മതിയായ ചികിത്സ ലഭിച്ചില്ല; ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദലിത് വിദ്യാർത്ഥി കൊല്ലപ്പെട്ടു

By on

ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ദലിത് ​ഗവേഷക വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഫിസിക്സിൽ പിഎച്ച്ഡി ചെയ്യുന്ന രശ്മി രഞ്ജൻ സുന ആണ് ഡെങ്കി പനി ബാധിച്ച് അവയവങ്ങൾ തകരാറിലായി മതിയായ ചികിത്സ കിട്ടാതെ കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് രശ്മിയുടെ സുഹൃത്ത് ചെെതന്യ മേദി പറയുന്നത് ഇങ്ങനെ,
“കഴിഞ്ഞ തിങ്കളാഴ്ച അസുഖബാധിതനായ രശ്മി ഹെൽത് സെന്ററിലെ ഡോക്ടറെയാണ് ആദ്യം കണ്ടത്. പനിക്കുള്ള മരുന്നുകളാണ് കൊടുത്തത്.പുലർച്ചെ ഒരു മണിയോടെയായിരുന്നു ഡോക്ടറെ കണ്ടത്. എന്നാൽ നാലുമണിയായതോടെ ശരീര വേദന കൂടിയിട്ടുണ്ട് എന്ന് ഡോക്ടറെ അറിയിച്ചപ്പോൾ ഹെെദരാബാദിലെ ഹിമ​ഗിരി ഹോസ്പിറ്റലിൽ ചികിത്സ തേടാനാണ് ഹെൽത് സെന്ററിലെ ഡോക്ടറും മറ്റു ഉദ്യോ​ഗസ്ഥരും ആവശ്യപ്പെട്ടത്. എന്ത് കൊണ്ട് ഹിമ​ഗിരി ഹോസ്പിറ്റൽ, സിറ്റിസൺ ഹോസ്പിറ്റലിൽ പോകുന്നതല്ലേ നല്ലത് എന്ന് രശ്മിയുടെ സുഹൃത്ത് ചോദിച്ചപ്പോൾ ഇതൊരു ചെറിയ വെെറൽ ഫിവർ ആണെന്നും ഇത് മാറണമെങ്കിൽ ഹിമ​ഗിരിയിൽ തന്നെ പോകണം എന്നുമായിരുന്നു ഡോക്ടറുടെ മറുപടി.

5 മണിയോടെ രശ്മിയെ ഹിമ​ഗിരി ഹോസ്പിറ്റൽ ജനറൽ വാർഡിൽ അഡ്മിറ്റ് ചെയ്തു. രശ്മിയുടെ ശരീരത്തിലേക്ക് സലെെൻ വാട്ടർ പമ്പ് ചെയ്തു. തനിക്ക് ശരീര വേദനയും ഉണ്ടെന്ന് ഹോസ്പിറ്റൽ അധികാരികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ രശ്മിയെ എെസിയുവിലേക്ക് മാറ്റി. എെസിയു എന്നാൽ കർ‍ട്ടൻ മറച്ചുണ്ടാക്കിയ കുറച്ചു മുറികൾ ആണ്. രണ്ട് ദിവസം എെസിയുവിൽ കഴിഞ്ഞിട്ടും രശ്മിയുടെ ആരോ​ഗ്യം തകർന്നു. രക്തപരിശോധന നടത്തി ഡെങ്കു ഇല്ല എന്ന റിപ്പോർട്ടാണ് ആശുപത്രി അധികൃതർ നൽകിയത്.

മറ്റൊരു ഹോസ്പിറ്റലിലേക്ക് ചികിത്സ മാറ്റാൻ തീരുമാനിച്ച രശ്മിയോട് മാറുന്നതിന് മുമ്പ് 34,000 രൂപയാണ് ഹിമ​ഗിരി ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്, യൂണിവേഴ്സിറ്റി‌യിൽ നിന്നുള്ള ഹെൽത് ഇൻഷുറൻസ് തുക കിട്ടാൻ ഒരാഴ്ചയെടുക്കുന്നതിനാൽ രശ്മിയുടെ സുഹൃത്താണ് പണമടച്ചത്.

