ഇന്‍ഡോറില്‍ കോവിഡ്19 ബാധിച്ച് ഡോക്ടര്‍ മരിച്ചു
മധ്യപ്രദേശ് ഇന്‍ഡോറില്‍ കോവിഡ് 19 ബാധിച്ച് ഡോക്ടര്‍ മരിച്ചു. നാല് ദിവസം മുമ്പാണ് കോവിഡ് ബാധ സ്ഥീരികരിച്ചത്. ജനറല്‍ ഫിസിഷ്യനായ ശത്രുഘ്‌നന്‍ പഞ്ച്വാനി (62) ആണ് അരബിന്ദോ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചതായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ഡോക്ടറുടെ മരണമാണിത്. എങ്ങനെയാണ് വൈറസ് ബാധിതനായത് എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
പരിശോധനയ്ക്കിടെ കൊറോണ ബാധിതമായ രോഗിയുമായി ഇടപഴകേണ്ടിവന്നിട്ടുണ്ടാകാം, രോഗബാധയുടെ വഴി പരിശോധിക്കുകയാണ് എന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത് ഓഫീസര്‍ ഡോ.പ്രവീണ്‍ ജദിയ പറയുന്നു. ഡോ. പഞ്ച്വാനി കോവിഡ് ബാധിതരായ രോഗികളെ ചികിത്സിച്ചിരുന്നില്ല. പരിശോധനാ ഫീസ് നല്‍കാന്‍ കഴിയാത്ത രോഗികള്‍ക്ക് ഡോ.പഞ്ച്വാനി സൗജന്യ ചികിത്സ നല്‍കിയിരുന്നു എന്ന് സഹപ്രവര്‍ത്തകന്‍ ഡോ.ഡി നട്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ ഒന്നാണ് ഇന്‍ഡോര്‍. 219 കോവിഡ് പോസിറ്റീവ് കേസുകളും 22 മരണങ്ങളും ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറ്റാര്‍സിയില്‍ മറ്റൊരു ഡോക്ടറും കുടുംബവും കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.