‘എസ്എഫ്ഐ യുടെ രാഷ്ട്രീയ നൈതികത അളക്കാൻ വരുന്നവർക്ക് ഒരു മറുപടി’

By on

ഈ വർഷത്തെ പോണ്ടിച്ചേരി സർവ്വകലാശാല യൂണിയൻ തെരഞ്ഞെ‍ടുപ്പിൽ 11 ൽ 10 സീറ്റ് എസ്എഫ്ഐ നേടി. ഇതിൽ എഡിസി എന്ന അലയൻസ് നൽകിയ വോട്ട് എസ്എഫ്ഐ നന്ദിയോടെ തന്നെ കാണുന്നുണ്ട്. പക്ഷെ, എപ്പോഴാണ് എസ്എഫ്ഐ ഇവർക്ക് നന്ദിയില്ലാത്തവരായി മാറിയത്? അതിനു ഇവർ കണ്ടെത്തിയ ന്യായങ്ങളിൽ ഒന്ന്, കഴിഞ്ഞ തവണ അധികാരത്തിലേറിയ എബിവിപി ഉൾപ്പെടുന്ന മഴവിൽ യൂണിയനെ മാറ്റി നിർത്താൻ എസ്എഫ്ഐ, എഎസ്എ യുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് രണ്ടാം ഘട്ട ഇലക്ഷനിൽ പിന്തുണ കൊടുക്കാതെ, ഒറ്റയ്ക്ക് മത്സരിച്ചതെന്തിനെന്നാണ്?

കഴിഞ്ഞ തവണ പോണ്ടിച്ചേരി ഇലക്ഷനിൽ നടന്നതെന്താണെന്ന് നോക്കാം

ഒന്നാം ഘട്ട ഇലക്ഷനിൽ എസ്എഫ്ഐക്ക് ലഭിച്ചത് എസ്എഫ്ഐ പാനലിൽ നിർത്തിയ 18 റെപ്പുകളും 2 സ്വതന്ത്ര റെപ്പുകളും ഉൾപ്പടെ 20 പ്രതിനിധികളാണ്. എഎസ്എ-എസ്ഐ-എംഎസ്എഫ് സഖ്യം (എഎസ്ജെ) ക്ക് ലഭിച്ചു എന്ന് അവർ അവകാശപ്പെട്ടത് 25 സീറ്റുകളാണ്. എസ്എഫ്ഐ തങ്ങളുടെ പ്രതിനിധികളുടെ പേരുൾപ്പടെ പുറത്ത് വിടുകയും എഎസ്ജെ സഖ്യമുൾപ്പടെ മറ്റു പാർട്ടികളോടെല്ലാം അവരുടെ റെപ്പുമാരുടെ പേര് വെളിയിൽ വിടാൻ വെല്ലുവിളിക്കുകയും ചെയ്തതാണ്. എന്നാൽ, 25 പേരുണ്ട് എന്ന് അവകാശപ്പെട്ടതല്ലാതെ ആരൊക്കെയായിരുന്നു അവരുടെ പ്രതിനിധികൾ എന്ന് പറയുവാൻ അവർ തയാറായിട്ടില്ല.

ഒന്നും രണ്ടും സീറ്റുള്ള പാർട്ടികൾ വരെ, കാശെറിഞ്ഞും, മറ്റു പല ഓഫറുകൾ നൽകിയും ഭാരവാഹികളാവുന്ന ചരിത്രമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിക്കുള്ളത്. അവിടെ സ്വന്തം സംഘടനയുടെ പേര് പറഞ്ഞു മത്സരിക്കാൻ തയാറാവാത്തവർക്കിടയിൽ എസ്എഫ് യുടെ സ്ഥാനാർഥി ആണ് എന്ന് പറഞ്ഞു തന്നെയാണ് എസ്എഫ്ഐ മത്സരിക്കുക.

ഇനി കുറച്ച് ഡാറ്റ പറയാം. കഴിഞ്ഞ തവണ എഎസ്ജെ സഖ്യത്തിനായിരുന്നു ഏറ്റവും അധികം സീറ്റുകളെന്നും, അത് കൊണ്ട് എസ്എഫ്ഐ ഇലക്ഷനിൽ നിന്ന് മാറി നിന്ന് എഎസ്ജെ ക്ക് വോട്ട് ചെയ്യണമായിരുന്നു ചിലരുടെ വാദം.

