മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗധയായി നിയമിതയായി
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. തൽസ്ഥാനത്ത് നിന്ന് വിരമിക്കുന്ന മൗറീസ് ഒബ്സ്ട്ഫീൽഡിന്റെ പിൻഗാമിയായാണ് ഗീത ഗോപിനാഥിന് ഈ സ്ഥാനം ലഭിക്കുന്നത്. ഗീത ലോകം കണ്ട മികവുറ്റ സാമ്പത്തിക വിദഗ്ധയാണെന്ന് നിയമന വിവരം അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ഐഎംഎഫ് മേധാവി ക്രിസ്റ്റിൻ ലഗാർദെ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രതലത്തിൽ തന്നെ വേണ്ടത്ര അനുഭവപരിജ്ഞാനമുള്ള ഗീതയ്ക്ക് ബൗദ്ധിക നേത-പാടവവും ഉണ്ടെന്നും ലഗാർദെ പറയുന്നു.
ഹാർവഡ് സർവകലാശാല ഇക്കണോമിക്സ് പ്രഫസർ കൂടിയാണ് മലയാളിയായ ഗീത ഗോപിനാഥ്. അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച ഗീത ഗോപിനാഥിന് അടുത്തിടെ അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ് അംഗത്വം ലഭിച്ചിരുന്നു. അമേരിക്കൻ അക്കാദമി അംഗത്വം 46–ാം വയസ്സിലാണു ഗീതയെ തേടിയെത്തിയത്. ആഗോള തലത്തിൽ 5000 അംഗങ്ങൾ മാത്രമാണ് അക്കാദമിക്ക് ഉള്ളത്. ഈ മാസം ആറിനു മസച്യുസെറ്റ്സിലെ കേംബ്രിജിൽ അക്കാദമി ആസ്ഥാനത്ത് അംഗത്വം ഔപചാരികമായി നൽകാനിരിക്കെയാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഗീതയ്ക്കു ലഭിക്കുന്നത്.
കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളർന്നത്. ഡൽഹി ലേഡി ശ്രീറാം കോളജിൽ നിന്ന് ഇക്കണോമിക്സിൽ ഓണേഴ്സും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും വാഷിങ്ടൻ സർവകലാശാലയിൽ നിന്നും എംഎയും പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടി.
പ്രിൻസ്റ്റൻ സർവകലാശാലയിൽ ഗവേഷണത്തിനു വുഡ്രോ വിൽസൻ ഫെലോഷിപ് ലഭിച്ചു. യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു. മുൻ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പോവർട്ടി ആക്ഷൻ ലാബ് ഡയറക്ടറുമായ ഇക്ബാൽ ധലിവാൾ ആണു ഭർത്താവ്. മകൻ ഒൻപതാം ക്ളാസ് വിദ്യാർഥി രോഹിൽ.