കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനും വ്യാജ ബിരുദം? മാനവ വിഭവ ശേഷി മന്ത്രാലയം പുതിയ വിവാദത്തിൽ
കേന്ദ്ര മാനവവിഭവ ശേഷി മന്തി രമേശ് പൊഖ്രിയാലിന് ശ്രീലങ്കൻ സർവ്വകലശാലയുടെ പേരിലുള്ള രണ്ട് ഡിലിറ്റ് ബിരുദങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമമായ ഇന്ത്യാ റ്റുഡേയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 1990കളിലാണ് കൊളംബോ ഓപ്പൺ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്നും സാഹിത്യത്തിലുള്ള സംഭാവനയ്ക്ക് രമേശ് പൊഖ്രിയാലിന് ഡീലിറ്റ് ബിരുദം ലഭിക്കുന്നത്. കുറേ വർഷങ്ങൾക്ക് ശേഷം ഇതേ സർവ്വകലാശാലയിൽ നിന്നും പൊഖ്രിയാലിന് ഒരു ഡീലിറ്റ് ബിരുദം കൂടി ലഭിച്ചു. ഇത്തവണ ശാസ്ത്രത്തിലുള്ള സംഭാവനയ്ക്ക് ആയിരുന്നു ബിരുദം. ശ്രീലങ്കയ്ക്ക് അകത്തോ പുറത്തോ അംഗീകാരമുള്ള സർവ്വകലാശാലയല്ല ഒഐയു എന്ന് ശ്രീലങ്ക യൂണിവേഴ്സിറ്റി ഗ്രാൻ്സ് കമ്മീഷൻ സ്ഥിരീകരിച്ചതായി ഇന്ത്യാ റ്റുഡേ റിപ്പോർട്ട് ചെയ്യുന്നു.
രമേശ് പൊഖ്രിയാലിന്‍റെ ബയോ ഡാറ്റ സംബന്ധിച്ച് വിവവരാകശ നിയമ പ്രകാരം ഡെറാഡൂണിൽ സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടി ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന വസ്തുതകളിൽ പൊരുത്തക്കേട് ഉണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു. സി വിയിൽ പറഞ്ഞിരിക്കുന്ന ജനന തീയതി അല്ല പാസ്പോർട്ടിലേത്. സിവി അനുസരിച്ച് പൊഖ്രിയാൽ ജനിച്ചത് ഓഗസ്റ്റ് 15, 1959 ലും പാസ്പോർട് അനുസരിച്ചുള്ള തീയതി ജൂലൈ 15, 1959 ഉം ആണ്.
ജ്യോതിഷവുമായി താരതമ്യ ചെയ്യുമ്പോൾ എല്ലാ ആധുനിക ശാസ്ത്രവും എത്രയോ ചെറുതാണ് എന്ന് പ്രസ്താവന നടത്തിയ ആളാണ് രമേഷ് പൊഖ്രിയാൽ. 2014 ൽ പാർലമെന്റിലാണ് പൊഖ്രിയാൽ ഇങ്ങനെ പറഞ്ഞത്. ‘തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഭാരതത്തിൽ ഉണ്ടായിരുന്നു’. ‘കണാദ മഹർഷി പുരാതന ഭാരതത്തിൽ ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്’ എന്നീ പ്രസ്താവനകളും പൊഖ്രിയാലിന്റേതാണ്. ഒന്നാം മോദി സര്‍ക്കാരിൽ ഹരിദ്വാറില്‍ നിന്നുള്ള പാര്‍ലമെന്റംഗമായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ സരസ്വതി ശിശു മന്ദിറില്‍ അധ്യാപകനായാണ് തുടക്കം. ഉത്തരാഖണ്ഡിൽ 2009 മുതൽ 2011 വരെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം.