പരപ്പ മുണ്ടത്തടം ക്വാറിക്കെതിരെ ദളിത്, ആദിവാസി സമരം ശക്തിപ്പെടുന്നു, സമരം ചെയ്തതിന് രണ്ടുപേർ റിമാന്‍ഡില്‍

By on

കാസർ​ഗോഡ് ചായ്യോം സ്വദേശി സി നാരായണന്റെ ഉടമസ്ഥതയിൽ കഴിഞ്ഞ ആറുവർഷമായി പരപ്പ മുണ്ടത്തടത്ത് പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ ക്വാറിയുടെ പരിസരത്ത് കോളനികളില്‍ കഴിയേണ്ടിവരുന്ന ദളിത്, ആദിവാസി കുടുംബങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. മെയ് 30ന് ക്വാറിയിലേക്കുള്ള ടിപ്പര്‍ ലോറികള്‍ തടഞ്ഞതിന് ഇവരില്‍ പലര്‍ക്കും പൊലീസിന്‍റെ അതിക്രമം നേരിടേണ്ടിവന്നിരുന്നു. സമരം ചെയ്ത രണ്ട് പേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സമരസമിതി പ്രവർത്തകരായ രാമൻ, സജിത് എന്നിവർ ഇപ്പോൾ റിമാൻഡിലാണ്. ജൂണ്‍ നാലിനാണ് ഇവരെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്വാറിയിലേക്ക് സാധനസാമ​ഗ്രികൾ കൊണ്ടുവരികയായിരുന്ന ലോറിയടക്കം തടയുന്നതിനിടെ അത് തടയാൻ ശ്രമിച്ച പൊലീസിന്റെ ഔദ്യോ​ഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, പൊലീസുകാരിയെ കടിച്ചു പരിക്കേൽപിച്ചു എന്നീ കുറ്റകൃത്യങ്ങള്‍ ചാര്‍ജ് ചെയ്താണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ക്വാറിയിൽ‌ ക്രഷർ തുടങ്ങാനുള്ള നീക്കങ്ങൾ തുടങ്ങിയ സാഹചര്യത്തിലാണ് മുണ്ടത്തടത്തെ ദളിത് ആദിവാസി കോളനികളിൽ കഴിയുന്ന കുടുംബങ്ങൾ രാപ്പകൽ സമരത്തിനിറങ്ങിയിരിക്കുന്നത്. പഞ്ചായത്ത് മെമ്പർ രാധാ വിജയന് പൊലീസ് അതിക്രമത്തിൽ കയ്യിൽ പരിക്ക് പറ്റിയിട്ടുണ്ട്. ദളിത് സംഘടനയായ സാധു ജന പരിഷത്, ജനകീയ സമര സമിതി എന്നിവരുടെ നേത‍ൃത്വത്തിലാണ് സമരം നടക്കുന്നത്. ഇന്ന് സമരത്തിന്റെ ഒമ്പതാം ദിവസമാണ്.

“ഞങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. എപ്പോ മുഴുവനായും തകരും എന്നറിയില്ല. ക്വാറിക്കടുത്തോട്ട് ഏകദേശം പത്ത് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പണ്ട് മുണ്ടത്തടത്ത് ഉരുൾ പൊട്ടലൊക്കെ ഉണ്ടായിരുന്നു. ഈ പ്രളയത്തിന്റെ സമയത്തും ക്വാറിയിൽ പണി നടക്കുന്നുണ്ടായിരുന്നു.” ഷീന പറയുന്നു.

ഷിനി, ബീന

“കോളനികളുള്ള സ്ഥലത്ത് പാറ പൊട്ടിക്കുമ്പോളുള്ള പൊടി കാരണം ശ്വാസംമുട്ടുണ്ട്. ഞങ്ങൾക്കൊന്നും കുടിക്കാൻ പോലും ഇവിടെയിപ്പോൾ വെള്ളമില്ല. വണ്ടി തടഞ്ഞതിന് പതിനാറ് പേർക്കാണ് അറസ്റ്റ് വാറണ്ട് കിട്ടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ക്രഷറിന് അനുമതി കിട്ടിയിട്ടില്ല.” ബീന പറയുന്നു.