Vote secured by SFI in council elections like what we said in the statement our 20 panel votes 18 + 2 Independent
Shuhaib : 20
Abhiram : 22
Neethu : 21
sadique : 21
Vignesh :23
Selna : 21
Azhara : 20
Jency : 20
Nizam :20
Arjun : 21
Tijo : 24

Vote secured by ASJ (ASA- SIO- MSF) what they saying is 25

Srutheesh : 23
Mughilan : 20
Priyanka : 21
Abhigail : 21
Aslam : 21
Savitha : 20
Sudheshna : 22
Kausalya : 12
Madhusudhanan : 21
Muthumani : 21
Saravanan : 21

ഇതാണ് കണക്ക്. എസ്എഫ്ഐ പറഞ്ഞതിൽ നിന്ന് ഒരു വോട്ട് എങ്കിലും എസ്എഫ്ഐക്ക് കുറഞ്ഞിട്ടുണ്ടോ? എന്നാൽ എഎസ്ജെയുടെ കണക്ക് നോക്കു, ഒരിടത്ത് പോലും 25 എത്തിയിട്ടില്ല എന്ന് മാത്രമല്ല, ചില സീറ്റുകളിൽ എസ്എഫ്ഐ യെക്കാൾ വോട്ട് കുറവാണ്. കൗസല്യ മത്സരിച്ച സീറ്റിൽ 12 വോട്ടാണ് കിട്ടിയത്. അതായത് അവരുടെ കൂടെയുള്ള 13 പേര്, എന്തിന്റെയോ പേരിൽ മഴവിൽ യൂണിയന് വോട്ട് മറിച്ചു.

ചിലയിടത്ത് 5 ഉം 4ഉം വീതം വോട്ട് മറിഞ്ഞിട്ടുണ്ട്. ആ ഇടത്താണ്, 20 ഷുവർ വോട്ട് ഉള്ള എസ്എഫ്ഐ, എഎസ്ജെക്ക് വോട്ട് ചെയ്ത് മാറി നിൽക്കണമായിരുന്നു എന്നവർ പറയുന്നത്. ജയിപ്പിച്ചു എന്നവകാശപ്പെടുന്ന സ്വന്തം പ്രതിനിധികളെ പോലും മെയിൻ പാനലിലേക്ക് വോട്ട് ചെയ്യിക്കാൻ കഴിയാത്ത ഒരു അലയന്‍സിന് വേണ്ടി, എബിവിപി ഉൾപ്പെടുന്ന മഴവിൽ യൂണിയന് വേണ്ടി വോട്ട് മറിക്കുന്ന ഒരു വിഭാഗം പ്രതിനിധികളുള്ള ഒരു സഖ്യത്തിന് ഏത് വിധേന ആണ് എസ്എഫ്ഐ വോട്ട് ചെയ്യുക?

ഇനി നമുക്ക് ഈ വർഷത്തെ കണക്കിലേക്ക് വരാം. ഒന്നാം ഘട്ട ഇലക്ഷന്‍ കഴിഞ്ഞപ്പോൾ, എസ്എഫ്ഐ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി മാറുകയും 26 സീറ്റ് സ്വന്തമാക്കുകയും ചെയ്തു. എഎസ്ജെ എന്നത് മാറി എഡിസി എന്ന് പേര് മാറ്റി എത്തിയ സഖ്യത്തിന് ലഭിച്ചത് 14 സീറ്റുകളാണെന്ന് അവർ അവകാശപ്പെടുന്നു.

