വയലിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു
തിരുവനന്തപുരം: പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു. കാറപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. നാല്‍പ്പത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കഴുത്തിനും സുഷുമ്നനാഡിക്കും പരിക്കേറ്റിരുന്നു. ഈ മാസം 24 ന് പുലര്‍ച്ചെ പള്ളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും 2 വയസുകാരിയായ കുഞ്ഞും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. മകള്‍ തേജസ്വിനി അപകടത്തില്‍ മരിച്ചിരുന്നു.
തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഹൈവേ പട്രോളിങ്ങ് സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കാറിന്‍റെ ചില്ല് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതെന്ന് ഹൈവേ പട്രോളിങ്ങ് സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുറത്തെടുത്തപ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലഭാസ്കറും മകളും മുൻഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്.