ഇന്ത്യയില്‍ പൊതുസാമൂഹ്യനീതി ഉറപ്പുവരുത്താൻ ഹിന്ദുമതം പരിഷ്കരിക്കേണ്ടി വരുമ്പോഴുള്ള പ്രതിസന്ധി

By on

 

മതപരവും വിശ്വാസപരവുമായ കാര്യങ്ങളിൽ നിയമസംവിധാനത്തിന് എത്രത്തോളം ഇടപെടാനാകുമെന്നതാണ് ശബരിമല വിധിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നുവന്ന ഒരു പ്രശ്നം. ഇന്ത്യൻ ലിബറലിസത്തിന്റെ സവിശേഷതകളെ ചരിത്രവൽക്കരിച്ചുകൊണ്ടേ ഇതിന് ഉത്തരം കണ്ടെത്താൻ സാധിക്കൂ. ഒരു വ്യക്തിയുടെ മൗലികവകാശങ്ങൾക്കാണോ, ഒരു സമുദായത്തിന്റെ വിശ്വാസത്തിനാണോ നിയമസംവിധാനം സംരക്ഷണം നൽകേണ്ടതെന്ന ചോദ്യത്തിന്റെ ഉത്തരമായിക്കൂടിവേണം ഈ ചരിത്രവിധിയെ സമീപിക്കാൻ. ഇവിടെ വിവേചനം നേരിടാതെ സ്വന്തം അന്തസ്സ് (dignity) ഉയർത്തിപ്പിടിക്കാനുള്ള വ്യക്തിയുടെ മൗലികവകാശങ്ങൾക്കൊപ്പമാണ് പരമോന്നത നീതിപീഠം എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് ആവുന്നത്ര തെളിച്ചത്തോടെ വിധിയിൽ സൂചിപ്പിക്കപ്പെടുന്നുമുണ്ട്. ഒരു സമുദായത്തിന്റെ വിശ്വാസമെന്നുപറയുമ്പോൾ “അയ്യപ്പന്മാ”രെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക വിശ്വാസസമൂഹം എന്ന് നിർവചിക്കാനാവില്ലെന്നും കോടതി ആർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ബോധ്യപ്പെടുത്തുന്നുണ്ട്.

നിയമസംവിധാനത്തിന്റെ ഈ ഒരു ലിബറൽ സ്വഭാവത്തിനെ സാധൂകരിക്കാനാകുന്നത് ഇതുവരെയുള്ള ഇന്ത്യയുടെ ചരിത്ര പശ്ചാത്തലത്തെ മാനിക്കുമ്പോഴാണ്. ജാതി,മത,ലിംഗഭേദമന്യേ എല്ലാ പൗരന്മാർക്കും അന്തസ്സുയർത്തിപ്പിടിക്കാനുള്ള അവകാശമാണ് മൗലികവകാശങ്ങളുടെ കാതൽ. തുല്യത ഉറപ്പുവരുത്താതെ ഇത് സാധ്യമാക്കില്ലെന്ന് അംബേദ്കറുൾപ്പടെയുള്ള ഭരണഘടനാശില്പികൾക്ക് അറിയാമായിരുന്നു. അയിത്തം ഒരു വ്യക്തിയെ സാമൂഹ്യമായി ബഹിഷ്‌കരിച്ച്, അപരരാക്കി അവന്റെ/അവളുടെ അന്തസ്സിനെ കെടുത്തികളയും എന്നതുകൊണ്ടാണ് അയിത്തമാചരിക്കുന്നതിന് നിയമം മൂലം വിലക്കുകളുണ്ടാകുന്നത്. ഏതെല്ലാം തരത്തിലുള്ള പോരായ്മകളുണ്ടെങ്കിലും ഇന്ത്യൻ ലിബറൽ ജനാധിപത്യത്തിന്റെ സ്വഭാവത്തെ മനസ്സിലാക്കുമ്പോൾ വിസ്മരിച്ചുകൂടാനാവാത്ത ഒരു മേന്മയാണത്.