നിരുപാധിക പിന്തുണ എന്ന് പറയുമ്പോൾ, എല്ലാ സീറ്റിലേക്കും എസ്എഫ്ഐക്ക് പിന്തുണ നൽകുന്നു എന്നാണല്ലോ അർത്ഥം. ഇലക്ഷനിൽ മത്സരിക്കുന്നില്ല എന്ന് സ്റ്റേറ്റ്മെന്‍റ് ഇറക്കുകയും, ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് മത്സരിക്കുകയും ചെയ്തത് ഏത് അൺകണ്ടീഷനലായിട്ടുള്ള പിന്തുണയുടെ പുറത്താണ്? ഉപാധികളോട് കൂടെയുള്ള നിരുപാധിക പിന്തുണ എന്നത് ഞങ്ങളുടെ അറിവിലില്ല. എബിവിപി യുടെ രണ്ടു സ്ഥാനാർത്ഥികളൊഴികെ ബാക്കി എല്ലാവരും വോട്ട് ചെയ്ത ഇലക്ഷനിൽ, എഡിസി യുടേതെന്ന് പറയപ്പെടുന്ന 14 പേരും വോട്ട് ചെയ്തിട്ടുണ്ട് എന്നാണർത്ഥം. അതിൽ എത്ര വോട്ട് എസ്എഫ്ഐക്ക് ലഭിച്ചു.?
പ്രസിഡന്‍റ് സ്ഥാനാർത്ഥിക്ക് (34) 34-26= 8 വോട്ട് അധികമായി ലഭിച്ചു. മറ്റു സ്വതന്ത്രരാരും എസ്എഫ്ഐക്ക് വോട്ട് ചെയ്തിട്ടില്ല എന്നാണെങ്കിൽ തന്നെ എഡിസി യിൽ നിന്ന് 8 വോട്ട് കിട്ടി. അവരുടെ ബാക്കി 6 വോട്ട് എവിടെയാണ് വീണത്?
ഇതേ കണക്കിൽ വൈസ് പ്രസിഡന്‍റ് (36) – 10 വോട്ട്.
സെക്രട്ടറി (36)- 10 വോട്ട്
മറ്റൊരു വൈസ് പ്രസിഡന്‍റ് (38) – 12 വോട്ട്.
എന്നിങ്ങനെയാണ് കണക്ക്.
എസ്എഫ്ഐ തോറ്റ, എഡിസി മത്സരിച്ച സീറ്റിൽ എസ്എഫ്ഐക്ക് ലഭിച്ചത് 28 വോട്ട്. എഡിസി =10, മഴവിൽ സഖ്യത്തിന് 31 വോട്ട്. അവർ മത്സരിച്ച സീറ്റിൽ പോലും അവർക്ക് അവരുടെ 14 വോട്ടും ഉറപ്പിക്കാൻ പറ്റിയില്ല എന്നർത്ഥം.

എസ്എഫ്ഐക്ക് ചെയ്തിട്ടില്ലാത്ത വോട്ടുകൾ മുഴുവൻ മഴവിൽ സഖ്യത്തിന് പോയി വീണിട്ടുണ്ട് എന്ന് തന്നെയാണ് അതിനർത്ഥം. എഎസ്എ ആണ് എന്ന് അവകാശപ്പെടുന്ന പ്രതിനിധികൾ പോലും, രാഷ്ട്രീയം മറന്ന് വലതു പക്ഷ ശക്തികൾക്ക് വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി. സ്വന്തം സ്ഥാനാർത്ഥികളെ പോലും, അടിസ്ഥാന രാഷ്ട്രീയം പറഞ്ഞു മനസ്സിലാക്കാൻ കെല്‍പ്പില്ല എങ്കിൽ, വലതു വിരുദ്ധതയാണ് നമ്മുടെ അടിസ്ഥാന രാഷ്ട്രീയം എന്ന് പറയാൻ പറ്റുന്നില്ല എങ്കിൽ എന്ത് രാഷ്ട്രീയപ്രവർത്തനമാണിവിടെ ഇവർ നടത്തുന്നത്?

ദളിത്‌ – മുസ്ലീം – ഇടത് ഐക്യത്തിന് എസ്എഫ്ഐ സമ്മതിക്കുന്നില്ല എന്നതാണ് മറ്റൊരു അവകാശവാദം. ആരൊക്കെയാണ് ഇവർ ഈ പറയുന്ന സഖ്യത്തിൽ പെടുന്നവർ. എഎസ്എയും എംഎസ്എഫ്ഉം എസ്ഐഒയും. ഇതിൽ എഎസ്എഫുമായും എഎസ്എ യുമായും വിയോജിപ്പുകൾ പല തലത്തിലുണ്ടെങ്കിലും വർഗ്ഗീയതയ്‌ക്കെതിരെ /സംഘ്പരിവാറിനെതിരെ ഉള്ള പോരാട്ടത്തിൽ സമരസപ്പെടാൻ പോണ്ടിച്ചേരിയിലെ എസ്എഫ്ഐ എല്ലാ കാലത്തും തയാറായിരുന്നു.

