ഘർവാപസി കേന്ദ്രത്തെ എല്ലാ ഭരണകൂട സംവിധാനങ്ങളും സംരക്ഷിച്ചുനിർത്തുന്നത് ഇരകളെ തളര്‍ത്തി നിസ്സഹായരാക്കിക്കൊണ്ട്; അഡ്വ. രാജസിംഹൻ
By Mrudula Bhavani and August Sebastian
എറണാകുളം തൃപ്പൂണിത്തുറയിൽ മനോജ് ഗുരുജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചുവരുന്ന ഘർവാപസി കേന്ദ്രത്തെ എല്ലാ ഭരണകൂട സംവിധാനങ്ങളും സംരക്ഷിച്ചുനിർത്തുകയാണെന്നും അത് ഇരകളെ നിസ്സഹായരാക്കി തളര്‍ത്തുകയാണെന്നും ഹെെക്കോടതി അഭിഭാഷകൻ എ രാജസിംഹൻ കീബോർഡ് ജേണലിനോട് പറഞ്ഞു. 2017ൽ ഘർവാപസി പീഡന കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട യുവതികളുടെ അഭിഭാഷകനാണ് എ രാജസിംഹൻ.
ദിവസങ്ങൾക്ക് മുമ്പ് പാലക്കാട് സ്വദേശിയായ യുവതി തൃപ്പൂണിത്തുറയിലെ ചൂരക്കാട്ട് സാധനാ ശക്തികേന്ദ്രം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഘർവാപസി കേന്ദ്രത്തിൽ നിന്നും സഹായമഭ്യർത്ഥിച്ച് ഇറങ്ങി ഓടിയതിനെ തുടർന്ന് മുമ്പ് അടച്ചുപൂട്ടിയ ഘർവാപസി കേന്ദ്രം തുടർന്നു പ്രവർത്തിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് അഭിഭാഷകനുമായുള്ള അഭിമുഖം.
ശിവശക്തി യോഗാകേന്ദ്രത്തെ പീഡനങ്ങളെ അതിജീവിച്ച സ്ത്രീകളുടെ പരാതികളുടെ അവസ്ഥയെന്താണ്?
ശ്വേത, വന്ദന, ശ്രുതി, അഷിത എന്നിവരുടെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ തട്ടിക്കൊണ്ട് വരിക, ഭീഷണിപ്പെടുത്തുക, ഉപദ്രവിക്കുക, പൂട്ടിയിടുക, മറ്റുമതങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുക, മതസ്പർദ്ദയുണ്ടാക്കുന്ന ക്ലാസുകളെടുക്കുക ഇതൊക്കെയായിരുന്നു അവർക്കെതിരെ കേസുകൾ. മൂന്ന് കേസുകൾ ഉദയംപേരൂരും നാലാമത്തെ കേസ് കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിലുമാണ്, അഷിതയാണ് അവിടെ കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പ്രൊസിക്യൂട്ട് ചെയ്യേണ്ടതും കേസന്വേഷണം നടത്തേണ്ടതും പൊലീസിന്റെ ചുമതലയാണ്. ശ്വേത ഹരിദാസിന്റെ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം കൊടുത്തു, തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിൽ കേസ് കമ്മിറ്റഡ് സ്റ്റേജിലാണ്, ഇനിയത് സെഷൻസ് കോടതിയിലേക്ക് പോകണം. അവരുടെയെല്ലാം മജിസ്ട്രേറ്റിന്റെ സ്റ്റേറ്റ്മെന്റ് റെക്കോർഡ് ചെയ്തുകഴിഞ്ഞു. പക്ഷേ ഈ ആളുകൾ അവർക്ക് ജാമ്യം കിട്ടിയതുകൊണ്ടും ഇവരിതുവരെ ശിക്ഷിക്കപ്പെടാത്തതുകൊണ്ടും അവർക്ക് വീണ്ടും പുറത്തുനിൽക്കാൻ പറ്റുന്നു, അതെല്ലാ കേസിലും ഉള്ളതാണ്, പ്രതികളെ കേസ് തീരുന്നതുവരെ അകത്തിടാൻ പറ്റില്ല. പക്ഷേ അവർക്ക് ഇതേ കാര്യങ്ങൾ വീണ്ടും ചെയ്യാൻ പ്രോത്സാഹനം കൊടുക്കുന്നതാണ് നമ്മുടെ നാട്ടിലെ പൊളിറ്റിക്കൽ എക്സിക്യൂട്ടീവ്, പൊലീസ്, പ്രത്യേകിച്ച് ഭരണകൂടവും പ്രാദേശിക രാഷ്ട്രീയ നേതാക്കളും.