‌”സി നാരായണൻ പറമ്പ് വിലക്ക് വാങ്ങിച്ചിട്ടുണ്ട്. ഞങ്ങളുടെയൊക്കെ വീടുകൾ നിൽക്കുന്നതിന്റെ ചുറ്റുമുള്ള പറമ്പുകളാണ് വാങ്ങിയത്. ഇനിയിപ്പോ അതിന് കമ്പിവേലിയിടും എന്നാണ് പറയുന്നത്. ഇപ്പോൾ ഞങ്ങൾക്ക് പുറത്തിറങ്ങാൻ അയാളുടെ പറമ്പ് വഴി ഇറങ്ങണം. ഇനി കമ്പിവേലിയിട്ടാൽ ഞങ്ങൾക്ക് വഴി തന്നെ ഇല്ലാതാകും. പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ പേരിൽ പോലും അവർ കേസെടുത്തിട്ടുണ്ട്. ഞങ്ങളൊരു കുറ്റവും ചെയ്തിട്ടില്ല.

അനുശ്രീ

പൊലീസ് ഓരോ കള്ളക്കേസ് ഉണ്ടാക്കുകയാണ്. അന്നത്തെ പൊലീസ് നടപടിയിൽ നാലഞ്ച് പേർക്ക് നല്ല പരിക്ക് പറ്റിയിട്ടുണ്ട്. നിലത്ത് കിടത്തി ഒരു സ്ത്രീയുടെ കഴുത്തിന് ബൂട്ടിട്ട് ചവിട്ടിയിട്ടുണ്ട്. ബ്ലോക് മെമ്പർ രാധാ വിജയന്റെ കയ്യിൽ എല്ലിന് പരിക്കേറ്റിട്ടുണ്ട്.” പ്ലസ്റ്റു വിദ്യാർത്ഥിനിയായ അനുശ്രീ പറയുന്നു.

മുണ്ടത്തടം കോളനി, മാവിലർ ​​ഗോത്രവിഭാ​ഗക്കാർ കഴിയുന്ന മാലൂർക്കുന്ന് കോളനി, കൃസ്ത്യൻ കുടുംബങ്ങളും അടക്കം നൂറോളം കുടുംബങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയുയർത്തി നിൽക്കുകയാണ് ഈ ക്വാറി. ക്വാറി പ്രവർത്തനം തുടങ്ങിയത് മുതൽ തന്നെ ഇവിടെയുള്ള പ്രധാനപ്പെട്ട ഒരു നീർച്ചാൽ വറ്റി. നാൽപത്തഞ്ചോളം കുടുംബങ്ങളാണ് ഇപ്പോൾ ക്വാറിക്കെതിരെ രാപ്പകൽ സമരം നടത്തുന്നത്. കനത്ത പൊലീസ് കാവലും പ്രദേശത്ത് തുടരുകയാണ്. കുത്തനെയുള്ള കയറ്റിറക്കങ്ങളിലാണ് ഇവിടെയുള്ള പല വീടുകളും സ്ഥിതി ചെയ്യുന്നത്. അവയ്ക്കിടയിലൂടെ കാലങ്ങളായി ഒഴുകിക്കൊണ്ടിരുന്ന നീര്‍ച്ചാലുകള്‍ പലതും വറ്റി. ക്വാറിയിലേക്കുള്ള വഴിയിലും ഇപ്പോഴും വറ്റിയിട്ടില്ലാത്ത, പാറയില്‍ നിന്ന് വെള്ളം കിനിഞ്ഞിറങ്ങുന്ന ചെറിയ കുളവും കാണാം.

