‘എക്സിറ്റ് പോളുകൾ ഇവിഎം തട്ടിപ്പിന് കളമൊരുക്കാന്‍; പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കണം, ഈ യുദ്ധം നാം ഒന്നിച്ച് പോരാടും’-മമത ബാനർജി
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ വോട്ടിംഗ് യന്ത്രത്തിൽ തട്ടിപ്പ് നടത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഇത് കണ്ട് പ്രതിപക്ഷം ഭയക്കരുതെന്നും കരുത്തരായി ഒരുമിച്ച് നിൽക്കാനും മമത ആഹ്വാനം ചെയ്തു.
ആയിരക്കണക്കിന് വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി മറിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് എക്സിറ്റ് പോളുകൾ എന്നാണ് മമത റ്റ്വീറ്റ് ചെയ്തത്. ”എക്സിറ്റ് പോൾ കിംവദന്തികളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഈ കിംവദന്തികളിലൂടെ ആയിരക്കണക്കിന് വോട്ടിംഗ് യന്ത്രങ്ങൾ പകരം വയ്ക്കാനോ അവയിൽ ക്രമക്കേട് നടത്താനോ ആണ് പദ്ധതി. ധൈര്യത്തോടെ ഒരുമിച്ച് നിൽക്കാനും ഐക്യത്തോടെ ഇരിക്കാനും എല്ലാ പ്രതിപക്ഷ കക്ഷികളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഈ യുദ്ധം നമ്മൾ ഒരുമിച്ച് പോരാടും”. എന്നാണ് മമത ബാനർജി റ്റ്വീറ്റ് ചെയ്തത്.
നിരവധി ചാനലുകളാണ് ബിജെപി സർക്കാർ കേന്ദ്രത്തിൽ തിരികെ അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിട്ടത്.