മുമ്പ് കേന്ദ്രം പ്രവർത്തിച്ചിരുന്ന ഏതാണ്ട് അതേ പ്രദേശത്ത് തന്നെ വളരെ വിപുലമായി സ്ഥാപനം വീണ്ടും ആരംഭിക്കാനും റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വീണ്ടും തുടർച്ചയായി ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നടത്താനും അവർക്ക് പറ്റുന്നു. ഇവരെ പ്രൊസിക്യൂട്ട് ചെയ്യണം. നിലവിലുള്ള കേസുകളിൽ ഒന്നിൽ കുറ്റപത്രം കൊടുത്തു.മറ്റ് കേസുകളിൽ കുറ്റപത്രം കൊടുക്കണം. ഇതിനെല്ലാം സ്പെഷ്യൽ പ്രൊസിക്യൂട്ടറെ വെച്ചുകൊണ്ട് ഗവൺമെന്റ് അത് പ്രൊസിക്യൂട്ട് ചെയ്യണം. പക്ഷേ അതുണ്ടായിട്ടില്ല. ഈ ഒരൊറ്റ വിക്ടിമിനോടും കേസിന്റെ തുടർച്ച എന്താണെന്നോ കേസിന്റെ സ്ഥിതി എന്താണെന്നോ ഇവർ പറയുന്നില്ല.
ഈ കേസുകളിൽ പലതിലും ഈ കേന്ദ്രത്തെ അതിജീവിച്ച സ്ത്രീകൾക്ക് തുടർന്ന് ഇതിനെതിരെ നിയമപോരാട്ടം നടത്താനുള്ള സാമൂഹ്യജീവിത സാഹചര്യം ഇല്ലാത്ത ഒരവസ്ഥയുണ്ട്. ഒരു കേസിൽ ഭരണകൂടത്തിന്റെ നിസംഗതയും ധാര്‍ഷ്ട്യവും വെളിപ്പെടുത്തുന്ന ഇരയാക്കപ്പെട്ട സ്ത്രീയുടെ മൊഴി പോലും പുറത്തുവിടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെയാണ് ഇതുമായി മുന്നോട്ട് പോകുക?
തൃശൂർ സ്വദേശി അഞ്ജലിയുടെ കേസിനെപ്പറ്റി പറയുകയാണെങ്കിൽ അഞ്ജലിയെ മംഗലാപുരത്ത് പോയി അവിടെ നിന്ന് റിലീസ് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവന്നത് ഞാനാണ്. മംഗലാപുരത്ത് കോടതിയിൽ പോയി, അവിടെനിന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് ഞാനാണ്. മംഗലാപുരത്ത് വെച്ച് അവർക്കെതിരെ പീഡനശ്രമമുണ്ടാകുകയും അമ്മയും അവിടത്തെ സംഘപരിവാർ പ്രവർത്തകരും അവിടെ ഒരു വീട്ടിൽ പൂട്ടിയിടുകയും ഒരു വർഷത്തിൽ കൂടുതൽ അവരവിടെ തടവിലായിരുന്നു. അതിന് മുമ്പാണ് അവരെ മാനസിക രോഗിയാക്കി ചിത്രീകരിക്കുന്നതിന് വേണ്ടി അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതും തണൽ ബാലാശ്രമത്തിലേക്ക് കൊണ്ടുപോയതും അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അവരുടെ കേസിൽ ഉണ്ടായിട്ടുണ്ട്. അവിടെയുണ്ടായിരുന്നപ്പോൾ ഈ പീഡനങ്ങളെക്കുറിച്ച് ഒരു ഫേസ്ബുക് വീഡിയോയിലൂടെ അലേർട്ട് ചെയ്യുകയും അതിന്റെ ഭാഗമായി മംഗലാപുരം പൊലീസ് ആ ബിൽഡിങ്ങിലേക്ക് പെട്ടെന്ന് പോയി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. കോടതിയിൽ വന്ന് കഴിഞ്ഞപ്പോൾ സംഭവിച്ചത്, ഈ പെൺകുട്ടിയെ ഡിറ്റൻഷൻ സെന്ററിലേക്ക് വിട്ടു. അവരെ പീഡിപ്പിച്ചു എന്ന് പറയുന്ന അമ്മയും മറ്റുള്ളവരും ജാമ്യം നേടി പുറത്ത് പോകുകയും ചെയ്തു. ജാമ്യത്തിൽ പ്രതികൾ പുറത്ത് നിൽക്കുകയും ഈ പെൺകുട്ടിയെ അവിടെ ഡിറ്റൻഷൻ സെന്ററിൽ ഇടുകയും ആയിരുന്നു. അവരുടെ അമ്മയുടെ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് എന്നെ സമീപിച്ചത്, ഞാനാ കോടതിയിൽ പോകുകയും അപേക്ഷ കൊടുക്കുകയും ചെയ്തപ്പോൾ അന്ന് പെൺകുട്ടിയെ കാണാൻ പോലും അനുവദിച്ചില്ല പൊലീസ്. പക്ഷേ എനിക്ക് സ്പെഷ്യൽ പെർമിഷനോട്കൂടി അവിടെ പോയി അവരെ കാണാനും സംസാരിക്കാനും പറ്റി, അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പെറ്റിഷൻ കൊടുത്ത ശേഷമാണ് അവരെ റിലീസ് ചെയ്യുന്നത്.
