“സുഹൃത്തുക്കളുടെ സാമ്പത്തിക സഹായത്തിൽ ഞങ്ങൾ എത്രകാലം അതിജീവിക്കും?”; ഡൽഹി യൂണിവേഴ്സിറ്റിയിലെ കശ്മീരി വിദ്യാർത്ഥി സാഖിബ് യെട്ടൂ

By on

ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ആർട്ടിക്കിൾ 370 ഇന്ത്യൻ ഭരണകൂടം ഏകപക്ഷീയമായി റദ്ദ് ചെയ്ത് മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള കർഫ്യൂ പ്രഖ്യാപിച്ച് അമ്പത്തിയെട്ട് ദിവസങ്ങൾ പിന്നിടുകയാണ്. സെെനിക പീഡനത്തിന്‍റെയും ജനകീയ പ്രതിരോധത്തിന്‍റെയും വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വഴി കശ്മീരില്‍ നിന്നും പുറത്തുവരുന്ന സാഹചര്യത്തില്‍ തങ്ങൾ നേരിടുന്ന അനിശ്ചിതത്വത്തെ ചോദ്യം ചെയ്യുകയാണ് ഡൽഹി യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായ സാഖിബ് യെട്ടൂ.

നിലവിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന കശ്മീരി വിദ്യാർത്ഥികൾ, പ്രത്യേകിച്ച് രക്ഷിതാക്കളെ ആശ്രയിച്ച് പഠനം തുടരുന്ന ബിരുദ വിദ്യാർത്ഥികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കശ്മീരിന് പുറത്തുള്ള കശ്മീരികളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയെ ആശ്രയിച്ചാണ് ഇപ്പോൾ ഇവർ കഴിയുന്നത്, ഇങ്ങനെ എത്രനാൾ മുന്നോട്ടുപോകാൻ കഴിയും എന്നാണ് സാഖിബ് ചോദിക്കുന്നത്.

ഓഗസ്റ്റില്‍ കശ്മീരില്‍ പോയി മടങ്ങിവന്ന സാഖിബ് സംസാരിക്കുന്നു,
“ഞാൻ സൗത് കശ്മീരിൽ നിന്നാണ് വരുന്നത്, ഏറ്റവും സംഘർഷ ഭരിതമായ മേഖല. കശ്മീരിലെ അവസ്ഥ വളരെ മോശമാണ്, കടകൾ അടഞ്ഞുകിടക്കുകയാണ്, പൊതു ഗതാഗതം ഇല്ല. എവിടെയും ജനങ്ങളെ കാണാൻ കഴിയില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡുകളിൽ കാണാൻ കഴിയുന്നത്. ശ്രീനഗറിൽ എത്തിയപ്പോൾ വളരെ വിചിത്രമായ സങ്കടവും മരവിപ്പുമാണ് എനിക്കുണ്ടായത്, ജനങ്ങൾ കടുത്ത നിരാശയിലാണ്. ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. എല്ലാവരിലും ഒരു മോഷണം നടന്നുകഴിഞ്ഞതിന്റെ ബാക്കി വികാരമാണ്.
ബുദ്ധിമുട്ടുകളനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികളുണ്ട്, ഇന്ത്യയിലും വിദേശത്തും പഠിക്കുന്നവർ. അവരുടെ രക്ഷിതാക്കൾക്ക് അവരെ സഹായിക്കാൻ കഴിയുന്നില്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ജനങ്ങളും മാധ്യമപ്രവർത്തകരുമെല്ലാം കശ്മീരികൾക്ക് പിന്തുണയുമായി എത്തുന്നുണ്ട്. കശ്മീരികളും കശ്മീരികൾ അല്ലാത്തവരുമായ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ ഒന്നിച്ച് കശ്മീരി വിദ്യാർത്ഥികളെ സഹായിക്കാൻ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അവരുടെ ആവശ്യങ്ങൾ ഇ-മെയിൽ വഴി ഈ കൂട്ടായ്മയെ ബന്ധപ്പെട്ട് അറിയിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ വാടക കൊടുക്കാനും വീട്ടിലേക്ക് ടിക്കറ്റ് ബുക് ചെയ്യാനുമൊക്കെ കഴിയുന്നത് അതുവഴിയാണ്. പക്ഷേ അതിനെല്ലാമപ്പുറം എത്ര കാലത്തേക്കാണ് നമ്മൾ സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയും സാമ്പത്തിക സഹായത്തിൽ അതിജീവിക്കുക? നമ്മൾക്ക് കശ്മീരിലേക്ക് തിരിച്ചുപോയി രക്ഷിതാക്കളോട് പെെസ ചോദിക്കേണ്ട അവസ്ഥയാണ്, മനുഷ്യത്വ വിരുദ്ധമായ ഈ കർഫ്യൂ തുടങ്ങിയ ശേഷം അവർക്കതിന് കഴിയുന്നില്ല.

