534 തടവുകാര്‍ക്കുള്ള ജയിലില്‍ 1600 തടവുകാര്‍, ശ്വാസംമുട്ടുന്ന ബാരക്കുകളെ പറ്റി മഥുര ജയിലില്‍ നിന്നും ഡോ.കഫീല്‍ ഖാന്‍റെ കത്ത്

By on

കോവിഡ്19 ഭീഷണിയിലും മഥുര ജയിലില്‍ ഇരട്ടിയിലധികം തടവുകാര്‍ തിങ്ങിനിറഞ്ഞ ബാരക്കില്‍ കഴിയേണ്ടിവരുന്ന ഒരു ദിവസത്തെ കുറിച്ച് ഡോ.കഫീല്‍ ഖാന്‍റെ കത്ത്. ജയിലില്‍ 156 ദിവസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് ഡോ.കഫീല്‍ ഖാന്റെ സഹോദരന്‍ അദീല്‍ ഖാന്‍ കത്ത് പുറത്തുവിട്ടത്.

”534 തടവുകാരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഥുര ജയിലില്‍ ഇപ്പോഴുള്ളത് 1600 തടവുകാരാണ്. തിങ്ങിനിറഞ്ഞ ബാരക്കില്‍ എല്ലാ സമയത്തും വിയര്‍പ്പിന്‍റെയും മൂത്രത്തിന്‍റെയും ഗന്ധം നിറഞ്ഞുനില്‍ക്കും. ഉറങ്ങുമ്പോള്‍ ആരുടെയൊക്കെ കൈകളും കാലുകളും ആരുടെയൊക്കെ ദേഹത്തായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. ലൈറ്റുകള്‍ അണഞ്ഞുകഴിഞ്ഞാല്‍ ഉറങ്ങാന്‍ ശ്രമിക്കും. രാവിലെ അഞ്ചുമണിയാകുന്നത് വരെ കാത്തിരിക്കും. ഞാന്‍ എന്ത് കുറ്റത്തിന്‍റെ പേരിലാണ് ശിക്ഷയനുഭവിക്കുന്നത്?” ഡോ.കഫീല്‍ ഖാന്‍ ചോദിക്കുന്നു.

”രാവിലെ എണ്ണമെടുത്തുകഴിഞ്ഞാല്‍ ടോയ്‌ലറ്റില്‍ പോകാന്‍ വരിനില്‍ക്കണം, ചിലപ്പോഴൊക്കെ എന്‍റെ മലം ഞാന്‍ തന്നെ വൃത്തിയാക്കേണ്ടിവന്നിട്ടുണ്ട്. ടോയ്‌ലറ്റിലുള്ളയാള്‍ പുറത്തിറങ്ങുന്നത് പ്രതീക്ഷിച്ച് വരിയില്‍ നില്‍ക്കും, ഊഴമെത്തുമ്പോഴേക്കും ചിലപ്പോള്‍ വയറുവേദനിക്കും. ഒടുവില്‍ ഈച്ചകളും കൊതുകുകളും നിറഞ്ഞ വൃത്തിഹീനമായ ടോയ്‌ലറ്റിലെത്തുമ്പോള്‍ ഛര്‍ദ്ദിച്ചുപോയിട്ടുണ്ട്.” ഡോ. കഫീല്‍ ഖാന്‍ എഴുതുന്നു.

“ഭക്ഷണസമയത്ത് ബാരക് തുറക്കുമ്പോഴല്ലാതെ വായുസഞ്ചാരമെത്താത്ത രീതിയിലാണ് തടവുകാര്‍ കഴിയുന്നത്. ഇത്രയധികം പേരുള്ള ബാരക്കില്‍ സാമൂഹിക അകലം പാലിക്കാനുള്ള ഒരു സാധ്യതയും ഇല്ല. ഈച്ചകളും കൊതുകുകളും എപ്പോഴും ചുറ്റും പറന്നുകൊണ്ടിരിക്കും, ഓടിച്ചില്ലെങ്കില്‍ ദേഹമാകെ വന്ന് പൊതിയും. റൊട്ടിയും വെള്ളം നിറഞ്ഞ പരിപ്പുകറിയും സബ്ജിയുമാണ് ഉച്ചഭക്ഷണം. റൊട്ടിക്ക് വേണ്ടി പ്രത്യേകം വരിനില്‍ക്കണം. വെള്ളത്തോടൊപ്പം മൂന്ന് റൊട്ടി വരെ കഴിക്കാം, ജീവന്‍ നിലനിര്‍ത്തേണ്ടതുകൊണ്ട് മാത്രം അത് കഴിക്കുന്നു. കൊറോണ കാരണം പുറത്തുനിന്ന് ആര്‍ക്കും കാണാന്‍ വരാന്‍ കഴിയില്ല, അല്ലെങ്കില്‍ അവര്‍ കൊണ്ടുവരുന്ന പഴങ്ങള്‍ കഴിച്ച് ജീവിക്കാമായിരുന്നു.

