ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ ഉന്നാവോയിലെ യുവതി ആശുപത്രിയിൽ മരിച്ചു
ഉത്തർപ്രദേശ് ഉന്നാവോയിൽ വ്യാഴാഴ്ച ബലാത്സംഗ കേസിലെ പ്രതികൾ തീകൊളുത്തിയ ഇരുപത്തിമൂന്നുകാരി ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാത്രി 11.40നാണ് ഡൽഹി സഫ്ദർജംഗ് ഹോസ്പിറ്റലിൽ വെച്ച് യുവതി മരിച്ചത്. ശരീരത്തിൽ 90% പൊള്ളലേറ്റിരുന്നു. “11.10ന് ഹൃദയാഘാതമുണ്ടായി, ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും അവർക്ക് അതിജീവിക്കാൻ കഴിഞ്ഞില്ല, 11.40ന് മരണം രേഖപ്പെടുത്തി” സഫ്ദർജംഗ് ആശുപത്രിയിലെ ബേൺസ് ആൻജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ.ശലഭ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. റായ് ബറേലിയിലെ കോടതിയിൽ ഹിയറിങ്ങിനായി പോകുമ്പോഴായിരുന്നു 2018ൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചുപേരിൽ രണ്ടുപേരടങ്ങുന്ന സംഘം യുവതിയെ ആക്രമിച്ചത്.
ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികളുടെ സംഘത്തിലുണ്ടായിരുന്ന പ്രതികൾ. ഹരിശങ്കർ ത്രിവേദി, രാംകിഷോർ ത്രിവേദി, ഉമേഷ് ബാജ്പേയി എന്നിവരാണ് യുവതിയെ തീ കൊളുത്തി ആക്രമിച്ച മറ്റ് പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊള്ളലേറ്റ ശേഷം സഹായത്തിനായി നിലവിളിച്ചുകൊണ്ട് ഒരു കിലോമീറ്ററോളം യുവതി ഓടിയതായി ദൃക്സാക്ഷി രവീന്ദ്ര പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രവീന്ദ്ര പ്രകാശിന്റെ ഫോണിൽ നിന്നാണ് യുവതി പൊലീസിനെ വിവരമറിയിച്ചത്. വ്യാഴാഴ്ച മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചുപേരുടെയും പേര് വിവരങ്ങൾ ഇവർ വ്യക്തമാക്കിയിരുന്നു. തന്നെ അടിക്കുകയും കുത്തിമുറിപ്പെടുത്തുകയും പിന്നീട് തീ കൊളുത്തുകയുമായിരുന്നു എന്നാണ് മൊഴി നൽകിയത്.
തനിക്ക് മരിക്കേണ്ട എന്നും പ്രതികൾക്ക് വധശിക്ഷ തന്നെ ലഭ്യമാക്കണം എന്നും വെള്ളിയാഴ്ച യുവതി തന്നോട് പറഞ്ഞിരുന്നതായി സഹോദരൻ മാധ്യമങ്ങളോട് പറഞ്‍ഞു. ഈ കേസുമായി മുന്നോട്ട് പോകുന്നതു കാരണം തങ്ങൾ വധഭീഷണി നേരിട്ടിരുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.
ശുഭം ത്രിവേദിയാണ് കേസിലെ പ്രധാന പ്രതി. 2018 ഡിസംബറിലാണ് ശുഭം ത്രിവേദിയും ശിവം ത്രിവേദിയും ചേർന്ന് യുവതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. മാർച്ചിലാണ് ഇവർക്കെതിരെ യുവതി പരാതി നൽകിയത്. നവംബർ 30ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ശുഭം യുവതിയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.