കേരളത്തിലേക്ക് ഈ പെൺകുട്ടി വന്നു, വന്നുകഴിഞ്ഞ് അവർ മുഖ്യമന്ത്രിയെ നേരിൽ പോയി കണ്ട് പരാതി നൽകി, കേരളത്തിൽ വന്ന ശേഷം ആദ്യം ചെയ്ത് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. ഒരക്ഷരം അവരോട് സംസാരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. അവരുടെ പരാതി വാങ്ങിച്ച് അദ്ദേഹം വായിച്ചുനോക്കി, ശരി എന്നൊരു വാക്ക് മാത്രമാണ് അദ്ദേഹം പറഞ്ഞത്. അന്നേ ദിവസം തന്നെ അവർ രണ്ടാമത് പോയി കണ്ട ആളാണ് സ്റ്റേറ്റ് പൊലീസ് ചീഫ് ലോക്നാഥ് ബെഹ്റ. അദ്ദേഹത്തെ നേരിട്ട് കണ്ടു, പൊലീസ് ഹെഡ് ക്വാട്ടേഴ്സിന്റെ മുന്നിൽ വെച്ച് പത്രക്കാർ അവരെ സമീപിച്ചപ്പോൾ അവർ സംസാരിച്ചു. കെവിൻ കൊലപാതകം നടന്ന ദിവസമാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് മാധ്യമശ്രദ്ധ അധികം കിട്ടാതെ പോയ വിഷയമാണ്. വളരെ നല്ല മാധ്യമ കവറേജ് ഉണ്ടായിരുന്നെങ്കിലും അന്നാണ് കെവിൻ കൊലപാതകം പുറത്തേക്ക് വരുന്നത്. അവർ ആരോപിച്ച കുറ്റകൃത്യങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് പൊലീസ് ആ കേസ് തേച്ചുമായ്ച്ചുകളയുന്ന വഴിയിലാണ് മുമ്പോട്ടുപോകുന്നത്, ഇപ്പോൾ ആ പെൺകുട്ടി വിവാഹിതയാണ്. പൊലീസ് ആ കേസിൽ വ്യക്തമായ അന്വേഷണം നടത്തുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. അവർക്ക് വേണമെങ്കിൽ ഇനിയും കോടതിയിലേക്ക് വരാവുന്നതാണ്. ഇപ്പോൾ അവർക്ക് അവരുടേതായ വ്യക്തിപരമായ ബുദ്ധിമുട്ടുകളുണ്ട്.
ഇതാണ് എല്ലാ ഇരകൾക്കും സംഭവിക്കുന്നത്. എല്ലാ ഇരകളെയും ഒരു ഘട്ടത്തിനപ്പുറം അവർക്ക് ഇതിനു പുറകേ നടന്നുനടന്ന് അവർ പിന്മാറിപ്പോകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്ന തരത്തിലാണ് എപ്പോഴും പൊലീസിന്റെയും പ്രൊസിക്യൂഷന്റെയും സമീപനം. വെെകിവരുന്ന നീതി നിഷേധിക്കപ്പെട്ട നീതി എന്നാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്. നീതിയെ വെെകിപ്പിക്കുക. അതിന്റെ ഫലമായി അതിന്റെ ആത്യന്തികമായ ഗുണം പീഡകര്‍ക്ക് കിട്ടും. വിക്ടിം ആയ ആളുകൾ ഒന്നുകിൽ കാലാവശേഷരായി മാറുകയോ നടന്ന് നടന്ന് തളരുകയോ ചെയ്യും. ഇത് ഇങ്ങനെ സംഭവിക്കണം എന്ന ഉദ്ദേശ്യത്തോടെ തന്നെ നടത്തുന്ന കാര്യമാണ്. ഈ കേസിൽ മാത്രമല്ല.
