ഡല്‍ഹി വംശഹത്യ; ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം, പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം
ഡൽഹി പൊലിസിനും കേന്ദ്ര ഭരണകക്ഷി ബിജെപിക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് പോപുലര്‍ ഫ്രണ്ട് ഡൽഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ്, പ്രവര്‍ത്തകനായ നിയമ വിദ്യാര്‍ത്ഥി മുഹമ്മദ് ഡാനിഷ് എന്നിവര്‍ക്ക് ഡൽഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പ്രഭ്ദിപ് കൗർ ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കാവുന്ന വകുപ്പുകളായിരുന്നിട്ടും അറസ്റ്റിലായ മൂന്നു പേര്‍ക്കും എന്തുകൊണ്ട് തുടക്കത്തില്‍ തന്നെ ജാമ്യം നല്‍കിയില്ലെന്നതിന് മാര്‍ച്ച് 17നു മുമ്പ് രേഖാമൂലം വിശദീകരണം നല്‍കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് സാമ്പത്തിക സഹായം ചെയ്തെന്നാരോപിച്ച് പർവേസ്, ഇല്യാസ് എന്നിവരെ വ്യാഴാഴ്ച പൊലീസ് ഒരാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഡാനിഷിനെ തിങ്കളാഴ്ച മുതൽ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിൽ വിടുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽവച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് നൽകിയ അപേക്ഷയിലാണ് കോടതിയുടെ ഇപ്പോഴത്തെ നടപടി. ഓരോരുത്തരും മുപ്പതിനായിരം രൂപ ബോണ്ട് നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു.”ഞങ്ങളുടെ സംഘടനയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താൻ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയും ദില്ലിയിൽ സംഘപരിവാർ രൂപകൽപ്പന ചെയ്ത മുസ്ലീം വിരുദ്ധ വംശഹത്യയിൽ നിന്നുള്ള ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്ത കേന്ദ്രസർക്കാരിന്റെ യഥാർത്ഥ മുഖം ഇത് തുറന്നുകാട്ടുന്നു.” രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ പെടുത്തുന്നതില്‍ നിന്ന് പോലിസും സര്‍ക്കാരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മൂന്ന് മണിക്ക് നാരായണ്‍ ദത്ത് തിവാരി ഭവനില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനമാണ് പോലിസ് ഇടപെട്ട് തടഞ്ഞത്. അവസാന നിമിഷം ബുക്കിങ് റദ്ദാക്കാന്‍ ഭവന്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയ പൊലിസ് തുടര്‍ന്ന് പരിപാടി സ്ഥലത്തേക്കുള്ള കവാടങ്ങള്‍ അടച്ചുപൂട്ടി. മാധ്യമങ്ങളെ കാണുന്നത് തടയാന്‍ പ്രദേശത്ത് അസാധാരണമാം വിധം പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.
അറസ്റ്റിനെതിരെ ദേശവ്യാപകമായി പ്രതിഷേധം നടന്നിരുന്നു.