ഭോപ്പാലിൽ കോവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരും ഭോപ്പാൽ യൂനിയൻ കാർബെെഡ് ദുരന്തത്തിന്‍റെ ഇരകള്‍

By on

മധ്യപ്രദേശ് ഭോപ്പാലിൽ കോവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരും 1984ൽ ഭോപ്പാൽ യൂനിയൻ കാർബെെഡ് ഇന്ത്യ ലിമിറ്റഡിലുണ്ടായ വിഷവാതക  ദുരന്തത്തിന്‍റെ ഇരകള്‍ എന്ന് റിപ്പോർട്ട്. ഇവരുടെ ചികിത്സയ്ക്കായുള്ള ഭോപ്പാല്‍  മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്‍റര്‍ കോവിഡ് ഹോസ്പിറ്റലാക്കി മാറ്റിയിരുന്നു. മാര്‍ച്ച് 21ന് ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്തെഴുതിയിരുന്നു.

ഭോപ്പാലില്‍ വിഷവാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടിയുള്ള ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്റര്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിയെടുത്തത്  ഇവരെ കൂടുതല്‍ ദുരിതത്തിലാക്കിയെന്ന് ഭോപ്പാല്‍ ഗ്രൂപ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ എന്ന എന്‍ജിഓയുടെ പ്രവര്‍ത്തകയായ രചന ധിങ്ഗ്ര മാധ്യമങ്ങളോട് പറഞ്ഞു.

അധികാരികളുടെ അലംഭാവം കാരണം ഭോപ്പാലിലെ ആദ്യത്തെ കോവിഡ് മരണം ഏപ്രില്‍ അഞ്ചിന് മരിച്ച അമ്പത്തിയഞ്ച് വയസ്സുകാരനാണ്. 80 വയസ്സുള്ള മറ്റൊരാള്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ മുന്‍ തൊഴിലാളിയാണ്. അദ്ദേഹത്തിനും മതിയായ ചികിത്സ നിഷേധിക്കപ്പെട്ടു. ഏപ്രില്‍ എട്ടിന് അദ്ദേഹം മരിച്ചു. ഏപ്രില്‍ പതിനൊന്നിന് കോവിഡ് പരിശോധനയുടെ ഫലം വന്നപ്പോള്‍ അത് പോസിറ്റീവ് ആയിരുന്നു. ഒരു വര്‍ഷത്തിലേറെയായി വായില്‍ ക്യാന്‍സര്‍ ബാധിച്ച 40 വയസ്സുള്ള ഒരാള്‍ ഏപ്രില്‍ 12ന് മരണമടഞ്ഞു. കോവിഡ് പോസിറ്റീവ് ആയിരുന്നു. അമ്പത്തിരണ്ട് വയസ്സുള്ള മറ്റൊരാള്‍, ടിബി ബാധിതനായതിനാല്‍ ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഹമീദിയ ഹോസ്പിറ്റലിലെ കോവിഡ് വാര്‍ഡിലേക്കുള്ള വഴിയില്‍ അദ്ദേഹം മരിച്ചു. വിഷവാതക ദുരന്തത്തെ അതിജീവിച്ച എഴുപത്തിയഞ്ച് വയസ്സുള്ള ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏപ്രില്‍ 11ന് മരിച്ചു. ചൊവ്വാഴ്ച കോവിഡ് പരിശോധനാ ഫലം വന്നപ്പോള്‍ പോസിറ്റീവ് ആയിരുന്നു. രചന ധിങ്ഗ്ര പറയുന്നു.

ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് ശേഷവും അതിന്റെ പ്രത്യാഘാതങ്ങളനുഭവിച്ച് ജീവിക്കേണ്ടിവരുന്നവര്‍ക്ക് ശ്വാസകോശം, ഹൃദയം, വൃക്ക എന്നിവയെ ബാധിക്കുന്ന പല രോഗാവസ്ഥകളില്‍ ആണെന്നും ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുതലാണെന്നും ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ സംസ്ഥാന, കേന്ദ്ര ഭരണാധികാരികള്‍ക്ക് എഴുതിയറിയിച്ചിരുന്നു. മറ്റുള്ളവരേക്കാള്‍ കോവിഡ് ബാധയേല്‍ക്കാന്‍ അഞ്ചിരട്ടി സാധ്യത ഇവര്‍ക്ക് കൂടുതലാണ് എന്നും വ്യക്തമാക്കിയിരുന്നു.

“ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ നമുക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ അങ്ങോട്ട് പോകാന്‍ കഴിയുമായിരുന്നു.” ഏപ്രില്‍ ആറിന് മരിച്ച ആദ്യത്തെ കോവിഡ് രോഗിയുടെ മകന്‍ ഗൗരവ് ഖതിക് പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ ആസ്ത്മ രോഗിയായ പിതാവിന് വേണ്ടി സുഹൃത്തുക്കളില്‍ നിന്നും വാങ്ങേണ്ടിവന്നത് 90,000 രൂപയാണ്. പള്‍മണറി വാര്‍ഡില്‍ നിന്നും 28 പേര്‍, മറ്റ് പല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി നിരവധി രോഗികളാണ് ഭോപ്പാല്‍ മെമോറിയല്‍ ഹോസ്പിറ്റല്‍ കോവിഡ് ഹോസ്പിറ്റലാക്കി മാറ്റിയപ്പോള്‍ പുറത്താക്കപ്പെട്ടത്.

“സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇവര്‍ക്ക് ആശ്രയിക്കാനില്ല. ഭോപ്പാല്‍ മമെമ്മോറിയല്‍ ഹോസ്പിറ്റലിലെ എട്ട് കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററുകളിലായി 1998 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ 50.4% മീഥെയ്ല്‍ ഐസോസയനേറ്റ് ബാധിതരായ രോഗികള്‍ ഹൃദ്രോഗങ്ങളും 59.6% രോഗികള്‍ ശ്വാസസംബന്ധമായ രോഗങ്ങളും 15.6% രോഗികള്‍ പ്രമേഹ ബാധിതരും ആണ്, ഇതെല്ലാം കൊറോണ എളുപ്പത്തില്‍ ബാധിക്കുന്ന രോഗാവസ്ഥകളാണ്. ഇവര്‍ക്ക് പ്രത്യേകമായി ആറ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിത ആശുപത്രികളില്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പൊതു ആരോഗ്യ കുടുംബ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറയുന്നത്. എന്നിട്ടും ഇതില്‍ ഒരു ആശുപത്രിയുടെ പള്‍മോണറി മെഡിസിന്‍ സെന്ററില്‍ നിന്നും അമന്‍ യാദവിന്റെ പിതാവിന് മടങ്ങേണ്ടിവന്നു, ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിഷന്‍ സാധിക്കാത്തതിന് ശേഷമായിരുന്നു ഇത്. അടുത്ത ദിവസം ഏപ്രില്‍ 11ന് സര്‍ക്കാര്‍ ആശുപത്രിയായ ഹമിദിയ ഹോസ്പിറ്റലിലേക്ക് നടക്കാന്‍ തുടങ്ങിയെങ്കിലും അവിടെയെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു.” ദ ഹിന്ദു റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് യാദവ് എഴുതുന്നു. 86 രോഗികളാണ് ആശുപത്രിയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

ഇവരുടെ താല്‍പര്യത്തോടെയല്ല ബിഎംഎച്ച്ആര്‍സി കോവിഡ് ഹോസ്പിറ്റലാക്കി മാറ്റിയത് എന്ന് ഭോപ്പാല്‍ ഗ്യാസ് ട്രാജഡി റിലീഫ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്‌മെന്റ് മുന്‍മന്ത്രി ആരിഫ് അഖീല്‍ പറയുന്നു.

 

 


Read More Related Articles