In a society run by rule of law, there is a fundamental principle of democracy, but you see this democracy is not governed by rule of law. Because people in the realm of affairs, the law presume they are to be the law makers, but here the rulers will say that i am a lay man. They are proud to say that i have not gone tot he school. നിയമപരമായ കാര്യങ്ങളെക്കുറിച്ച് നിയമപരമായി കൂടിയാലോചിക്കാം എന്നു പറഞ്ഞ് ചിരിച്ച് അട്ടഹസിച്ച് അപഹസിച്ചുകൊണ്ടാണ് പോകുന്നത്. നിയമസഭയിൽ നിയമമുണ്ടാക്കാൻ പോകുന്ന ഒരു ലെജിസ്ലേറ്റർ, മന്ത്രി, മുഖ്യമന്ത്രി അല്ലെങ്കിൽ എംഎൽഎ പറയുന്നത് എനിക്കിതിന്റെ നിയമകാര്യങ്ങളൊന്നും അറിയില്ല വക്കീലിനോട് ചോദിക്കാം എന്നാണ്. അതൊരു ക്രെഡിറ്റായി കാണുന്ന സമൂഹത്തിലൂടെയാണ് കടന്നുപോകുന്നത്. മൗലിക മനുഷ്യാവകാശങ്ങൾ ഒന്നും കണക്കിലെടുക്കാതെ സ്വന്തം കാര്യം മാത്രം ചെയ്യുന്നിടത്താണ് കുറ്റകൃത്യങ്ങൾ ഉത്ഭവിക്കുന്നതും അത് തുടരാനും പറ്റുന്നൊരു അവസ്ഥയുണ്ടാകുന്നത്.
ഇതിൽ സ്വാഭാവിക നീതി എന്നൊരു സാധ്യതയില്ലേ? സാധനാ ശക്തികേന്ദ്രത്തില്‍ നിന്നും ഒരു യുവതി ജിവനുംകൊണ്ട് ഇറങ്ങി ഓടുകയായിരുന്നില്ലേ?
നിയമപരമായി അതിലൊരു വശം പറയാം. സ്വാഭാവിക നീതിയെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ മെൽബണിലോ മറ്റോ പോയിരുന്ന് സംസാരിക്കേണ്ടിവരും. നിങ്ങൾ കേരളത്തിലാണ് ഇരിക്കുന്നതെന്നും അമ്പത്തൊന്ന് വെട്ട് വെട്ടി കൊല്ലപ്പെട്ടവന്റെ സ്വാഭാവിക നീതിയെപ്പറ്റി പോലും ചർച്ച ചെയ്യാൻ പറ്റാത്ത സ്ഥലത്താണ് ഇരിക്കുന്നതെന്നും മനസ്സിലാക്കുമ്പോൾ… സ്വാഭാവിക നീതിയെപ്പറ്റി ഇന്ത്യയിലൊന്നും ഇരുന്ന് സംസാരിക്കാൻ പോലും പറ്റില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പച്ചവെള്ളം കുടിക്കാതെ പട്ടിണി കിടക്കുന്ന ഒരാളുടെയടുത്ത് പാലിന്റെ ഗുണങ്ങൾ പറയുന്ന പോലെയിരിക്കും കേരളത്തിലിരുന്ന് നീതിയുടെ ഗുണഗണങ്ങളെപ്പറ്റി സംസാരിക്കുന്നത്. ഇവിടെ നിയമാതീതമായാണ് കാര്യങ്ങൾ നടക്കുന്നത്. പൊലീസും ഭരണാധികാരികളും അവർക്ക് തോന്നുന്ന പോലെ കാര്യങ്ങൾ ചെയ്യും. പക്ഷേ അവർക്ക് അതിനൊരു ന്യായീകരണം ഉണ്ടാകും. എനിക്ക് തോന്നുന്ന കാര്യം ചെയ്യുന്നതിനെയാണ് തോന്ന്യവാസം എന്ന് പറയുന്നത്, ഞാനത് ചെയ്യുമ്പോൾ എനിക്കതിനൊരു ശരിയുണ്ട്.
അസംബ്ലി എന്നേ ഇവർ പറയൂ, നിയമസഭ എന്ന് പറയില്ല. നമ്മുടെ നിയമനിർമാതാക്കൾ ബാക്കിയെല്ലാം മലയാളത്തിൽ പറയും, നിയമം എന്ന വാക്ക് അവിടെപ്പോലും അവർ ഉപേക്ഷിക്കും. എന്തുകൊണ്ടാണ് ലെജിസ്ലേറ്റിവ് അസംബ്ലി എന്ന് മുഴുവൻ പറയാത്തത്?
ഓടിപ്പോകുന്ന ഒരു പെൺകുട്ടിയുടെ കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സബ് ഇൻസ്പെക്ടർ പറഞ്ഞു. അതിന്റെ പിന്നിൽ ഒരുപാട് കാര്യങ്ങൾ ആലോചിക്കാനുണ്ട്. പൊലീസിന് ഇൻഫർമേഷൻ കിട്ടിയിട്ട് എന്തിന് എസ്ഐ അവിടെ പോയി? എസ്ഐ എന്തിനാണ് അങ്ങോട്ട് പോയത്? നിങ്ങൾ വില്ലേജ് ഓഫിസിലേക്ക് വിളിച്ച് ജാതി സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാൽ വില്ലേജ് ഓഫിസർ നിങ്ങളുടെ വീട്ടിലേക്ക് വരികയാണോ ചെയ്യുന്നത്?ഒരു കോഗ്നിസിബിൾ അല്ലെങ്കിൽ നോൺ കോഗ്നിസിബിൾ ഒഫൻസോ നടക്കുമ്പോൾ അവിടെച്ചെന്ന് അവരെ സംരക്ഷിക്കുവാനുള്ള സംവിധാനം. കേരള പൊലീസ് ആക്ടോ സിആർപിസിയോ അറിയില്ല എന്ന് മാത്രമല്ല ഇതിരിക്കുന്ന കട ഏതാണ് എന്ന് പോലും ഇവർക്ക് അറിയില്ല.
ക്യാബിനറ്റ് ഓഫീസർമാരുടെ ഓഫിസുകളിൽ ഇന്ത്യൻ ഭരണഘടനയുടെ ഒരു കോപ്പി ഉണ്ടാകുമോ? സെക്രട്ടേറിയേറ്റിന്റെ മൊത്തം ഭരണസംവിധാനത്തിന്റെ റൂൾസ് ഓഫ് ബിസിനസ് ഇവരുടെ ഏതെങ്കിലുമൊരു സെക്രട്ടറിമാരുടെ ഓഫീസിൽ കാണിച്ചുതരാമോ? വല്ലവന്റെയും പോക്കറ്റിലോ കക്ഷത്തിലോ കഞ്ചാവുണ്ടോ, അവന്റെ മൂക്കിലൂടെ മദ്യത്തിന്റെ മണമുണ്ടോ എന്നൊക്കെ നോക്കുന്ന പെറ്റി പരിപാടികൾക്കപ്പുറം നിയമവാഴ്ചയൊന്നും ഇവിടെയില്ല. പെൺകുട്ടി ഇറങ്ങി ഓടുമ്പോൾ പറയുകയാണ് അവൾക്ക് പരാതി ഇല്ലെന്ന്.
ആരുടെ പരാതിയിലാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെക്കെതിരെ കേസെടുത്തത്? ഗാന്ധിയുടെ ഭാര്യയാണോ ഗാന്ധിയുടെ മക്കളാണോ? ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്? രാജീവ് ഗാന്ധിയെ വെടിവെച്ചുകൊന്ന കേസിൽ ആരാണ് പരാതി കൊടുത്തത്? ഈ സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കി കുവെെറ്റിലെ ഒരു ജീവനക്കാരൻ ഒരു പോസ്റ്റിട്ടു. ആരായിരുന്നു ആ കേസിലെ പരാതിക്കാരൻ? കള്ളവോട്ട് നടന്നു കള്ളവോട്ടിനെതിരെ നടപടിയുണ്ടായല്ലോ ആരാണ് പരാതിക്കാരൻ? പൾവാമയിൽ സെെനികരെ ബോംബ് വെച്ചുകൊന്നു, നരേന്ദ്രമോദിയോ കരസേനാ മേധാവിയോ ആണോ അതിലെ പരാതിക്കാരൻ? കോഗ്നിസിബിൾ ഒഫൻസിനെപ്പറ്റി വിവരം കിട്ടിയാൽ കേസ് രജിസ്റ്റർ ചെയ്യണം എന്നാണ്. പരാതിയില്ലെങ്കിൽ കേസെടുക്കണ്ട എന്ന് തീരുമാനിക്കുന്ന ഒരു വകുപ്പ് ഈ രാജ്യത്തെ ഏത് നിയമത്തിലുണ്ട്? അതാണ് ഞാൻ ആദ്യം പറഞ്ഞത് നിയമത്തെക്കുറിച്ച് കേരളത്തിലിരുന്ന് ചർച്ച ചെയ്യാൻ പറ്റില്ല. അപകടത്തിൽ പെടുന്ന ആളുകൾക്കെതിരായ ഭീഷണികൾ തുടർന്നുപോകുകയും ചെയ്യും. ഇത് ഈയൊരു കേസിനെ കുറിച്ച് മാത്രമല്ല പറയുന്നത്. നിയമരാഹിത്യം അതിഭീകരമായ അളവിലുള്ളത് നമ്മുടെ നിയമനിർമാണ ഏജൻസികളിലാണ്. ഏതൊരാൾക്കും അറിയാം ഏറ്റവും കൂടുതൽ കുറ്റകൃത്യം നടക്കുന്നത് പൊലീസ് സ്റ്റേഷനിലാണെന്ന്. കുറച്ച് പെെസ കയ്യിൽ കരുതണം എന്ന് വിചാരിച്ച് ഒരാൾ കയറിച്ചെല്ലുന്ന ആദ്യത്തെ ഗവണ്മെന്റ് ഓഫിസ് ഏതാണ്? അവരാണ് കെെക്കൂലിയെക്കുറിച്ച് കേസ് അന്വേഷിക്കുന്നത്.
