ തയ്യാറാവേണ്ടതുണ്ട് എന്നിരിക്കെ, എന്തുകൊണ്ട് ഒരു കശ്മീരി മുസ്ലിമിനെ പോലും ഈ പരിപാടിയിലേക്ക് ക്ഷണിക്കാൻ സംഘാടകർക്കായില്ല എന്നതും നമ്മൾ ചോദിക്കേണ്ടതാണ്. മറ്റൊരു വശം എന്താണെന്ന് വെച്ചാൽ അനുരാധ ബസിൻ കശ്മീരി മുസ്ലിം അല്ല എന്നു മാത്രമല്ല അവരാ വിഷയത്തെ മുസ്ലിം വേട്ടയായി മനസ്സിലാക്കുന്നുപോലുമില്ല എന്നാണ് അവരുടെ നിലപാടുകളിൽ നിന്ന് മനസ്സിലാക്കാനാവുക.

സമാനമായ രീതിയിൽ തന്നെയാണ് കഴിഞ്ഞ 27ആം തിയതി തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ “കശ്മീരിൽ എന്താണ് സംഭവിക്കുന്നത് ? നേർ സാക്ഷ്യവിവരണവും കശ്മീർ ഐക്യദാർഢ്യ കൺവെൻഷനും” എന്ന തലക്കെട്ടോടെ സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയുടെ മുഖ്യാതിഥി സിപിഐ (എംഎൽ) ലിബറേഷൻ പോളിറ്റ് ബ്യൂറോ അംഗമായ കവിത കൃഷ്ണൻ ആയിരുന്നു. നിരന്തരമായി നേരിടുന്ന വയലൻസിനെ കുറിച്ച് സംസാരിക്കാൻ ഒരു കശ്മീരി മുസ്ലിമിന് മാത്രമേ സാധിക്കൂ എന്നിടത്ത് നേർസാക്ഷ്യ വിവരണം നടത്താൻ ഒരു മെയിൻലാൻഡ് ഇന്ത്യൻ പൗരയെ കൊണ്ട് വരുന്നതിലൂടെ ഇത്തരം ഐക്യദാർഢ്യ സദസ്സുകളുടെ സ്റ്റെയ്ക് ഹോൾഡേഴ്സ് ആവുന്നത് ആരാണെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

മുസ്ലിം സംഘടനകളെ മാറ്റി നിർത്തി കേരളത്തിൽ നടന്നിട്ടുള്ള മനുഷ്യ സംഗമം പോലുള്ള പരിപാടികളും, ഇന്ത്യയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ എബിവിപിക്കെതിരെയുള്ള വിശാലസഖ്യത്തിൽ നിന്നും മുസ്ലിം സ്റ്റുഡൻസ് ഫെഡറേഷൻ, ഫ്രറ്റേണിറ്റി പോലുള്ള സംഘടനകളെ മുസ്ലിം എന്ന പേരിന്‍റെ മാത്രം അടിസ്ഥാനത്തിൽ മാറ്റിനിർത്തിക്കൊണ്ടുള്ള നടപടികളുടെയും മറ്റൊരു തുടർച്ച മാത്രമാണോ വിബ്ജിയോർ ?

ഏറ്റവും അടുത്തായി മഞ്ചേശ്വരം നിയമസഭാ ഇലക്ഷനിൽ ബിജെപിയെയും എതിർ (BJP) സ്ഥാനാർഥിയായ തന്ത്രിയുടെ അനുഗ്രഹം വാങ്ങിച്ച് മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ഇലക്ഷന് ഇറങ്ങിയ ഇടതുപക്ഷത്തെയും മറികടന്നുകൊണ്ടാണ് മുസ്ലിം ലീഗിന്റെ എം സി കമറുദ്ദീൻ വലിയ വിജയം കൈവരിച്ചത്. അതിനെ വർഗീയതയുടെ വിജയമായി ചിത്രീകരിച്ചുകൊണ്ട്, മർദ്ദിത വിഭാഗമായ മുസ്ലിം സമുദായത്തിന്റെ സംഘാടനത്തെ പോലും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന കേരളത്തിലെ ഇടതു-പുരോഗമനപക്ഷക്കാരാണ് നിങ്ങളടങ്ങുന്ന കേരളത്തിന്‍റെ ഐഡിയൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ട മുന്നണിയെ നയിക്കുന്നത്.
നിരന്തരം മുസ്ലിം വിരുദ്ധ നിലപാടുകൾ എടുക്കുന്ന മുസ്ലിം വംശഹത്യ (ഗുജറാത്തിൽ, മുസഫർനഗറിൽ) നടത്തിയിട്ടുള്ള ഇനിയും നടപ്പിലാക്കാൻ തയ്യാറെടുക്കുന്ന ഹിന്ദുത്വ ശക്തികൾക്കെതിരെയുള്ള പ്രതിരോധ സദസ്സിൽ നിന്ന് ഇത്തരത്തിൽ ആസൂത്രിതമായി മുസ്ലീങ്ങളെ മാറ്റിനിർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവലിനെ ഒരു എക്സ്ക്ലൂസീവ് ഹിന്ദു സാംസ്കാരിക പ്ലാറ്റ്ഫോം ആയിത്തന്നെ മനസിലാക്കാനെ സാധിക്കൂ.

സംഘപരിവാർ അപരസ്വത്വമായി നിർമിച്ചെടുത്ത മുസ്ലിം ഐഡന്‍റിറ്റിയെ പൂർണമായി അദൃശ്യവൽക്കരിക്കാനുള്ള നീക്കമായി മാത്രമേ ഇത്തരം (പ്രഹസന) ഫാഷിസ്റ്റ് വിരുദ്ധ സദസ്സുകളെ കാണാൻ സാധിക്കൂ. ഈ എക്സ്ക്ലൂഷനിലും എക്സിസ്റ്റൻസ് കണ്ടെത്താൻ ഇന്ത്യൻ മുസ്ലീങ്ങൾക്ക് ആയിട്ടുണ്ട്. അതിനെയെല്ലാം ഞങ്ങൾ സർവൈവ് ചെയ്തിട്ടുണ്ട്. ഇൻഷാ അള്ളാ, നിങ്ങൾ എത്ര അദൃശ്യവൽക്കരിക്കാൻ ശ്രമിച്ചാലും ഞങ്ങൾ അതിനെയൊക്കെ അതിജീവിക്കുക തന്നെ ചെയ്യും. എങ്കിലും കഴിഞ്ഞ കുറച്ച് ഫെസ്റ്റിവലുകളിലായി മലപ്പുറം കോഴിക്കോട് ഭാഗത്ത് നിന്നുള്ള ഞാനടക്കമുള്ള നിരവിധ മാപ്പിള വിദ്യാർത്ഥികൾ വിബ്ജിയോറിന്‍റെ ഗ്രൗണ്ട് ലെവൽ വളന്‍റിയേഴ്സ് ആയി പ്രവർത്തിച്ചിട്ടുണ്ട്, ഞങ്ങൾടെ ചോദ്യങ്ങൾക്ക് നിങ്ങൾ മറുപടി നൽകേണ്ടതുണ്ട്.

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ സോഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് എഴുത്തുകാരന്‍


Read More Related Articles