ഈ തരത്തിൽ വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് നിയമം മൂലം പരിരക്ഷ ഉറപ്പുവരുത്തി, അത് ശക്തിപ്പെടുത്തി കൊണ്ടുപോകേണ്ടി വരുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ മനസ്സിൽ പ്രബലമായി നിൽക്കുന്ന ഹിന്ദുത്വം എന്ന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ തന്നെ ചില പ്രത്യേക വിഭാഗങ്ങളെ ഒഴിച്ചുനിർത്തുക, സാമൂഹ്യമായി ബഹിഷ്കരിക്കുക, അപരവൽക്കരിക്കുക എന്നതൊക്കെയാണ്. ചില വിഭാഗങ്ങളെ കണ്ണെത്താത്ത, കയ്യെത്താത്ത ദൂരത്തേക്ക് മാറ്റിനിർത്തുന്നത് തങ്ങളുടെ ധാർമികബാധ്യതയാണെന്ന വിശ്വാസമാണ് ഈ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം.

മതത്തെയും ഭണകൂടത്തെയും പൂർണമായി വേർതിരിക്കുന്ന പാശ്ചാത്യമാതൃകയിലുള്ള ഒരു മതേതരത്വമല്ല ഇന്ത്യയിലേത്. ഭൂരിപക്ഷമതത്തിന്റെ വിശ്വാസപരമായ കാര്യങ്ങളിൽ ഓരോ ചരിത്രഘട്ടത്തിലും നിയമസംവിധാനത്തിന് ഇടപെടേണ്ടിവരുന്നത് ഈ മതവും അതുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെയും ഈ ഒഴിച്ചു നിർത്താനുള്ള പ്രവണതകൊണ്ടാണ്.

ഭരണഘടനയുടെ 25_ അനുച്ഛേദമാണ് മതപരവും വിശ്വാസപരവുമായ മൗലികവകാശങ്ങൾക്കുറിച്ച് പറയുന്നത്. ഈ അവകാശങ്ങൾ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ അനുവദിക്കപ്പെടേണ്ടതാണെന്നാണ് പുതിയവിധിയിൽ നിരീക്ഷിക്കപെടുന്നത്. ശബരിമലയിലേക്കുള്ള യുവതികളുടെ പ്രവേശനം തടഞ്ഞുകൊണ്ടുള്ള 1991 ലെ ഹൈക്കോടതി വിധിയിൽപ്പോലും സഹസ്രാബ്ദങ്ങളായി ഇവിടെ യുവതികൾ പ്രവേശിക്കാറില്ല എന്ന് പറയുന്നില്ല. മണ്ഡലകാലം, വിഷു, മകരവിളക്ക് തുടങ്ങിയ മൂന്നവസരങ്ങളിലൊഴികെ നടതുറപ്പുമായി ബന്ധപ്പെട്ട പ്രതിമാസപൂജകളിൽ പ്രായഭേദമെന്യേ സ്ത്രീകൾ പ്രവേശിച്ചിരുന്നതായി ആ വിധിയിൽ തന്നെ സൂചനകളുമുണ്ട്. 1991 ന് മുൻപ് ശബരിമലയിൽ നിരവധി യുവതികൾ ദർശനം നടത്തിയെന്നതിന് ജീവിച്ചിരിക്കുന്ന സാക്ഷികളും തെളിവുകളുമുണ്ട്. ബ്രഹ്മചരിയായ അയ്യപ്പനാണ് പ്രതിഷ്ഠ എന്നതിനാൽ ആർത്തവമുള്ള സ്ത്രീകൾ പ്രവേശിക്കുന്നത് ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടമാളുകളുടെ താൽപര്യപ്രകാരമായിരുന്നു പഴയ കേസും തുടർന്ന് വിധിയുമുണ്ടാകുന്നത്. ഇത്തരത്തിൽ വിധി സമ്പാദിച്ചതിനാൽ തന്നെ സ്വഭാവിക ജൈവിക പ്രവർത്തനങ്ങളുടെ പേരിൽ ഒരു ലിംഗവിഭാഗത്തിന്റെ ആരാധനസ്വാതന്ത്രത്തെ നിഷേധിക്കുന്നത് ലിംഗവിവേചനമാണെന്നാണ് ചരിത്രവിധിയിലൂടെ സുപ്രീംകോടതി ഊന്നിപറയുന്നത്. ആർത്തവത്തിന്റെ പേരിൽ മാറ്റി നിർത്തുന്നത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന പ്രശനം തന്നെയാണ്. അത് അയിത്തം തന്നെയാണ് .ശുദ്ധാശുദ്ധി സങ്കൽപങ്ങളെക്കാൾ അന്തസ്സിനുള്ള ഈ മൗലികവകാശത്തെയാണ് കോടതി പരിഗണിക്കുന്നതെന്നാണ് ഇവിടെ വ്യക്തമാകുന്നത്.