വ്യാഴാഴ്ച നല്ല​ഗണ്ട്ലയിലെ സിറ്റിസൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഹെൽത് സെന്ററിലെയും ഹിമ​ഗിരി ഹോസ്പിറ്റലിലെയും റിപ്പോർട്ടുകളാണ് ഡോക്ടർക്ക് കൊടുത്തത്, പിന്നീട് ശരീരവേദനയെക്കുറിച്ച് രശ്മി പറഞ്ഞപ്പോൾ മാത്രമാണ് എത്ര ​ഗുരുതരമാണ് അസുഖം എന്ന് ​സിറ്റിസൺ ​ഹോസ്പിറ്റലിലെ ഡോക്ടറും മനസ്സിലാക്കിയത്. രശ്മിയുടെ നില ​ഗുരുതരമാണെന്നും 48 മണിക്കൂർ ഒബ്സർവേഷനിൽ വേണമെന്നും ഡോക്ടർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ആന്തരികാവയവങ്ങൾ തകരാറിലാകുകയും രക്തസ്രാവം തുടങ്ങുകയും ചെയ്തു. ജീവൻ നിലനിർത്താനുള്ള കൃത്രിമ സംവിധാനത്തോടെയാണ് പിന്നീട് രശ്മിയെ ചികിത്സിച്ചത്. ഇതിന് ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ചെലവാകുക. സിറ്റിസൻസ് ഹോസ്പിറ്റലിൽ അടക്കാനുള്ള 1.5 ലക്ഷം രൂപ ഫിസിക്സ് ഡിപ്പാർട്ട്മെന്റും ക്യാംപസിലെ വിദ്യാർത്ഥികളും ചേർന്നാണ് സമാഹരിച്ചത്.

എന്തുകൊണ്ടാണ് ഹെൽത് സെന്ററിലെ ഡോക്ടർ ഹിമ​ഗിരി ആശുപത്രിയിലേക്ക് തന്നെ രശ്മിയെ റഫർ ചെയ്തത്? രണ്ടുവർഷം മുമ്പ് റഫർ ചെയ്യാവുന്ന ആശുപത്രികളുടെ ലിസ്റ്റിൽ നിന്ന് ഹിമ​ഗിരി ഹോസ്പിറ്റലിനെ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും എങ്ങനെ ഹിമ​ഗിരി ഹോസ്പിറ്റൽ ലിസ്റ്റിൽ എത്തി? യൂണിവേഴ്സിറ്റിയും വിദ്യാർത്ഥികളുടെ പണം കൊള്ളയടിക്കുന്ന ഹിമ​ഗിരി ഹോസ്പിറ്റലും തമ്മിലുള്ള ബന്ധം ചർച്ചയാകേണ്ടിയിരിക്കുന്നു.

ഈ സെമസ്റ്ററിൽ 1500 രൂപ മെഡിക്കൽ ഇൻഷുറൻസ് ഇനത്തിൽ ഓരോ വിദ്യാർത്ഥിയിൽ നിന്നും വാങ്ങിയിട്ടുണ്ട്. ക്യാംപസിൽ 5000ത്തോളം വിദ്യാർത്ഥികളുണ്ട്. അവരിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസിന്റെ പേരിൽ 75 ലക്ഷം യൂണിവേഴ്സിറ്റിയുടെ കയ്യിലുണ്ട്. ഒരു വിദ്യാർത്ഥിക്ക് ആരോ​ഗ്യ ഇൻഷുറൻസ് തുകയായി 75,000 ലഭിക്കാനുള്ള അവകാശമുണ്ട്. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ഇന്നുവരെ മെഡിക്കൽ ഇൻഷുറൻസ് ഫണ്ടിനെപ്പറ്റി ഒരു വിവരവും അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചിട്ടില്ല. എല്ലാ വിദ്യാർത്ഥി യൂണിയനുകളും ഈ വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയേ ചെയ്തിട്ടുള്ളൂ. വിദ്യാർത്ഥികളുടെ പ്രതികരണങ്ങളെ അടിച്ചമർത്താനാണ് അധികൃതർ ശ്രമിക്കുന്നത്. വിദ്യാർത്ഥികളുടെ മെഡിക്കൽ ഫണ്ട് കൊള്ളയടിക്കുന്ന അധികൃതർക്കെതിരെ ശബ്ദമുയർത്തേണ്ടത് അത്യാവശ്യമാണ്.” ചൈതന്യ പറയുന്നു.

തന്റെ ​ഗ്രാമത്തിലെ ആദ്യത്തെ ​ബിരുദധാരിയാണ് രശ്മി. നാലാം വർഷ പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്നു. ഒപ്റ്റിക്സ് ലെറ്റേഴ്സ്, അപ്ലെെഡ് ഫിസിക്സ് ലെറ്റേഴ്സ് എന്നീ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാൻഫ്രാൻസിസ്കോയിൽ നടക്കാനിരുന്ന എസ്പിഎെഇ ഫോട്ടോണിക്സ് വെസ്റ്റ് 2019 കോൺഫറൻസിൽ പങ്കെടുക്കാൻ ഒരുങ്ങുകയായിരുന്നു രശ്മി രഞ്ജൻ.

https://www.facebook.com/photo.php?fbid=213562612903110&set=a.115149039411135&type=3&theater


Read More Related Articles