പരപ്പയുടെ തലയാണ് ഈ ക്വാറി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് ഇവിടെ സമരം ചെയ്യുന്നവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും വരള്‍ച്ച നേരിടുന്ന, ഉരുള്‍ പൊട്ടി ഇല്ലാതായേക്കാവുന്ന ഒരു പ്രദേശമായി പരപ്പ മാറും എന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍. കനത്ത പൊലീസ് കാവലില്‍ ഹെെക്കോടതി അനുമതിയോടെയാണ് ഇപ്പോള്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറിയിലേക്ക് കോളനിയിലൂടെ പോകുന്ന പഞ്ചായത്ത് റോഡ് ഇപ്പോള്‍ ഏറെക്കുറെ തകര്‍ന്ന അവസ്ഥയിലാണ്. ക്വാറി ഉടമ ഭൂമി വിലയ്ക്ക് വാങ്ങിച്ച് നിര്‍മ്മിച്ച മറ്റൊരു പുതിയ റോഡിലൂടെയാണ് ഇപ്പോള്‍ ടിപ്പറുകള്‍ പോകുന്നത്.

“ക്വാറി തുടങ്ങിയിട്ട് ആറുവർഷമായി. ക്രഷർ ഇപ്പോൾ തുടങ്ങാൻ പോകുകയാണ്. പഞ്ചായത്തിന്റെ അനുമതി കിട്ടിയിട്ടില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ വർഷം വന്ന കല്ലാണിത്. ഇതിപ്പോ വറ്റി. കുടിക്കാനൊക്കെ വെള്ളം എടുത്തിരുന്നത് ഇതിൽ നിന്നാണ്.

പവിത്രന്‍

ഇപ്പോൾ ഇവിടെയുള്ള വീടുകൾക്കെല്ലാം കുടിവെള്ളം വറ്റി. ക്വാറി തുടങ്ങിയ ശേഷം ഈ വെള്ളം ആരും ഉപയോഗിക്കാറില്ല. വറ്റി എല്ലാം വരണ്ടുപോയി. ഇത് പരപ്പൻചാൽവരെ ഉപയോ​ഗിക്കുന്ന വെള്ളമാണ്. മഴക്കാലത്ത് മാത്രമേ ഇപ്പോൾ വെള്ളം വരുന്നുള്ളൂ. വേസ്റ്റൊക്കെ വീഴാൻ തുടങ്ങി. ആദ്യത്തെ മഴക്ക് തന്നെ കലക്ടറേറ്റ് മാർച്ച് ഉണ്ടായിരുന്നു. അന്ന് രാവിലെ മഴ പെയ്തിരുന്നു. ക്വാറിയിൽ നിന്നുള്ള കലക്കവെള്ളമാണ് വന്നത്. ഇയാൾക്ക് ഇത്രയും അനുമതി കിട്ടിയത് കൊണ്ട്, സ്വാധീനം കൊണ്ട് പൊലീസുകാരെ കാവൽ നിർത്തിയിട്ടാണ് ഇതിപ്പോൾ കൊണ്ടുപോകുന്നത്. ചായ്യോത്തുള്ള സി നാരായണൻ ആണ് ഇതിന്റെ ഓണർ, ഇരുപതോളം വണ്ടികൾ അയാൾക്ക് സ്വന്തമുണ്ട്. പുറമേയുള്ള വണ്ടികൾ വരുന്നുണ്ട്. നമ്മുടെ വീടുകളുടെ മുന്നിലൂടെയാണ് ഈ വണ്ടികൾ പോയിരുന്നത്. നാൽപത്തിയേഴ് ലക്ഷത്തിന്റെ സ്ഥലമാണ് ഇപ്പോൾ ഒന്നേകാൽ കോടിക്ക് എടുത്തത്. അവരുടെ സൗകര്യത്തിന് വേണ്ടി, അവിടെയൊരു ചാലുണ്ട്, തോട്. അത് രണ്ട് മീറ്റർ കൂട്ടിക്കെട്ടിയതാണ്. വലിയപൊയിലിൽ നിന്നൊക്കെ ആളുകൾ വന്നു, അത് നമ്മൾ തടഞ്ഞിട്ടൊന്നും അവർ കൂട്ടാക്കിയില്ല. എല്ലാവരുടെ പേരിലും കേസും എടുത്തതാണ്. ഇപ്പോഴും കേസുണ്ട്. ഈ റോഡ് മുണ്ടത്തടം ​ക്വാറി ​ഗേറ്റ് വരെ പോകുന്നുണ്ട്, ആ റോഡ് മുണ്ടത്തടം കോളനി വരെയുള്ള റോഡാണ് ആ റോഡൊക്കെ അവർ അടച്ചിട്ടു അവിടെ.