ഘർ വാപസി കേന്ദ്രത്തെക്കുറിച്ച് പൊലീസിന് ഇൻഫർമേഷൻ കിട്ടുന്നത് ഈ കുട്ടികൾ റോഡിലൂടെ ഓടുമ്പോഴോ പരാതി കൊടുക്കുമ്പോഴോ ഹെെക്കോടതി ജഡ്ജ് പറയുമ്പോഴോ അല്ല, ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. ഈ സ്ഥാപനം തുടങ്ങിയ അന്നുമുതൽ ഇവിടെ ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. ഇന്റലിജൻസ് ബ്യൂറോയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോർട്ടുകളുണ്ട് എന്ന് എനിക്ക് വ്യക്തമായ അറിവുണ്ട്. റിപ്പോർട്ടുകൾ ഉണ്ട് എന്ന് പറയുമ്പോൾ ഒരുപക്ഷേ എന്നോട് ചോദിക്കാം, പരമരഹസ്യമായ റിപ്പോർട്ട് ഉണ്ടെന്ന് നിങ്ങളോട് ആര് പറഞ്ഞു? ഈ നാട്ടിൽ ഒരു മനുഷ്യന് കാര്യങ്ങൾ അന്വേഷിച്ച് കണ്ട് പിടിക്കാൻ പൊലീസ് ജീപ്പും വാക്കി ടോക്കിയും വേണമെന്നില്ല. പെെപ്പിൻ ചോട്ടിൽ വെള്ളമെടുക്കാൻ പോകുന്ന സ്ത്രീ ആ നാട്ടിലെ രഹസ്യങ്ങളറിഞ്ഞ് തിരിച്ചുവരും. കേരളത്തിലെ ഘർ വാപസി കേന്ദ്രങ്ങളെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഇല്ല എന്ന് പറയാൻ ഞാൻ വെല്ലുവിളിക്കുന്നു.
ഈ സ്ഥാപനത്തിൽ ജുവനെെൽ ആയവരും ഉണ്ടായിരുന്നു. ഈ സ്ഥാപനത്തിൽ മുനിസിപ്പാലിറ്റി ഹെൽത് ഇൻസ്പെക്ടർ വളരെ വർഷങ്ങൾക്ക് മുമ്പ് ഇൻസ്പെക്ഷൻ നടത്തുമ്പോൾ അവിടെയുണ്ടായിരുന്ന അറ്റൻഡൻസ് രജിസ്റ്ററിൽ പതിനഞ്ചും പതിനാറും വയസ്സുള്ള പെൺകുട്ടികൾ ഉണ്ടായിരുന്നതായി കാണിക്കുന്നുണ്ട്, എന്ത് നിയമനടപടിയാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്? പക്ഷേ ഈ പറയുന്ന ഒന്നിനും വിലകൽപിക്കാതെ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നു. ആരെയാണോ ഈ സംസ്ഥാനം ഭരിക്കാൻ ഏൽപിച്ചിരിക്കുന്നത് അവരാണ് ഇതിന് പൂർണമായ പിന്തുണ കൊടുക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടിയിരിക്കുന്നത്. ഒരു പെൺകുട്ടി ഇങ്ങനെയൊരു സ്ഥാപനത്തിൽ നിന്നും ഇറങ്ങിയോടിയത് ഉത്തർപ്രദേശിലായിരുന്നെങ്കിൽ കേരളത്തിലെ നേതാക്കളുടെ പ്രതികരണം എന്താകുമായിരുന്നു? ആ പെൺകുട്ടിയുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി കേരളത്തിന് തെക്കുവടക്ക് ഇവർ പ്രകടനം നടത്തിയേനെ. കാവിയുടെ നിറം ചുവപ്പിന്റെ ഉള്ളിലാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
