ജാമിയയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്ക് ആരോപിച്ച് ഷര്‍ജീല്‍ ഇമാമിന് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ്
ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ ഡിസംബര്‍ 15ന് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് കാരണമായത് ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗമാണ് എന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി പുതിയ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് ഡല്‍ഹി പൊലീസ്. സാകേത് ജില്ലാ കോടതിയിലാണ് എഫ് ഐആര്‍ ഫയല്‍ ചെയ്തത്.
2019 ഡിസംബര്‍ 15ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ കലാപമുണ്ടായി എന്നാണ് ഡല്‍ഹി പൊലിസ് പറയുന്നത്. യൂനിവേഴ്‌സിറ്റിയുടെ സമീപ പ്രദേശങ്ങളായ ന്യൂ ഫ്രണ്ട്‌സ് കോളനിയിലും ജാമിയ നഗറിലും കലാപങ്ങള്‍ സൃഷ്ടിച്ചു എന്നാണ് പൊലീസ് ആരോപിക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കുന്ന രീതിയില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ ഇവിടെ ആള്‍ക്കൂട്ടം നടത്തിയതായി പൊലീസ് ആരോപിക്കുന്നു. ഡിസംബര്‍ 13ന് നടത്തിയ രാജ്യദ്രോഹപരമായ പ്രസംഗമാണ് ഇതിന് കാരണമായി ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. ബസുകള്‍ പൊലീസ് തന്നെ കത്തിക്കുന്ന ദൃശ്യങ്ങള്‍ അധികം വെെകാതെ പുറത്തുവന്നിരുന്നു, ജാമിയ നഗറിലെ പ്രക്ഷോഭകാരികളും വിദ്യാര്‍ത്ഥികളുമാണ് ബസ് കത്തിച്ചത് എന്ന രീതിയിലാണ് വാര്‍ത്താ ഏജന്‍സികള്‍ ആദ്യം സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ എഫ്ഐആര്‍ ഷര്‍ജീല്‍ ഇമാമിനെ കൂടുതല്‍ പീഡിപ്പിക്കാനുള്ള അടിസ്ഥാന രഹിതമായ കുറ്റാരോപണമാണ് എന്നും നിലവിലുള്ള കേസുകളുടെ നടപടികള്‍ വൈകിപ്പിക്കാനുള്ള നീക്കമാണ് എന്നും സഹോദരന്‍ മുസമ്മില്‍ ഇമാം പറയുന്നു.
മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയില്‍ ഗുവാഹത്തി സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഞാന്‍ ഷര്‍ജീലിനെ കണ്ടിരുന്നു. ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനായി തയ്യാറാവുകയാണെങ്കിലും ലോക് ഡൗണ്‍ കാരണം അത് ചെയ്യാന്‍ പറ്റുന്നില്ലെന്നും മുസമ്മില്‍ ഏപ്രില്‍ 13ന് സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയിരുന്നു. തബ്‌ലീഗി ജമാഅത് സമ്മേളനത്തെ തുടര്‍ന്നുണ്ടായ കോവിഡ് കേസുകളുടെ പേരില്‍ ഭരണകൂട പക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ ജയിലിലും പ്രതിഫലിക്കുന്നുണ്ടെന്നും ജയിലിലെ അന്തരീക്ഷവും വര്‍ഗീയവല്‍ക്കരിക്കപ്പെട്ടതാണ് എന്നും ജയിലിലും മുസ്ലിങ്ങള്‍ അതിന്റെ പേരില്‍ അപഹസിക്കപ്പെടുകയാണ് എന്നും മുസമ്മില്‍ എഴുതുന്നു.
ഷഹീന്‍ബാഗിലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തിന്റെ സംഘാടകരില്‍ ഒരാളായ ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് മറ്റൊരു കേസില്‍ കൂടി പ്രതി ചേര്‍ത്തതോടെ ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും അടക്കം ആറ് കേസുകളാണ് നിലവിലുള്ളത്.
കോവിഡ് ലോക് ഡൗണ്‍ ആരംഭിച്ച ശേഷം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സജീവമായി ശബ്ദിച്ച മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭരണകൂട അടിച്ചമര്‍ത്തല്‍ ശക്തമാകുകയാണ്. ജാമിഅ മിലിയ വിദ്യാര്‍ത്ഥികളായ മീരാന്‍ ഹൈദര്‍, ഉമര്‍ ഖാലിദ്, സഫൂറ സര്‍ഗാര്‍ എന്നിവരും അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി അമീര്‍ മിന്റോയും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇവരുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചരണങ്ങള്‍ ശക്തമാകുകയാണ്.