നജീബ് തിരോധാനം: മാതാവിന്‍റെ ഹര്‍ജി തള്ളി; കേസ് അവസാനിപ്പിക്കാൻ സിബിഐയ്ക്ക് ഡെൽഹി ഹൈക്കോടതിയുടെ അനുവാദം
ദില്ലി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥി എബിവിപി വിദ്യാർത്ഥികളുടെ അക്രമത്തിന് ഇരയാവുകയും തുടർന്ന് കാണാതാവുകയും ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി തള്ളി. നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസിന്‍റെ ഹർജി തള്ളിയ കോടതി കേസ് അവസാനിപ്പിക്കാൻ സിബിഐയ്ക്ക് അനുമതി നൽകുകയും ചെയ്തു. 2016 ഒക്ടോബർ 15 നാണ് ജെഎൻയുവിലെ മാഹി-മാണ്ഡ്വി ഹോസ്റ്റലിൽ നിന്ന് നജീബിനെ കാണാതായത്. നജീബിന്റെ തിരോധാനം സംഭവിച്ചിട്ട് ഈ മാസം 15 ന് രണ്ട് വർഷം പൂർത്തിയാവും. സിബിഐയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് നൽകിയ ഹർജി ജസ്റ്റിസുമാരായ എസ് മുരളീധർ, വിനോദ് ഗോയെൽ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഫാത്തിമ നഫീസ് പറഞ്ഞു. ”ഇപ്പോള്‍ രണ്ട് വര്‍ഷമായി, കോടതിയില്‍ വലിയ പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അന്വേഷണ സംഘങ്ങള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അധികാരത്തില് ഇരിക്കുന്നവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ചെയ്യുന്ന കാര്യങ്ങളൊക്കെയും” ഫാത്തിമ നഫീസ് പറയുന്നു.
കഴിഞ്ഞ വർഷം മെയ് 16 നാണ് സിബിഐ നജീബിനെ കാണാതായ കേസ് ഏറ്റെടുത്തത്. നജീബിനെതിരായി യാതൊരു അക്രമവും ഉണ്ടായിട്ടില്ലെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. നജീബിന്‍റെ കേസിൽ സിബിഐയ്ക്ക് രാഷ്ട്രീയ താത്പര്യമുണ്ടെന്നും അത് തങ്ങളുടെ യജമാനരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേസ് കൈകാര്യം ചെയ്തതെന്നും ഫാത്തിമ നഫീസിന്‍റെ വക്കീൽ അഭിപ്രായപ്പെട്ടിരുന്നു. ക്യാമ്പസിൽ നജിബിനെതിരായി നടന്ന ഖ്രമത്തിന് ദൃക്സാക്ഷികളായ വിദ്യാർത്ഥികളെപ്പോലും ചോദ്യം ചെയ്തിട്ടില്ലെന്നും ആരോപണം ഉണ്ട്. 9 പേരുടെ പേരുകളാണ് പരാതിയിൽ ഉള്ളത്.