മുണ്ടത്തടം ക്വാറിയുടെ പരിസരത്ത് ഇരുപതോളം വീട്ടുകാർ ഉണ്ടായിരുന്നു. അവരെയൊക്കെ അവിടെനിന്ന് ഇപ്പോൾ കമ്മാടംപള്ളിയിലുള്ള സി നാരായണന്റെ സ്ഥലത്തേക്ക് മാറ്റി. ബിരിക്കുളം പോകുന്ന വഴിയിലാണ് കമ്മാടംപള്ളി. ഇവിടെ വന്ന് സ്ഥലമെടുക്കുമ്പോൾ എന്ത് ആവശ്യത്തിനാണ് എടുക്കുന്നത് എന്ന് അറിയില്ലല്ലോ. രണ്ടാമത് അത് ഇയാളുടെ പേരിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ആദ്യം രണ്ട് വണ്ടി വെച്ചിട്ടാണ് നഇവർ കല്ലു കൊണ്ടുപോയിരുന്നത്. പണിക്കാരെക്കൊണ്ട് പണിയെടുപ്പിച്ച്. അന്നു തന്നെ ജനങ്ങൾ ലോറികൾ തടഞ്ഞുകൊണ്ടിരിക്കുകയുണ്ടായിരുന്നു. വണ്ടി തടയുമ്പോൾ ജനങ്ങളെ തടഞ്ഞ വനിതാ പൊലീസിനെ മർദ്ദിച്ചു എന്ന് പറഞ്ഞ് കേസുണ്ട്. വണ്ടി തട‍ഞ്ഞതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ക്വാറിയുടെ പുറകിൽ അറുപതോളം ഏക്കർ കാടാണ്. ഫോറസ്റ്റ് വകുപ്പിന്റെ ഭൂമിയാണ്, അറുപതേക്കറോളം വരും.

ക്വാറിയിൽ വെടിപൊട്ടിക്കുമ്പോൾ വീട് ഞെടുങ്ങും. രാവിലെ ഏഴ് മണിക്ക് തുടങ്ങിയാൽ രാത്രി ഒമ്പത് മണിക്കൊക്കെയേ തീരൂ. ഒരു ദിവസം ഒരൊറ്റ കുറ്റിയിൽ നിന്ന് തന്നെ ഇരുപത്തിരണ്ടോളം പൊട്ടലുണ്ടാകും. ആദ്യം ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു. ക്രഷറും ക്വാറിയും പൂട്ടുന്നതുവരെ ഞങ്ങളിവിടെ അനിശ്ചിതകാല സമരം നടത്തും.” പവിത്രൻ പറയുന്നു.