ഇൻഡ്യയിലെ ഹിന്ദുത്വത്തിന്റെ സ്വഭാവത്തിലേക്ക് മടങ്ങി വരാം. ഇവിടെ ഹിന്ദുമതം എണ്ണത്തിലും, രാഷ്ട്രീയാധികാരത്തിലും , സാംസ്കാരികജീവിതത്തിന് മേലുള്ള നിയന്ത്രണത്തിലും അപകടകരമായ വിധത്തിൽ മേൽക്കോയ്മ നിലനിർത്തുന്ന സന്ദർഭത്തിൽ കാലാകാലങ്ങളായി നിയമസംവിധാനങ്ങൾ ഇടപെടുകതന്നെ വേണ്ടി വരും .അങ്ങനെ ചെയ്യാതിരിക്കുന്നത് അപകടകരമാണെന്ന് ചരിത്രം തെളിയിച്ചതാണ്. എന്തുകൊണ്ട് ന്യൂനപക്ഷമതങ്ങളുടെ കാര്യത്തിൽ ഈ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നില്ല എന്ന് ചോദിച്ചാൽ ആ മതങ്ങൾ ഇവിടെ അധീശ മതങ്ങളായി( hegemonic religion) നിലനിൽക്കുന്നില്ല എന്നാണ് ഉത്തരം. മാത്രവുമല്ല അനുദിനം ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ഇസ്ലാം മതത്തെ അപരവൽക്കരിച്ചുകൊണ്ട് ഹിന്ദുത്വം ആധിപത്യമുറപ്പിക്കുന്ന ഒരു ചരിത്ര ഘട്ടത്തിൽ ന്യൂനപക്ഷമതങ്ങളുടെ വിശ്വാസപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരിരക്ഷ ഉറപ്പുവരുത്തുക കൂടി ചെയേണ്ടതുണ്ട്. ഒരു നിലയ്ക്കും അധീശമതമായ ഹിന്ദു മതവും, അപരവൽക്കാരിക്കപ്പെടുന്ന ന്യൂനപക്ഷ മതമായ ഇസ്ലാമിനേയും തുല്യമായി കാണാനാകില്ല. ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിക്കുമ്പോൾ മനസിലാക്കേണ്ടുന്ന ഒന്നാണത്.

ശബരിമലവിധിയ്ക്ക് ശേഷം ഈ അധീശമതം കുറച്ചുകൂടി വൈകാരികമായി ഏകീകരിക്കപ്പെടുകയും , ചിലരെ കൂടുതൽ അപരവൽക്കരിക്കാൻ ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും കാണാം. ഇവിടെ ഇപ്പോൾ അപരങ്ങളാകുന്നത് ശബരിമലയിൽ പ്രവേശിക്കാനൊരുങ്ങുന്ന യുവതികളും, അതിനെ പിന്തുണയ്ക്കുന്നവരും, സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കാത്തവർ എന്ന് പറഞ്ഞു കൊണ്ട് ഇസ്ലാം മതവിശ്വാസികളും , രാഷ്ട്രീയ ഇസ്ലാമും ഒക്കെയാണ്. ഇത് തീവ്രഹിന്ദു വലതുപക്ഷത്തെതന്നെ കൂടുതൽ ശക്തിപ്പെടുത്തിയേക്കും. ഇത് തങ്ങൾക്കുപുറത്തുനിൽക്കുന്നവരെ ഒറ്റപ്പെടുത്തുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകത കൊണ്ടാണെന്ന് മനസിലാക്കാവുന്നതെയുള്ളൂ.


Read More Related Articles