2017ൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത ശേഷം തന്നെ ഒരു ചാനലിൽ ഈ സ്ഥാപനത്തിന്റെ ഡയരക്ടർ നൽകിയ അഭിമുഖത്തിൽ അയാൾ പറയുകയാണ്, മൂവായിരത്തോളം കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു എന്ന്. ഈ മൂവായിരം പേരുടെ പേര് വിലാസം വയസ്സ് എല്ലാം അയാളിൽ നിന്ന് ചോദിക്കാൻ പൊലീസ് എന്തുകൊണ്ട് തയ്യാറായില്ല? മൂവായിരം കുട്ടികൾ എങ്ങനെ കേരളത്തിന്റെ ഈ ഭാഗത്തേക്ക് വന്നു? ഒരു പരാതിക്കാരി വന്ദന ശിവ ആന്ധ്രപ്രദേശിൽ നിന്ന് ഇവിടെയെത്തി. ആന്ധ്രപ്രദേശിൽ നിന്നും തൃപ്പൂണിത്തുറയിലേക്ക് എന്തിനാണ് ഒരാൾ വരുന്നത്? അവരെക്കൊണ്ട് ബലമായി കല്യാണം കഴിപ്പിച്ചത് തൊടുപുഴ വെച്ച്. ഇതാണിവിടെ സംഭവിക്കുന്നത്.
അമൃത ഹോസ്പിറ്റലിലെ ഡോ.എൻ ദിനേശ് ഈ നെറ്റ്വർക്കിലെ ഒരു പ്രധാന കണ്ണിയാണെന്ന് ഇതിനകം അനുഭവസ്ഥരായ സ്ത്രീകളുടെ മൊഴിയില്‍ വെളിപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കള്‍ യോഗാകേന്ദ്രത്തിലെത്തിച്ച പല യുവതികള്‍ക്കും മാനസികരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഡോ. ദിനേശ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ഡോ. എൻ ദിനേശിനെതിരെ പരാതികളും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഡോക്ടർക്കെതിരെ അന്വേഷണമോ നടപടിയോ ഇല്ലാത്തൊരു സാഹചര്യമുണ്ട്, ഇതിനെ എങ്ങനെ നേരിടും?
അന്വേഷണമെല്ലാം നടക്കുന്നുണ്ട് അതെല്ലാം ഡോക്ടറുടെ ക്ഷേമാന്വേഷണം ആണെന്ന് മാത്രം. അമൃത ഹോസ്പിറ്റലിന്റെ ക്ഷേമം അന്വേഷിക്കാനാണ് അവിടെയൊരു ലോക്കൽ പൊലീസ് സ്റ്റേഷൻ, എളമക്കര പൊലീസ് സ്റ്റേഷൻ. അതിന്റെ ക്ഷേമാന്വേഷണം നടത്തുന്നതിനാണ് എറണാകുളത്ത് ഒരു കമ്മീഷണർ ഓഫീസുള്ളത്. അതിന്റെ ക്ഷേമാന്വേഷണം നടത്താനാണ് ഡെപ്യൂട്ടി കമ്മീഷണർ ഉള്ളത്. ഈ സ്ഥാപനത്തിനെതിരെയുള്ള, സംഘടിതമായി സാമ്പത്തികശേഷിയുള്ള ഏത് സ്ഥാപനത്തിനും പർച്ചേസ് ചെയ്യാമെന്ന അവസ്ഥയിലേക്ക് ഗവണ്മെന്റുകളും ഏജൻസികളും തരംതാഴുമ്പോൾ ആർക്കും അവിടെ എന്തും നേടാം എന്നൊരു അവസ്ഥവരും. അവരെ സംരക്ഷിച്ചുകൊണ്ടാണ് സ്റ്റേറ്റ് നിൽക്കുന്നത്. ഈ രാഷ്ട്രീയ പാർട്ടികളുടെ കള്ളത്തരത്തിന് ന്യായീകരണം മാത്രമല്ല എട്ടുമണിക്ക് ടിവിയിൽ പോയി ഇരിക്കാനുള്ള ന്യായീകരണ തൊഴിലാളികളുടെ യൂണിയൻ തന്നെ അവർ ഉണ്ടാക്കാൻ പോകുന്നു.