പന്ത്രണ്ട് മണിയോടെ ബാരക് വീണ്ടും അടക്കും. അടുത്ത മൂന്നു മണിക്കൂറുകള്‍ ബാരക്കില്‍ വിയര്‍പ്പിന്‍റെയും മൂത്രത്തിന്‍റെയും ഗന്ധം നിറഞ്ഞ ചൂടു വായു നിറയും. എന്തെങ്കിലും വായിക്കാന്‍ ശ്രമിക്കും, പക്ഷേ അത്രയധികം വീര്‍പ്പുമുട്ടല്‍ അതിനകത്തുള്ളതുകൊണ്ട് അതിന് കഴിയാറില്ല. മൂന്നുമണിയോടെ ബാരക് വീണ്ടും തുറക്കും. കടുത്ത ചൂടില്‍ വെയിലത്ത് ഒട്ടും നില്‍ക്കാന്‍ കഴിയില്ല. ഓരോ നിമിഷവും എണ്ണിക്കൊണ്ട് ഞാന്‍ ചുവരിന്റെ നിഴലില്‍ നില്‍ക്കും. ളുഹര്‍ നമസ്‌കരിക്കും. ആറുമണിയോടെ ബാരക് അടച്ചുകഴിഞ്ഞാല്‍ പിന്നെ വീര്‍പ്പുമുട്ടല്‍ തുടരും. മഗ്രിബ് പ്രാര്‍ത്ഥനയ്ക്ക് ശേഷം നോവല്‍ വായിക്കാന്‍ ശ്രമിക്കും പക്ഷേ പറ്റില്ല, അത്രയധികം ശ്വാസംമുട്ടലാണ്. എനിക്കതിന്‍റെ തീവ്രത വിവരിക്കാന്‍ കഴിയില്ല.
ലൈറ്റ് അണയുന്നതോടെ ചൂടില്‍ സ്വന്തം വിയര്‍പ്പ് കൊണ്ട് ഉടുപ്പ് നനയും. ഒരു മീന്‍ മാര്‍ക്കറ്റിലേതുപോലുളള ഗന്ധം നിറഞ്ഞുതുടങ്ങും. ചിലര്‍ ചുമക്കുകയാകും, ചിലര്‍ അധോവായു വിടുകയാകും, ചിലര്‍ തര്‍ക്കിക്കുകയാകും, ചിലര്‍ വീണ്ടും വീണ്ടും മൂത്രമൊഴിക്കാന്‍ പോകും. ഞാന്‍ സമയം പുലര്‍ച്ചെ അഞ്ചുമണിയാകുന്നത് കാത്തിരിക്കും, എപ്പോഴാണ് ഈ നരകത്തില്‍ നിന്ന് ഒന്നു പുറത്തിറങ്ങാന്‍ കഴിയുക എന്ന് ആലോചിക്കും. ഞാന്‍ ശിക്ഷിക്കപ്പെടുന്നതിന്‍റെ കാരണം എന്താണ്? എപ്പോഴാണ് എനിക്ക് മക്കളെയും ഭാര്യയെയും അമ്മിയെയും സഹോദരങ്ങളെയും കാണാന്‍ കഴിയുക? കോവിഡ്19 നെതിരെ എപ്പോഴാണ് എനിക്ക് എന്റെ സേവനം ഉറപ്പാക്കാന്‍ കഴിയുക?” ഡോ.കഫീല്‍ ഖാന്‍ ചോദിക്കുന്നു.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി സമരത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വര്‍ഗീയമാണ് എന്നാരോപിച്ച് ജനുവരി 29ന് ബോംബെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കൂടുതല്‍ ദിവസങ്ങള്‍ കസ്റ്റഡി തുടരുകയും ദേശീയ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു. മെയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം ഡോ.കഫീല്‍ ഖാന്‍റെ തടവ് ഓഗസ്റ്റ് വരെ നീട്ടിയിരുന്നു.


Read More Related Articles