“ഇവിടെയുള്ള ദളിത്, ആദിവാസി കോളനികൾക്ക് മാത്രമല്ല, ഈ നാടിന് തന്നെ ശാപമാണ് ഇവിടെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി എന്ന് ഞങ്ങൾക്ക് പ്രാഥമിക അന്വേഷണത്തിൽ തന്നെ മനസ്സിലായി. അതുകൊണ്ട് വലിയ ​ദുരന്തം സംഭവിക്കും എന്ന് മനസ്സിലാക്കിക്കൊണ്ട് ഞങ്ങളിവിടെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. എല്ലാ വിഭാ​ഗക്കാരെയും ഉൾപ്പെടുത്തിയുള്ള ജനകീയ സമര സമിതിയും രൂപീകരിച്ചു. കലക്ടറേറ്റ് മാർച്ച് നടത്തി. സമരം തുടങ്ങിയിട്ട് ഇത്രയും ദിവസങ്ങളായിട്ടും സാമൂഹ്യമാധ്യമങ്ങളിൽ സമരം ചർച്ചയായിട്ടും സ്ഥലം എംഎൽഎയും ഇവിടുത്തെ റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖരൻ സാറോ സ്ഥലം സന്ദർശിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കാഞ്ഞങ്ങാട് തന്നെ അദ്ദേഹം ഉണ്ടായിരുന്നിട്ടും സ്ഥലം സന്ദർശിക്കാൻ തയ്യാറായില്ല. പട്ടികജാതി വകുപ്പ് മന്ത്രി എകെ ബാലൻ സാറിനെ വിളിച്ചു, ഒരാഴ്ചക്കുള്ളിൽ സ്ഥലം സന്ദർശിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തഹസിൽദാർ ഇവിടെ വന്നു, സമരപ്പന്തലിൽ കയറിയിട്ടില്ല. ദളിതരോടും ആദിവാസികളോടുമുള്ള അവ​ഗണനയാണ് ഭരണകേന്ദ്രങ്ങളിൽ നിന്ന് കാണുന്നത്. മലയാളികൾ ലജ്ജിച്ച് തലതാഴ്ത്തേണ്ട കാര്യമാണ്.

അനീഷ്

സ്വാതന്ത്ര്യം കിട്ടി ഇത്രയും വർ‌ഷങ്ങൾ കഴിഞ്ഞിട്ട് പോലും ഇത്തരത്തിലുള്ള അവ​ഗണന നേരിടുന്നു എന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനാപരമായി കിട്ടേണ്ട ആനുകൂല്യങ്ങൾ നമുക്കിവിടെ നിന്നും കിട്ടുന്നില്ല. പരപ്പ ക്വാറി വളരെ ഭീകരമാണ്. അതിൽ ഉറവുകൾ കനിയുന്നുണ്ട്. ഉറവുകൾ കനിയുമ്പോൾ ഇവിടെ ഉരുൾ പൊട്ടാൻ സാധ്യതയുണ്ട്. അതേപ്പറ്റി ഒരു കമ്മീഷനെ വെച്ച് പഠനം നടത്തിക്കൊണ്ട് ഒരു റിപ്പോർട്ട് തയ്യാറാക്കണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. സമരത്തെ തച്ചുതകർക്കാനാണ് പൊലീസ് ഡിപ്പാർട്മെന്റ് ശ്രമിക്കുന്നത്. കരിങ്കൽ ക്വാറി മാഫിയയുടെ ​ഗുണ്ടകളിൽ നിന്ന് ഞങ്ങൾക്ക് ഭീഷണിയുണ്ട്. സമരം ചെയ്യുന്ന സ്ത്രീകൾക്കടക്കം ഭീഷണിയുണ്ട്. ക്വാറിയുടമ ക്വാറിക്ക് സംരക്ഷണം വാങ്ങിയിരുന്നു ഹെെക്കോടതിയിൽ നിന്ന്. ആ ഉത്തരവിന്റെ മറവിൽ പൊലീസ് ഇവിടെ ശരിക്കും അഴിഞ്ഞാടുകയായിരുന്നു.” സമരത്തിന് നേതൃത്വം നൽകുന്ന ദളിത് സംഘടന സാധുജന പരിഷതിന്റെ സംസ്ഥാന സെക്രട്ടറി അനീഷ് പയ്യന്നൂര്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മോചനത്തിനായി വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്നും അനീഷ് പറഞ്ഞു.


Read More Related Articles