“ഭരണ വര്‍ഗത്തിന്റെ പിഴവിന് ഒരു സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നത് നീതീകരിക്കാനാവില്ല”; അബ്ദുള്‍ നാസര്‍ മഅ്ദനി

By on

ഭരണ വര്‍ഗത്തിന്റെ പിഴവിന് ഒരു സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നത് നീതീകരിക്കാനാവില്ലെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്ലീഗ് സമ്മേളനത്തെ തുടര്‍ന്ന് കോവിഡ് 19 പടര്‍ത്തുന്നത് മുസ്ലിങ്ങളാണ് എന്ന രീതിയില്‍ രാജ്യത്താകമാനം സംഘപരിവാര്‍ പ്രചരണങ്ങളും ആക്രമണങ്ങളും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പ്രതികരണം.

“സംഘടനാപരമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനുള്ള സമയമല്ലിത്. സമുദായം ഒന്നടങ്കം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഈ അനീതിക്കെതിരെ, ഈ വേട്ടയാടലിനെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്.” മഅ്ദനി പറയുന്നു. കോവിഡ്19 ബാധയെ വംശീയമായി അവതരിപ്പിക്കുന്നതിനെതിരെ ‘വംശീയ റിപ്പോര്‍ട്ടുകള്‍ കോവിഡിനേക്കാള്‍ അപകടകരം’ എന്ന പേരില്‍ മൈനോറിറ്റി റൈറ്റ്‌സ് വാച് എന്ന മനുഷ്യാവകാശ സംഘടന നടത്തുന്ന ക്യാംപെയ്‌നിലാണ് മഅ്ദനിയുടെ പ്രതികരണം.

മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയില്‍ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ വെച്ച് നടന്ന തബ്ലീഗി ജമാഅത് സമ്മേളനത്തില്‍ ഇന്തൊനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പങ്കെടുത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരില്‍ പലര്‍ക്കും തിരിച്ചുപോകാന്‍ കഴിയാതെ ഡല്‍ഹിയില്‍ തന്നെ തുടരേണ്ടി വന്നതിനെ കോവിഡ് ബാധിതരെ മര്‍ക്കസ് അധികൃതര്‍ ഒളിച്ചുതാമസിപ്പിച്ചു എന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് വരെ പൊതുഗതാഗത മാര്‍ഗങ്ങള്‍ നിയന്ത്രിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികളൊന്നും അരവിന്ദ് കെജ്രിവാള്‍ ഗവണ്മെന്റ് കൈക്കൊള്ളുകയുണ്ടായിരുന്നില്ല. പകരം നിസാമുദ്ദീന്‍ മര്‍ക്കസിന്റെ ചുമതലയിലുള്ളവര്‍ക്ക് മേല്‍ കേസ് ചുമത്തുകയാണ് ചെയ്തത്.

തബ്ലീഗി ജമാഅത്തിന് വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരെ എയര്‍പോര്‍ട്ടില്‍ നിന്ന് പരിശോധിക്കാതിരുന്നതും ഭരണവര്‍ഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് തന്നെയാണ്. പരസ്യമായി തന്നെ നടത്തിയ സമ്മേളനത്തിന്റെ പേരില്‍ പിന്നീട് ദേശീയ മാധ്യമങ്ങള്‍ നടത്തിയ വിചാരണകള്‍ രാജ്യത്തെങ്ങും മുസ്ലിങ്ങള്‍ക്കെതിരെയുള്ള ഹിന്ദു ഭീകരവാദ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ മുസ്ലിങ്ങളാണ്, പ്രത്യേകിച്ച് തബ്ലീഗി ജമാഅത്ത് പ്രവര്‍ത്തകര്‍ വൈറസ് പടര്‍ത്തുന്നവരാണ് എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു.

ഹിമാചല്‍ പ്രദേശില്‍ തബ്ലീഗി ജമാഅത് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ദില്‍ഷാദ് മുഹമ്മദ് നാട്ടുകാരില്‍ നിന്നും നേരിടേണ്ടിവന്ന  സാമൂഹിക ബഹിഷ്കരണവും അധിക്ഷേപവും കാരണം ആത്മഹത്യ ചെയ്തു. ക്വാറന്‍റെെനില്‍ കഴിയുന്ന തബ്ലീഗി ജമാഅത് പ്രവര്‍ത്തകര്‍ ആരോഗ്യപ്രവര്‍ത്തകരെ ഉപദ്രവിച്ചതായി മാധ്യമങ്ങള്‍  വ്യാജവാര്‍ത്തകളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇവരെ പരിചരിച്ച ഡോക്ടര്‍മാര്‍ തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളെ തുറന്നുകാട്ടി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്‍ പോലും ലഭ്യമാക്കാത്ത സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ പരാജയം മറച്ചുപിടിക്കാന്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.


Read More Related Articles