വ്യക്തിപരമായി വിദ്യാർത്ഥികളെ സഹായിക്കാനുള്ള ശ്രമം ഞാനാണ് തുടങ്ങിയത്. മാധ്യമപ്രവർത്തകരായും രാഷ്ട്രീയ പ്രവർത്തകരായും സർക്കാർ ഉദ്യോഗസ്ഥരായും സാമൂഹ്യ പ്രവർത്തകരായും എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. ഇവരെയെല്ലാം ചേർത്ത് ഒരു വാട്സപ്പ് ഗ്രൂപ് തുടങ്ങുകയാണ് ചെയ്തത്. രാജ്യത്ത് എവിടെയായാലും ഏതെങ്കിലും വിദ്യാർത്ഥി എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ഞാനത് ഈ ഗ്രൂപ്പിൽ അറിയിക്കുകയാണ് ചെയ്യുക. പുൾവാമ ആക്രമണം ഉണ്ടായ ശേഷം ഇന്ത്യയിലെ പല കൊളേജുകളിൽ നിന്നും കശ്മീരി വിദ്യാർത്ഥികളെ പുറത്താക്കിയ സംഭവങ്ങളുണ്ടായപ്പോൾ തുടങ്ങിയ ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ട്, ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ വിദ്യാർത്ഥികളെ സഹായിക്കാൻ ആളുകളുണ്ടാകാറുണ്ട്. മുംബെെയിലോ ഉത്തരാഖണ്ഡിലോ ഏതെങ്കിലും വിദ്യാർത്ഥികൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ അവിടെയുള്ള സുഹൃത്തുക്കളുമായി അവർ ബന്ധപ്പെടുകയാണ് ചെയ്യാറുള്ളത്. അവർ വഴിയാണ് ഞങ്ങളുടെ ഗ്രൂപ്പിലേക്ക് എസ്ഓഎസ് മെസേജുകൾ എത്തുന്നത്. ഓരോ സംസ്ഥാനത്തും ഞങ്ങളുടെ ആളുകളുണ്ട്. അങ്ങനെയാണ് എനിക്ക് വിദ്യാർത്ഥികളെ സഹായിക്കാൻ കഴിയുന്നത്. മറ്റ് വിദ്യാർത്ഥി സംഘടനകളുണ്ട്, മുസ്ലിം സംഘടനകളുണ്ട്, കശ്മീരികളല്ലാത്തവർ ഉണ്ടാക്കിയ കൂട്ടായ്മകളുണ്ട്, കശ്മീരികൾ ഉണ്ടാക്കിയ ഗ്രൂപ്പുകളുണ്ട്, മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന കശ്മീരികൾ ഉണ്ടാക്കിയ ഗ്രൂപ്പുകളുണ്ട്, ഇങ്ങനെയാണ്  ഞങ്ങൾ തമ്മിൽ സഹായിക്കുന്നത്.