പരിപൂർണമായ സഹായങ്ങൾ കൊടുക്കൽ വാങ്ങലുകളിലൂടെ കടന്നുപോകുന്നത് കൊണ്ടാണ് അന്വേഷണം മുമ്പോട്ടുപോകാത്തത്. കുറ്റകൃത്യങ്ങൾക്ക് സംരക്ഷണം നൽകുക മാത്രമല്ല, അത് നടത്തുക കൂടി ചെയ്യുന്നുണ്ട് സ്റ്റേറ്റ്. നമ്മളെ ഭരിക്കുന്ന ആളുകൾ ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരാണ്. എന്താണ് ക്രെെം എന്നതിനെപ്പറ്റി അടിസ്ഥാന ധാരണ ഇവർക്കില്ലാതെ പോകുന്നു.
അതിക്രമം പലപ്പോഴും പ്രതിരോധമാക്കി ഉപയോഗിക്കുകയാണ് ചിലർ. പ്രതിരോധം, സംരക്ഷണം… ആചാര സംരക്ഷണം, ആർഷഭാരത സംസ്കാര സംരക്ഷണം എന്നൊക്കെ. ഈ ക്രെെമുകളെല്ലാം ചെയ്യുന്നത് ആർഷഭാരതം സംരക്ഷിക്കാനും ജിഹാദിയാകാതിരിക്കാനുമാണ്. ഹിന്ദു, നായർ വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടി കണ്ണൂരിൽ നിന്നും കാത്തലിക് കൃസ്ത്യൻ ആയ ഒരു റിന്റോ ഐസക്കിനൊപ്പം പീച്ചി ക്ഷേത്രത്തിൽ വെച്ച് താലികെട്ടുകയാണ്, റിന്റോ കൃസ്റ്റ്യൻ ആണ്. ഈ പെൺകുട്ടി ഡോ. ശ്വേത വരുന്നത് ഒരു ഹിന്ദു, നായർ ഫാമിലിയിൽ നിന്നുമാണ്. ഇതിനെയാണോ ഇവർ ലവ് ജിഹാദ് എന്ന് വിളിക്കുന്നത്? എല്ലാം സംരക്ഷിക്കാനാണെങ്കിൽ കരസേന എന്തിനാണ്? ഈ ശിവശക്തി യോഗാ സെന്റർ മാത്രം പോരെ? ഇവരെല്ലാവരെയും സംരക്ഷിച്ചുനിർത്തുകയാണെങ്കിൽ ഇവർ മാത്രം പോരെ? അതല്ല കാര്യം, ഒരു സമാന്തര നിയമസംവിധാനം നടത്തിക്കൊണ്ടുപോയി പണമുണ്ടാക്കുക.
ഒരു സവർണ സ്ത്രീ ദളിത്/ ബഹുജൻ സമുദായത്തിൽ പെട്ട ഒരാളെ വിവാഹം ചെയ്താൽ അവളെ എന്തിനാണ് ഇവിടെ പിടിച്ചുകൊണ്ടിടുന്നത്? അതിലെന്ത് ജിഹാദ് ആണ് ഉള്ളത്?
വീട്ടുകാർക്ക് ഇഷ്ടപ്പെടാത്ത പ്രണയത്തിൽ ഏർപ്പെടുന്ന ഏത് കേസും ഇവരെ ഏൽപിച്ചാൽ, നിയമപരമായി കോടതിയിൽ ചെന്നാൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാം എന്ന് പറയും, പകരം ഇത്തരക്കാരോട് പറഞ്ഞാൽ അവളെ പൂട്ടിയിട്ട് നട്ടെല്ലൊടിച്ച് സ്പെെനൽ കോഡ് ഒരു വഴിക്കാക്കി വരച്ച വരയിൽ അവളുടെ ഭാവിയും ജീവിതവും തകർത്ത് തരിപ്പണമാക്കുന്ന ഭീകരമായൊരു അവസ്ഥ.
ഒരു പെൺകുട്ടി ആരെ പ്രണയിക്കണം, അങ്ങനെ ആരെയെങ്കിലും പ്രണയിക്കുന്നവരെ ശരിയാക്കണം, അങ്ങനെ ശരിയാക്കിയാൽ മാത്രമേ ഇന്ത്യ ഒരുമിച്ച് നിൽക്കൂ എന്നും അപ്പോഴാണ് ഭാരതമാതാവിന് സന്തോഷം വരുന്നതെന്നും കരുതുന്നവരാണ് ഇവർ.