ഇമ്രാൻ ഖാന് അഭിനന്ദനവുമായി ബ്രിട്ടീഷ് രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ ജോര്‍ജ് ഗാലോവേ
ബ്രിട്ടീഷ് രാഷ്ട്രീയ നേതാവും മുൻ എംപിയുമായ ജോർജ് ഗാലോവേ ഇമ്രാൻ ഖാന് അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം നയപരമായി കൈകാര്യം ചെയ്തതിനാണ് ജോർജ് ഗാലോവേ ഇമ്രാൻ ഖാനെ പ്രകീർത്തിച്ചത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കു വെച്ചത്.
“ഇന്ത്യയുമായുള്ള നിലവിലെ പ്രതിസന്ധി ഇമ്രാൻ ഖാൻ കൈകാര്യം ചെയ്തത് മാതൃകാ പരമാണെന്ന് ഞാൻ പറയും, ഒരു നായകന്റെ ഇന്നിംഗ്സ്. ” ഗാലോവേ ഫേസ്ബുക്കിൽ കുറിച്ചു. ഇമ്രാൻ ഖാൻ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞു കളിക്കളത്തിൽ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്.
ലേബര്‍ പാര്‍ട്ടിയില്‍ നിന്നും നാലു തവണ ബ്രീട്ടീഷ് പാര്‍ലമെന്റംഗമായിരുന്ന ഗാലോവേ ഇപ്പോള്‍ റെസ്പെക്റ്റ് പാര്‍ട്ടിയുടെ നേതാവാണ്. ഹ്യൂഗോ ഷാവേസ്, ഫിദല്‍ കാസ്ട്രോ എന്നിവരുമായി ഉറ്റ സൗഹൃദം ഉണ്ടായിരുന്ന നേതാവാണ് ഗാലോവേ. കാസ്ട്രോയെക്കുറിച്ച് ഗാലോവേ എഴുതിയ പുസ്തകം ഏറെ പ്രസിദ്ധമാണ്. 2002 ലെ ഗുജറാത്ത് വംശഹത്യയെ അപലപിച്ചുകൊണ്ട് ‘നരേന്ദ്ര മോദിയുടെ കൈകളിൽ രക്തമുണ്ട്’ എന്ന് പ്രസ്താവിച്ച ആളാണ് ഗാലോവേ എന്നതും ശ്രദ്ധേയമാണ്. മോദി മുസ്ലിം കൂട്ടക്കൊലയ്ക്ക് വീര്യം പകർന്നു എന്നും ഗാലോവേ ആരോപിച്ചിരുന്നു.