ഇന്ത്യൻ‍ മാധ്യമങ്ങളോട് പറയാനുള്ളത്

മാധ്യമങ്ങളോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്, അമ്പത്തിയെട്ട് ദിവസങ്ങളോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത് എന്തു തരം സാധാരണ അവസ്ഥയാണ്? കടകൾ ഇതുവരെയും തുറന്നിട്ടില്ല, വ്യവസായം തകർന്നു, ആളുകൾക്ക് അവരുടെ വീടുകളിൽ നിന്നും പുറത്തുവരാൻ കഴിയുന്നില്ല. പുൾവാമയിൽ നിന്നും ഷോപിയാനിൽ നിന്നും സെെനിക പീഡനങ്ങളുടെ റിപ്പോർട്ടുകൾ വരുന്നു. രാത്രി റെയ്ഡുകൾ നടക്കുന്നു. യുവാക്കളും കുട്ടികളും അറസ്റ്റ് ചെയ്യപ്പെടുന്നതായാണ് അറിയാൻ കഴിയുന്നത്. അവരെ സായുധ സേന ശാരീരികമായി പീഡിപ്പിക്കുകയും മാരകമായി പരിക്കേൽപിക്കുകയും ചെയ്യുകയാണ്. ഇതാണോ സാധാരണ സ്ഥിതിഗതികൾ? അവർ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്? കശ്മീരികളെ ഒരിക്കലും വിഡ്ഢികളാക്കാൻ കഴിയില്ല, ചിലപ്പോൾ അവരെ വിശ്വസിക്കുന്ന ജനങ്ങളെ വിഡ്ഢികളാക്കാൻ കഴിഞ്ഞേക്കുമായിരിക്കും. ഞങ്ങൾ അവരെ വിശ്വസിക്കുന്നില്ല, അത് വ്യക്തമാണ്. നമുക്ക് അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാർത്താ റിപ്പോർട്ടുകളുണ്ട്, അവർ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇന്ത്യൻ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നില്ല എന്നത് സങ്കടകരമാണ്. അവരുടെ യജമാനന്മാരുടെ കയ്യിലെ കരുക്കളായി അവർ മാറി. കശ്മീർ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഭരണകൂട പക്ഷം ചേരുന്നു. ഇന്ത്യൻ മാധ്യമങ്ങളുടെ കശ്മീർ  റിപ്പോർട്ടിങ്ങിൽ നിറയെ വെെരുദ്ധ്യങ്ങളാണ്. ഈ മാനസികാവസ്ഥ ഞങ്ങൾ പ്രകടമായി കാണാൻ തുടങ്ങിയത് 2014 മുതലാണ്. ഭീകരവാദം സാധാരണവൽക്കരിക്കപ്പെടുകയാണ്, രാജ്യമെങ്ങുമുള്ള ഭീകരവാദ ശക്തികളാണ് എല്ലാം തീരുമാനിക്കുന്നത്. അവർക്ക് തോന്നുന്നത് എന്തും ചെയ്യാൻ മാത്രം അവർ സ്വതന്ത്രരാണ്. ഇതൊരു പാൻ ഇന്ത്യൻ പ്രതിഭാസമാണ്. അവരുടെ ആശയമൂലധനം എന്താണ് എന്ന് നമുക്ക് വ്യക്തമായി അറിയാം.  അവർ കശ്മീരിനോട് ചെയ്തത് മാറ്റിനിർത്തി കാണേണ്ട ഒരു കാര്യമല്ല, അതൊരു സന്ദേശം നൽകുന്നുണ്ട്, നമുക്കുമേൽ ഇത് സംഭവിച്ചത് നമ്മൾ മുസ്ലിങ്ങൾ ആയതുകൊണ്ട് മാത്രമാണ്. നമുക്ക് സംഭവിച്ചത് നാളെ മറ്റൊരു സംസ്ഥാനത്തും സംഭവിക്കാം, മറ്റൊരു സമുദായത്തിനും സംഭവിക്കാം.

ഇന്ത്യയുടെ ജനാധിപത്യ, ഫെഡറൽ ഘടനയെ അവർ തകർക്കുകയാണ്. ഇന്ന് നമ്മളാണെങ്കിൽ നാളെ മറ്റേത് സംസ്ഥാനത്തിനും ഇത് സംഭവിക്കാം. തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ അവർ ഏതറ്റം വരെയും പോകും.

