ആരോഗ്യസ്ഥിതി മോശമായി, മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് പിഡിപി ചെയര്മാന് അബ്ദുൽ നാസിർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിഫാ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രക്തസമ്മർദ്ദം കൂടുകയും ശക്തമായ ഛർദ്ദിയും തലചുറ്റലും ബാധിക്കുകയും ചെയ്തതോടെ ഇന്നലെ അർധരാത്രിയോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് മകൻ സലാഹുദ്ദീൻ അയ്യൂബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരീരഭാരം ക്രമാതീതമായി കുറയുന്നതടക്കം നിരവധി ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ് അദ്ദേഹം. എൻഐഎ കോടതിയിൽ കേസ് നടപടികൾക്കായി തുടർച്ചയായി ഹാജരാകേണ്ടതു കാരണം മതിയായ ആരോഗ്യ പരിരക്ഷ മഅ്ദനിക്ക് നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.