രോഹിത് വെമുലയും സുഹൃത്തുക്കളും സമരം ചെയ്ത വെളിവാഡ സർവ്വകലാശാല അധികൃതർ തകർത്തു

By on

ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ സാമൂഹ്യ ബഹിഷ്കരണം നേരിട്ട രോഹിത് വെമുല അടക്കമുള്ള അഞ്ച് ദളിത് വിദ്യാർത്ഥികൾ കെട്ടിയുയർത്തിയ വെളിവാഡ സർവ്വകലാശാല അധികൃതർ തകർത്തു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു നടപടി. വെളിവാഡ ഉയർന്നത് മുതൽ തന്നെ സർവ്വകലാശാല അധികൃതരുടെ ഭാ​ഗത്ത് നിന്നും തകർക്കൽ ഭീഷണി നേരിട്ടിരുന്നു.

2016 ജനുവരി നാലിനായിരുന്നു ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഷോപ്പിങ് കോംപ്ലക്സിൽ എഎസ്എ പ്രവർത്തകരായ രോഹിത്, ദൊന്ത പ്രശാന്ത്, ശുങ്കണ്ണ, ശേഷു, വിജയ് എന്നീ വിദ്യാർത്ഥികൾ ചേർന്ന് വെളിവാഡ കെട്ടിയത്. ജനുവരി 18ന് കേസിൽ വാദം കേൾക്കും വരെ കാത്തുനിൽക്കാം എന്ന നിലപാടിൽ സമരം ചെയ്യുകയും പിന്നീട് ജനുവരി 17ന് രോഹിത് വെമുല ആത്മഹത്യ ചെയ്തതോടെ സമരത്തിന്റെ ​ഗതിമാറുകയുമായിരുന്നു.


ഡോ.ബിആർ അംബേദ്കർ, രമാബായ് അംബേദ്കർ, മഹാത്മ ജ്യോതിബാ ഫുലെ, സാവിത്രി ഫുലെ, ഷാഹുജി മഹാരാജ്, ​ഗുറാം ജോഷുവ, കോമാറാം ഭീം, മാന്യവർ കാൻഷിറാം, പെരിയാർ എന്നിവരുടെ പോർട്രെയ്റ്റുകൾ കൊണ്ടാണ് വെളിവാഡ കെട്ടിയിട്ടുള്ളത്. ഇതെല്ലാം തകർ‍ത്തിട്ടുണ്ട്. എസ് സി എസ് ടി അതിക്രമ നിരോധന നിയമപ്രകാരം കുറ്റാരോപിതനാണ് വെെസ് ചാൻസിലർ അപ്പാറാവു.


ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ അംബേദ്കറുടെയും സാവിത്രിഫുലെയുടെയും അയ്യങ്കാളിയുടെയും ഒക്കെ ഫ്രെയ്മുകളാണ് ഞങ്ങളെ സംരക്ഷിച്ചത്. വെെസ് ചാൻസലറുടെ ഉത്തരവ് തന്നെയാണ് കാരണം. മറ്റല്ലാതെ ഒരു പരാതിയും വെളിവാഡയ്ക്ക് നേരെ ഉണ്ടായിട്ടില്ല. വെളിവാഡ നീക്കം ചെയ്യാനുള്ള ഉത്തരവ് അപ്പാറാവു തന്നെയാണ് പുറത്ത് വിട്ടത്. ഒരു സംഘടന എന്ന നിലയിൽ എഎസ്എ, ദളിത് ബഹുജൻ സമുദായാംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾ ഇതിനെ ശക്തമായി പ്രതിരോധിക്കും എന്നാണ് പറയാനുള്ളത്. ദൊന്ത പ്രശാന്ത് പറഞ്ഞു. ജനുവരി 17ന് രോഹിത് വെമുലയുടെ മൂന്നാം ഷഹാദത് ദിനത്തിന്റെ സാഹചര്യത്തിലാണ് സർവ്വകലാശാല അധികൃതരുടെ നടപടി.


Read More Related Articles