ബിജെപി നേതാവിന് പിന്നിലിരുന്ന് ഫാഷിസം തുലയട്ടെ എന്ന് വിമാനത്തിൽ മുദ്രാവാക്യം വിളിച്ച തമിഴ് വിദ്യാർത്ഥിനി അറസ്റ്റിൽ
വിമാനത്തിൽ ബിജെപി തമിഴ്നാട് അധ്യക്ഷയ്ക്ക് പിന്നിലിരുന്ന് ബിജെപി ഫാഷിസം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാർത്ഥിനി സോഫിയ ലോയിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ്. ക്യാനഡയിലെ മോണ്ട്രിയൽ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയാണ് സോഫിയ ലോയിസ്. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിൾസായി സൗന്ദരരാജന്റെ പരാതിയിലാണ് തമിഴ്നാട് പൊലീസ് വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തത്. ബിജെപിയുടെ ഫാഷിസ്റ്റ് ഭരണം തുലയട്ടെ എന്നാണ് സോഫിയ ലോയിസ് പറഞ്ഞത്. സോഫിയ ലോയിസ് കണ്ടാൽ സാധാരണക്കാരിയല്ലെന്നും അവർ ഏതോ ഭീകര സംഘടനയിലെ അംഗമാണെന്നും തമിൾസായി ആരോപിച്ചു. ചെന്നൈയിൽ നിന്നുള്ള യാത്രക്കിടെയാണ് സംഭവം.
സോഫിയ ലോയിസിനെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അതേസമയം 9 മണിക്കൂറിലധികം സോഫിയയെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചതായി അവരുടെ അഭിഭാഷകൻ അതിശയ കുമാർ പറഞ്ഞു. തമിൾസായിയുടെ പരാതിയിൽ മാത്രം നടപടിയെടുക്കകയും സോഫിയയുടെ പരാതി രജിസ്റ്റർ ചെയ്യാതിരിക്കുകയും ചെയ്തതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തു വന്നു. വിമാനത്താവളത്തിൽ വച്ച് തമിൾസായി ബഹളം വയ്ക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇതാണോ അഭിപ്രായ സ്വാതന്ത്ര്യം എന്ന് തമിഴ്നാട് ബിജെപി അധ്യക്ഷ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.
http://