ജാമ്യം കിട്ടിയിട്ടും ഡോ.കഫീല്‍ഖാനെ മോചിപ്പിക്കാതെ ദേശീയ സുരക്ഷാ നിയമം ചുമത്തി; ബിജെപിയുടെ പകപോക്കലിന്‍റെ രാഷ്ട്രീയമെന്ന് അഭിഭാഷകന്‍
പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭത്തിനിടെ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ 153 എ ചുമത്തി ജനുവരി 30ന് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നാഷണല്‍ സെക്യൂരിറ്റി ആക്റ്റ് ചുമത്തി.
പന്ത്രണ്ട് മാസത്തോളം തടവ് അനുഭവിക്കേണ്ടുന്ന കരുതല്‍ തടങ്കല്‍ നിയമമാണ് എന്‍എസ്എ. ഈ നിയമമനുസരിച്ച് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായി ഭരണകൂടത്തിന് തോന്നുന്ന ആരെയും അറസ്റ്റ് ചെയ്ത് തടവിലാക്കാം.
“ഇത് തുറന്ന അനീതിയാണ്”, ഡോ.കഫീലിന്‍റെ അഭിഭാഷകന്‍ ഇര്‍ഫാന്‍ ഗാസി കീബോര്‍ഡ് ജേണലിനോട് പ്രതികരിച്ചു. വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഡോ. കഫീല്‍ ഖാന്, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം തന്നെയാണ് ഡോ. കഫീലിന് മേല്‍ എന്‍എസ്എ ചുമത്തിയ നീക്കം എന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന കേരള ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനായി കേരളത്തിലേക്ക് പുറപ്പെടാനിരിക്കെയാണ് ഡോ.കഫീല്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ തന്നെ ഉത്തര്‍പ്രദേശിലേക്ക് മാറ്റരുതെന്ന് ഡോ.കഫീല്‍ ഖാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് അറസ്റ്റിനിടെ ആവശ്യപ്പെട്ടിരുന്നു.
നാല് ദിവസം മുമ്പ് ഡോ.കഫീല്‍ ഖാന് അലിഗഢ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സാങ്കേതിക തടസ്സങ്ങള്‍ ആരോപിച്ചുകൊണ്ട് ജയില്‍ അധികൃതര്‍ ഡോ.കഫീലിന്റെ മോചനം വൈകിപ്പിക്കുകയായിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ നിന്നും പ്രത്യേക റിമൈന്‍ഡര്‍ അയച്ചിരുന്നു എങ്കിലും മോചനം വൈകുന്നതിന്റെ കാരണങ്ങള്‍ ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല.
കോടതി ജാമ്യം അനുവദിച്ചിട്ടും ഡോ.കഫീലിനെ മോചിപ്പിക്കാത്തതില്‍ പ്രതിഷേധം അതിശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ സുരക്ഷാ നിയമം ചുമത്തുന്നത്.