പെൺകുട്ടികളും സ്ത്രീകളും സാധാരണയായി അവരുടെ ആർത്തവത്തെപ്പറ്റി കുടുംബത്തിലെ പുരുഷന്മാരോട് സംസാരിക്കാറില്ല. അവരോട് ആരോടും സാനിറ്ററി നാപ്കിൻ വാങ്ങിച്ച് കൊടുക്കാൻ അവർ ആവശ്യപ്പെടാറില്ല. പക്ഷേ കർഫ്യൂ തുടങ്ങിയ ശേഷം സ്ത്രീകൾക്ക് തങ്ങളുടെ വീടുകളിൽ നിന്നിറങ്ങി ഫാർമസിയിൽ നിന്ന് നാപ്കിൻ വാങ്ങിക്കാൻ പറ്റുന്നില്ല. ഇത് വലിയ ബുദ്ധിമുട്ടാകുന്നത് അവരുടടെ രക്ഷിതാക്കൾ അവരെ പുറത്തേക്ക് പോകാൻ സമ്മതിക്കാതിരിക്കുമ്പോഴാണ്, സാഹചര്യങ്ങൾ അനുവദിക്കാത്തതുകൊണ്ടാണ്. എങ്ങനെയാണ് ഓരോ അഞ്ഞൂറുമീറ്ററിലും പട്ടാളക്കാർ നിൽക്കുമ്പോൾ ഒരാൾക്ക് മകളെ ഒറ്റക്ക് പുറത്തോട്ടുവിടാൻ കഴിയുന്നത്? അത് ഭയം കൊണ്ടാണ്. ഷോപിയാന്റെയും കുനാൻ- പോഷ്പോറയുടെയും ഓർമകൾ ഞങ്ങളെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ്.

പ്രായത്തിനും ജോലി ചെയ്യുന്ന മേഖലകൾക്കും ഒക്കെ അപ്പുറത്തായി ഈ രാജ്യത്തിന്റെ പൊതുമനസ്സാക്ഷിയോട് ഞാൻ അഭ്യര്‍ത്ഥിക്കുകയാണ്, നോക്കൂ ഒരു സംസ്ഥാനത്തിന്റെ കഴുത്ത് ഞെരിക്കപ്പെട്ടിട്ട് ഇന്നേക്ക് അമ്പത്തെട്ട് ദിവസങ്ങള്‍ കഴിഞ്ഞു.

രക്തച്ചൊരിച്ചിൽ നിറഞ്ഞ ഈ ഉപരോധം അവസാനിപ്പിക്കുക, കശ്മീരികൾക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവസരമുണ്ടാകട്ടെ, ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ കശ്മീരികളെ അനുവദിക്കു. ഇന്ത്യൻ പതാകയേന്തിയിരുന്ന, കശ്മീരിൽ ഇന്ത്യൻ രാഷ്ട്രീയം പ്രചരിപ്പിച്ചിരുന്ന രാഷ്ട്രീയ നേതാക്കൾ പോലും പബ്ലിക് സേഫ്റ്റി ആക്റ്റ് പോലുള്ള നിയമങ്ങൾ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്, ഡോ.ഫറൂഖ് അബ്ദുള്ളയെയും ഷാ ഫേസലിനെയും പോലുള്ള മുഖ്യധാരാ നേതാക്കൾക്ക് സംഭവിച്ചത് എന്താണ്? അവർ ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചവരാണ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നവരെല്ലാം ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരാണ്. അതൊരു വസ്തുതയാണ്. അത് ആർക്കും നിഷേധിക്കാൻ കഴിയില്ല. ഈ നേതാക്കളെപ്പോലും ഇന്ത്യ ജയിലിലടച്ചിരിക്കുകയാണ്. മുഖ്യധാരാ രാഷ്ട്രീയം ചുരുങ്ങുന്നിടത്ത് അതിതീവ്ര രാഷ്ട്രീയം ശക്തി പ്രാപിക്കും. അവരാണ് ആ വിടവ് നികത്തുക. ഇത് സൃഷ്ടിക്കാൻ പോകുന്ന ആഘാതം എനിക്കീ അവസരത്തിൽ സങ്കൽപിക്കാൻ പോലും കഴിയുന്നതല്ല. ഈ ഉപരോധം അവസാനിച്ചാൽ, മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ പുറത്തിറങ്ങിയാൽ  കശ്മീരിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്താണെന്ന് സങ്കൽപിക്കാൻ പോലും കഴിയില്ല. ഇതൊരു വല്ലാത്ത വെല്ലുവിളിയായി മാറും. കൊലപാതകങ്ങളും ചോരച്ചൊരിച്ചിലും ഉണ്ടാകില്ല എന്ന് മാത്രമാണ് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്.”


Read More Related Articles