‘വര്‍ഗപരമായ തുല്യതയ്ക്ക് ഇന്‍കം റ്റാക്സ് കൃത്യമായി നടപ്പാക്കിയാല്‍ മതി’-ആനന്ദ് പട്വര്‍ദ്ധന്‍

By on

In Conversation/ Anand Patwardhan

സംവരണം എന്ന സംവിധാനം തുടങ്ങുന്നത് തന്നെ ജാതി അടിച്ചമർത്തലിനെ അഭിസംബോധന ചെയ്യാൻ വേണ്ടിയായിരുന്നു. ​ഗാന്ധിയും അംബേദ്കറും തമ്മിലെത്തിയ ഒരു അനുരഞ്ജനത്തെ തുടർന്നായിരുന്നു അത്. 1932ൽ ദളിതർക്ക് സംവരണം ഏർപ്പെടുത്തിയ ശേഷം ഒബിസി വിഭാ​ഗക്കാർക്കും സംവരണം നൽകി. ആരാണ് ഒബിസി എന്ന് തീരുമാനിക്കാൻ മണ്ഡൽ റിപ്പോർട്ട് ആധാരമാക്കിയത് സാമ്പത്തിക ഘടകങ്ങളാണ്. പക്ഷേ അപ്പോഴൊന്നും വർ​ഗം ഒരു ഘടകമായിരുന്നില്ല. സംവരണത്തെ വർ​ഗത്തിന്റെ പരിധിയിൽ കൊണ്ടുവരുമ്പോൾ സംവരണം എന്ന സംവിധാനത്തെത്തന്നെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.  സംവരണം എല്ലാ വർ​ഗത്തിലും എല്ലാ ജാതിയിലും പെട്ടവരിലേക്ക് വികസിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്താൻ തീരുമാനിക്കുകയാണെങ്കിൽ അത് മുസ്ലിങ്ങൾക്കാണ് നൽകേണ്ടത്, കാരണം അവരാണ് ഏറ്റവും ദരിദ്രർ.

സവർണർക്ക് സംവരണം ഏർപ്പെടുത്തുക എന്നത് 5000 വർഷങ്ങളായി അവർണർ അനുഭവിക്കുന്ന അടിച്ചമർത്തൽ അവസാനിപ്പിക്കാൻ വേണ്ടി ഏർപ്പെടുത്തിയ ജാതി സംവരണം എന്ന ആശയത്തെത്തന്നെ നശിപ്പിക്കുന്നതാണ്. വർ​ഗപരമായി തുല്യത സൃഷ്ടിക്കാൻ ആണെങ്കിൽ ഇൻകം റ്റാക്സ് ഉണ്ടല്ലോ. ഇൻകം റ്റാക്സ് കൃത്യമായി നടപ്പിലാക്കുകയാണെങ്കിൽ അംബാനിക്കും അദാനിക്കും റ്റാറ്റയ്ക്കും ഒന്നും റ്റാക്സ് അടക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ലല്ലോ. ജിഎസ്റ്റി പരോക്ഷ നികുതിയും എല്ലാവരിലും ചുമത്തുമ്പോൾ ദരിദ്രർക്കും നികുതി അടക്കേണ്ടിവരുന്നു. നമ്മുടെ രാജ്യത്ത് എല്ലാത്തരം നികുതികളും പരോക്ഷമാക്കുകയാണ്.

ദരിദ്രർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നാണെങ്കിൽ ഇൻകം റ്റാക്സ് കൃത്യമായി നടപ്പിലാക്കൂ. ധനികരിൽ നിന്നും നികുതി ഈടാക്കൂ. എല്ലാവർക്കും വിദ്യാഭ്യാസവും മെഡിക്കൽ സഹായവും ലഭ്യമാക്കാൻ കഴിഞ്ഞാൽ നിങ്ങൾ യഥാർത്ഥ പ്രശ്നത്തെ പരിഹരിച്ച് തുടങ്ങി എന്ന് പറയാം. സാമ്പത്തിക സംവരണം സവർണ വോട്ടുകൾ ആകർഷിക്കാനുള്ള കൃത്രിമമായ തെരഞ്ഞെടുപ്പ് തന്ത്രമാണ്. നിർഭാഗ്യവശാൽ പാർലമെന്റിൽ ഇതെല്ലാം വെട്ടിത്തുറന്നുപറയാൻ ധെെര്യമുള്ളവർ അധികമില്ല, പ്രതിപക്ഷം പോലും. അവരീ പ്രശ്നത്തെ മുഴുവൻ വഴിതിരിച്ചുവിട്ടു.

ഈ ബില്ലിനെ സുപ്രിം കോടതി എതിർക്കും എന്ന് പ്രതീക്ഷിക്കാം, കാരണം 50% സംവരണം എന്ന കോടതി വിധിക്ക് വിരുദ്ധമാണിത്. സംവരണത്തിന്‍റെ ശതമാനം ഉയർത്തണം എന്നുണ്ടെങ്കിൽ അത് മുസ്ലിങ്ങൾക്ക് വേണ്ടിയാകണം. അവരാണ് ഏറ്റവും ദരിദ്രർ, അവരാണ് സാമ്പത്തികമായും സാമൂഹ്യമായും വിവേചനം നേരിടുന്നവർ.


Read More Related Articles