മത്സ്യതൊഴിലാളികള്‍ക്കായുള്ള ഫ്ലാറ്റുകള്‍ സാമുദായിക ബഹിഷ്കരണത്തിന്‍റെ മാതൃക; ബീമാപ്പള്ളിക്കാര്‍ക്ക് ഇടമില്ലാത്ത കേരള മാതൃക
ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ 3000 കോടി രൂപ മുടക്കി നിര്‍മ്മിച്ചപ്പോള്‍ മത്സ്യതൊഴിലാളികളുടെ പുനരധിവാസ ഫ്ലാറ്റുകള്‍ പൂര്‍ത്തിയാക്കി കൈമാറിയ കേരള സര്‍ക്കാരിന്‍റെ ജനോപകാര പദ്ധതിയാണ് സോഷ്യല്‍ മീഡിയയിലെ തരംഗം. അതേസമയം വീടുകള്‍ നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്കായി രൂപകല്‍പ്പന ചെയ്ത സര്‍ക്കാര്‍ പദ്ധതി ഒരു പ്രത്യേക പ്രദേശത്തെ ആളുകളെ ഒഴിവാക്കിയതിലൂടെ സാമുദായി ബഹിഷ്കരണത്തിന്‍റെ സര്‍ക്കാര്‍ മാതൃക കൂടിയായി മാറി.
കടൽക്ഷോഭത്തിൽ നിരന്തരം ഇരപ്പെട്ട് ജീവിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തീരദേശവാസികൾക്കായി 2015ൽ ഉമ്മൻചാണ്ടി സർക്കാർ രൂപകൽപന ചെയ്തതാണ് ഈ ഫ്ലാറ്റ് പദ്ധതി. കേരളത്തിൽ ദലിത്, ബഹുജൻ, ആദിവാസി വിഭാഗങ്ങൾക്ക് സ്വന്തമായി ഭൂമി നൽകുന്നതിന് പകരം ഫ്ലാറ്റുകളിലേക്ക് അവരെ ചുരുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കെ കൂടിയാണ് ഓഖി അടക്കമുള്ള പ്രകൃതി ദുരന്തങ്ങളനുഭവിച്ച് നിൽക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിൽ നിന്നും ബീമാപള്ളിയിലെ മുസ്ലീങ്ങൾ ഒഴിവാക്കപ്പെട്ടത്.
“ബീമാപള്ളിക്കാർ ആ ലിസ്റ്റിൽ ഇല്ല. അവർ ചെറിയതുറക്കാർക്കും വലിയതുറക്കാർക്കും മാത്രമേ കൊടുക്കുന്നുള്ളൂ. അവരിവിടത്തെ കാര്യങ്ങൾ എല്ലാ വർഷവും വന്ന് കാണും. പ്രശ്നമുണ്ടാകുമ്പോൾ നമ്മളെ മാറ്റി സ്കൂളിലാക്കും അല്ലെങ്കിൽ അടുത്ത വീട്ടിൽ പോയി കിടക്കാൻ പറയും നമ്മളെ പള്ളിയിൽ പോയി കിടക്കാൻ പറയും. മറ്റൊരു വീട്ടിൽ പോയാൽ ഒരു നേരം ബാത്റൂമിൽ പോകാൻ പറയും പിന്നെ പോകാൻ സമ്മതിക്കുമോ? ഇല്ല. ബുദ്ധിമുട്ടും കാര്യങ്ങളും നമുക്കും ഉണ്ട്. തൊട്ടടുത്തുള്ളവർക്ക് എല്ലാം ചെയ്തുകൊടുക്കുമ്പോൾ നമ്മളെ നോക്കാതിരിക്കുന്നത് വേദനയല്ലേ? ഒാഖി വന്നപ്പോൾ ആദ്യം ഇടിച്ചത് എന്റെ വീടാണ്. അവസാനമാണ് അങ്ങോട്ടുള്ളവർക്കൊക്കെ എല്ലാം നഷ്ടപ്പെട്ടത്. എല്ലാ വർഷവും ഇവിടെത്തന്നെ ഇടിയണത്. ഇത് കൊണ്ട് എല്ലാവരും മുതലാക്കി. നമുക്കൊരു നേട്ടവും ഇല്ല.
ഇന്നലെ മേഴ്സിക്കുട്ടിയമ്മ ജമാഅത്തിൽ വന്നപ്പോൾ അവർ പോകാൻ നേരം ഞാൻ പ്രശ്നമുണ്ടാക്കി. അപ്പോൾ അവർ കാർ നിർത്തി. എന്നെ അടുത്തോട്ട് വിളിച്ചു. ഞാൻ അടുത്ത് പോയി എന്‍റെ സങ്കടം പറഞ്ഞു, എത്രവർഷം കൊണ്ടാണ് ഇവിടെ കഴിയുന്നത്? മേഴ്സിക്കുട്ടിയമ്മ എന്നോട് എന്‍റെ പരാതി വാങ്ങിക്കാം എന്ന് പറഞ്ഞ് അടുത്ത് നിർത്തി ഫോട്ടോ എടുത്ത് പോയി. ഞങ്ങൾ 16 പേർക്ക് വേറെ സ്ഥലം തരാം എന്ന് പറഞ്ഞിരുന്നു. ആദ്യം കൊടുത്തത് അവർക്കാണ്. രണ്ടാമതും കൊടുത്തത് അവർക്കാണ്. മൂന്നാമതും അവർക്കാണ് കൊടുത്തത്.
അസുഖം ബാധിച്ച ഭർത്താവിനെയും കൊണ്ട് ഞാനെന്താണ് ചെയ്യേണ്ടത്? അവർക്ക് മാത്രം കൊടുത്ത് ബാക്കിയുള്ളവരൊക്കെ കടൽത്തീരത്ത് കിടന്ന് നശിക്കുകതന്നെ ചെയ്യണം. ഇങ്ങോട്ട് ബീമാപള്ളിയിൽ ഒരു ആനുകൂല്യവും അവർ ചെയ്യുന്നില്ല. എന്റെ നഷ്ടപരിഹാരം പടച്ചവൻ എനിക്ക് എപ്പോഴായാലും എത്തിച്ചുതരും. ഇവരൊരു നേട്ടവും നമ്മൾ ബീമാപള്ളിക്കാർക്ക് ചെയ്ത് തരില്ല. എങ്ങനെയെങ്കിലും നിങ്ങളെല്ലാവരും ചേർന്ന് എന്നെ ഈ കടപ്പുറത്ത് നിന്ന് മാറിത്താമസിക്കാൻ സഹായിക്കണം.”-ബീമാപള്ളി സ്വദേശിയായ ഖദീജ ബീവി പറയുന്നു.
വലിയതുറ മുട്ടത്തറയിൽ നിർമ്മിച്ചിരിക്കുന്ന ഫിഷർമെൻസ് ഹൗസിങ് പ്രൊജക്ട് ഫ്ലാറ്റ് പദ്ധതിയിൽ 192 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റുകളിൽ ഒരെണ്ണം പോലും ബീമാപള്ളിയിലെ മുസ്ലീങ്ങൾക്ക് ഇല്ല. ഇവരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചിരുന്നെങ്കിലും ബീമാപള്ളിയിലെ മുസ്ലീങ്ങൾ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സർക്കാർ ഇവരെ ഫ്ലാറ്റ് പദ്ധതിയിൽ നിന്നും ഒഴിവാക്കിയത്.
ആദ്യഘട്ടത്തിൽ ഇവർ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.