മോദി സർക്കാരിനെതിരെ വൻ കർഷക മുന്നേറ്റം; പ്രക്ഷോഭകരെ തല്ലിച്ചതച്ച് പൊലീസ്-Video

By on

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര് 23 ന് ആരംഭിച്ച് ഇന്ന് ദില്ലി അതിര്‍‌ത്തിയിലെത്തിയ കിസാന്‍ ക്രാന്തി പദയാത്രയെ പൊലീസിനെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ദില്ലി അതിര്‍ത്തിയില്‍ വളഞ്ഞിട്ട് ആക്രമിച്ചു. കാർഷിക കടം എഴുതിത്തള്ളൽ, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കൽ, വിള ഇൻഷുറൻസ്, ചെറുകിട കർഷകർക്കു സഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. ഹരിയാനയും ഉത്തർപ്രദേശുമായി  അതിർത്തി പങ്കിടുന്ന ദില്ലിയിലെ  പ്രദേശങ്ങളെല്ലാം കർഷകർ വളഞ്ഞിരിക്കുകയാണ്.

VIDEO

കിഴക്കൻ ദില്ലിയിലും വടക്കു–കിഴക്കൻ ദില്ലിയിലും അതിർത്തി മേഖലയിലുമാണ് കർഷക മാർച്ചിനെ പൊലീസ് ആക്രമിച്ചത്.  ദില്ലി–ഉത്തർപ്രദേശ് അതിർത്തി മേഖലയിൽ നടന്ന സംഘർഷം തെരുവുയുദ്ധ സമാന സാഹചര്യങ്ങളാണു സൃഷ്ടിച്ചത്. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഭാരതീയ കിസാൻ യൂണിയന്‍റെ (ബികെയു) നേതൃത്വത്തിലുള്ള കിസാൻ ക്രാന്തി പദയാത്ര ഡൽഹിയിലേക്കു കടക്കും മുൻപ് പൊലീസും അര്‍ദ്ധ വിഭാഗവും തടയുകയായിരുന്നു.  സെപ്റ്റംബർ 23ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന്  രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കു മുന്നിൽ ഉപവാസത്തിനായിരുന്നു കിസാൻ ക്രാന്തി പദയാത്ര. രാജ്ഘട്ടിൽ സമരം അവസാനിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രതിഷേധ പ്രകടനം. തുടർന്ന് ചൊവ്വാഴ്ച രാവിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു കർഷകർ ‍ദില്ലി അതിർത്തിയിലെത്തി. എഴുപതിനായിരത്തോളം പേർ ഇവിടേക്കെത്തിയിരുന്നു.  ഇതിനിടെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം കർഷകരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കണമെന്നു മുഖ്യമന്ത്രി കേജ്‌രിവാൾ ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നു മന്ത്രി സുരേഷ് റാണയെത്തി രാജ്നാഥ് സിങ്ങുമായി ചർച്ച നടത്തി. സമരക്കാർ ഇപ്പോഴും പിരിഞ്ഞു പോയിട്ടില്ല. മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ദില്ലിയില്‍ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബികെയു.


Read More Related Articles