അതിനിടയിലാണ്, ജമാഅത്ത് ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ എസ്ഐഒ കയറിപ്പറ്റാൻ ശ്രമിക്കുന്നത്. ഇടത് സംഘടനകൾ മുന്നോട്ട് വെക്കുന്ന പുരോഗമന രാഷ്ട്രീയത്തെ എല്ലാം തള്ളിപ്പറയുന്ന, സംഘിന്റെ വർഗ്ഗീയതയ്ക്ക് മറു വർഗ്ഗീയതയാണ് പോംവഴി എന്ന് കരുതുന്ന, മതേതര രാജ്യങ്ങൾ നശിപ്പിക്കണമെന്നും, ഇസ്ലാമിക ഭരണം വരുത്തണമെന്നും പ്രഖ്യാപിച്ച മൗദൂദിയുടെ പാത പിന്തുടരുന്ന എസ്ഐയോയെ എസ്എഫ്ഐ കൂടെ കൂട്ടണമെന്നുള്ള അവകാശവാദം ഇവരുയർത്തുന്നത്.ഏത് അംബേദ്കറിസ്റ്റ് മുഖം മൂടി ഇട്ടു വന്നാലും, മൗദൂദിസ്റ്റുകൾ വർഗ്ഗീയ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നവരാണ് എന്ന് എസ്എഫ്ഐ പറഞ്ഞുകൊണ്ടേ ഇരിക്കും. അതിനിടയിൽ, മുസ്ലിം എന്നും ഇസ്ലാം എന്നും സംഘടനയിൽ പേരുള്ളത് കൊണ്ടാണ് എസ്എഫ്ഐ കൂടെ കൂട്ടാത്തതെന്നും, ഇടത്പക്ഷം ഇസ്‌ലാമോഫോബിക്ക് ആണെന്നും വരുത്തിത്തീർക്കുക എന്നുള്ളത് മൗദൂദിസ്റ്റുകളുടെ ഉദ്ദേശമാണ്. അതിനു കൂട്ടുപിടിക്കാനാണ് എംഎസ്എഫി നെയും എസ്എഫ്ഐ യെയും ഒരേ വള്ളത്തിൽ കെട്ടിയിട്ടുള്ള വാദഗതികൾ അവർ തയാറാക്കുന്നതും. എസ്എഫ്ഐ, എം എസ് എഫിനെയും എസ് ഐ ഓ യെയും ഒരേ കണ്ണോടെ അല്ല നോക്കി കാണുന്നത്. എംഎസ്എഫ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും എസ്ഐഒ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും ഒന്ന് തന്നെയാണെന്നുള്ള അവകാശവാദങ്ങൾ എഎസ്എ എന്നവകാശപ്പെടുന്നവർ വരെ ഉന്നയിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണ്.

മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്‍റില്‍, മുസ്ലീങ്ങൾ സ്ഥാനാർത്ഥികൾ ആക്കില്ല എന്നുണ്ടെങ്കിൽ SFI അലയന്സിന് വരാം എന്ന് പറഞ്ഞു എന്ന് വരെ പ്രചരിപ്പിച്ചിട്ടുണ്ട്. എസ്ഐഒയുമായി യുമായി സഖ്യത്തിനില്ല എന്ന് പറഞ്ഞതിനെ അവർ നിർവചിച്ചതാണിങ്ങനെ. കേരളത്തിലുൾപ്പടെ 95% മുസ്ലീങ്ങളും തള്ളിക്കളഞ്ഞ ഒരു സംഘടനയെ, അതിന്റെ രാഷ്ട്രീയത്തെ മുസ്ലീങ്ങളുടെ മുഴുവൻ ഏജൻസി കൊടുത്ത് ഞെളിച്ച് നിർത്താൻ ഇവർക്കാരാണ് അധികാരം കൊടുത്തത്. മുസ്ലീങ്ങൾ വോട്ട് ചെയ്യുന്നതും, പ്രവർത്തിക്കുന്നതുമായ കണക്കെടുത്താൽ ഏതായാലും, എസ്എഫ്ഐക്ക് അവകാശപ്പെടാൻ പറ്റുന്ന അത്ര ഏജൻസി ഒന്നും എസ്ഐഒയ്ക്ക ആവട്ടെ, ജമാഅത്തെഇസ്ളാമിക്കാകട്ടെ, മുസ്ലീങ്ങളുടെ മേൽ അവകാശപ്പെടാനില്ല. പല കാര്യങ്ങളിലും, രാഷ്ട്രീയപരമായ വലിയ വിയോജിപ്പുകൾ എസ്എഫ്ഐക്ക് തീർച്ചയായും എംഎസ്എഫിനോടുണ്ട്. പക്ഷെ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ മണി -പവർ പൊളിറ്റിക്സിനെ അജിജീവിച്ച് സംഘിനെ നേരിടാൻ, അവരോടു സമരസപ്പെടേണ്ട അവസരങ്ങളിൽ എസ്എഫ്ഐ അതിനു തയാറായിട്ടുമുണ്ട് . അത് കൊണ്ട് തന്നെ, എംഎസ്എഫിനോടുള്ള വിയോജിപ്പ് ജമാഅത്തെഇസ്‌ലാമിയുടെ തീവ്ര ഇസ്‌ലാമിസ്റ്റ് വാദത്തോട് താരതമ്യപെടുത്തി ഉള്ളതല്ല. എംഎസ്എഫിനെ യും എസ്ഐഒയെയും ഒരേ നുകത്തിൽ കെട്ടേണ്ടത് ജമാഅത്തെഇസ്‌ലാമിയുടെ ആവശ്യം ആയത് കൊണ്ട് തന്നെയാണ് അവർ ആ വാദം ഉന്നയിക്കുന്നതും. ഞങ്ങൾ സംസാരിക്കുന്നത് തൊഴിലാളികളുടെ , ദളിതരുടെ, ന്യൂനപക്ഷങ്ങളുടെ, അടിച്ചമർത്തപ്പെട്ടവരുടെ, രാഷ്ട്രീയം തന്നെയാണ്. എഎസ്എയിലെ പ്രവർത്തകരെ പറ്റി വംശീയമായി ആക്ഷേപിച്ച, എസ്ഐഒക്കാരന്‍റെ കമന്‍റ് പ്രവാഹങ്ങൾ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ മുഴുവൻ കണ്ടതുമാണ്. ഈ രാഷ്ട്രീയം വെച്ച് പുലർത്തുന്ന, കപട ദളിത്‌ സ്നേഹം മുഖം മൂടി ആക്കി വെച്ചിരിക്കുന്ന കുട്ടി ജമാഅത്ത്കാരോട്, എഎസ്എയ്ക്ക് സമരസപ്പെടാൻ കഴിയുന്നെങ്കിൽ ഞങ്ങൾക്ക് വിയോജിപ്പൊന്നുമില്ല. പക്ഷെ, അത് എസ്എഫ്ഐ ചെയ്യണമെന്ന് വാശി പിടിക്കരുത്.

അംബേദ്കറിനെ ആർക്കും, തീറെഴുതിക്കൊടുത്തിട്ടില്ലാത്ത പോലെ തന്നെ, മുസ്ലീങ്ങളുടെ വിഷയങ്ങൾ സംസാരിക്കാൻ, ഇടപെടാൻ, എസ്ഐഒയുടെ കോച്ചിങ് എസ്എഫ്ഐക്ക് ആവശ്യമില്ല. നിങ്ങളംഗീകരിച്ചാലും ഇല്ലെങ്കിലും, കാലാകാലങ്ങളായി ഞങ്ങള്‍ ചെയ്യുന്നതും മുന്നോട്ടു വെക്കുന്നതും അത് തന്നെയാണ്. അതിനുള്ള അംഗീകാരം തന്നെയാണ് പോണ്ടിച്ചേരിയിലെ പ്രബുദ്ധരായ വിദ്യാർത്ഥികൾ എസ്എഫ്ഐ ക്ക് നൽകിയതും.

എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി അം​ഗവും എംബിഎ ഒന്നാം വർഷ വിദ്യാർത്ഥിയുമാണ് ലേഖകൻ


Read More Related Articles