സുഹൃത്തിനെ അന്വേഷിച്ച് എത്തിയ കൗമാരക്കാരന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊടിയ മർദ്ദനമെന്ന് പരാതി
സുഹൃത്തിന് ജാമ്യം എടുക്കാനായി സ്റ്റേഷൻ മാറി എത്തിയ 19 കാരനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എസ്ഐ ക്രൂരമായി മർദ്ദിച്ചതായി പരാതി. ജുജിത്സു സംസ്ഥാന ചാമ്പ്യൻ കൂടിയായ അതുൽ ദാസിനാണ് കഴിഞ്ഞ ദിവസം പൊലീസ് മർദ്ദനമേറ്റത്. ജാമ്യം എടുക്കാനായി വരണം എന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചതിനു പിന്നാലെ ഫോൺ കട്ടാവുകയും പിന്നീട് വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തപ്പോഴാണ് അതുൽ മറ്റൊരു സുഹൃത്തിനൊപ്പം സറ്റേഷനിലേക്ക് ഏത്തിയത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയ അതുൽ ദാസ് സുഹൃത്തിന്‍റെ വിവരം അന്വേഷിച്ചപ്പോൾ അതുലിന്‍റെ ഫോൺ പരിശോധിക്കണമെന്ന് എസ് ഐ ആവശ്യപ്പെട്ടുവെന്നും ഫോൺ തരുന്നതിന് രസീത് വേണമെന്ന ആവശ്യപ്പെട്ട തന്നെ എസ്ഐ വലിച്ചു കൊണ്ടുപോയി മർദ്ദിച്ചുവെന്നും അതുൽ ദാസ് കീബോഡ് ജേണലിനോട് പറഞ്ഞു.
”വലിച്ചുകൊണ്ടുപോവുന്നതിനിടിൽ തന്നെ എന്‍റെ വയറ്റിൽ അതിശക്തമായി ഇടിക്കുന്നുണ്ടായിരുന്നു. കുത്തിന് പിടിച്ച് അകത്തു കൊണ്ടുപോയി ഇടിച്ചു” സിസിറ്റിവി ഉള്ള സ്ഥലത്ത് വച്ചും പിന്നീട് ക്യാമറ ഇല്ലാത്ത സ്ഥലത്തും കൊണ്ടുപോയി മർദ്ദിച്ചുവെന്ന് അതുൽ ദാസ് പറഞ്ഞു. ”എന്‍റെ തെറ്റ് എന്താണ് ചോദിച്ചപ്പോൾ അത് ഞങ്ങൾ ഉണ്ടാക്കിക്കൊള്ളാമെന്ന് പറഞ്ഞു. എന്നെ മർദ്ദിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ച സുഹൃത്തിനെ പൊലീസുകാർ ചീത്ത പറഞ്ഞ് ഓടിച്ചു. വൈകിട്ട് 6 മണിക്ക് എത്തിയ എനിക്ക് 10 മണിക്കാണ് സ്റ്റേഷനിൽ നിന്നും പോവാൻ കഴിഞ്ഞത്. അമ്മ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. എന്നെ കാത്തിരുന്ന അമ്മ പിന്നെ ആശുപത്രിയിൽ നിന്നും എന്നെ അന്വേഷിച്ച് സ്റ്റേഷനിലെത്തുകയായിരുന്നു. ആള് മാറിയതാണ് എന്നാണ് പൊലീസ് പിന്നീട് തന്ന വിശദീകരണം. എന്നെ തല്ലിയതിന് സമാധാനം പറയണം എന്ന് പറഞ്ഞപ്പോൾ കേസെടുത്തു”. തനിക്കെതിരായ ചാര്‍ജില്‍ ഒപ്പുവക്കാൻ താൻ തയ്യാറായില്ല എന്നും തന്‍റെ അമ്മയെക്കൊണ്ടാണ് ഒപ്പുവപ്പിച്ചതെന്നും അതുൽ ദാസ് പറയുന്നു.
12 ആം ക്ലാസ് കഴിഞ്ഞ് ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന അതുൽ ദാസ് ജുജിത്സു ചാമ്പ്യനും കിക് ബോക്സിംഗ് താരവുമാണ്. 2017 ൽ ദേശീയ ചാമ്പൻഷിപ്പിൽ കിക്ബോക്സിംഗിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.