ഭരണഘടനയും അംബേദ്കർ ചിത്രവുമായി ചന്ദ്രശേഖർ രാവൺ അയോധ്യയിലേക്ക്

By on

ഇന്ത്യൻ ഭരണഘടനയും ബാബാ സാഹേബ് അംബേദ്കർ ചിത്രവുമായി ഇന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ രാവൺ അയോധ്യയിലേക്ക്. ബാബ്റി മസ്ജിദ് തകർക്കലിന്റെ വാർഷികമടുത്തതോടെ രാം മന്ദിർ നിർമാണത്തിന്റെ പ്രഖ്യാപനവുമായി വിഎച്ച്പി, ശിവസേന അടക്കമുള്ള സംഘപരിവാർ സംഘടനകൾ അയോധ്യയിൽ സംഘടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാവണിന്റെ മാർച്ച്. 2019ലെ തെര‍‍ഞ്ഞെടുപ്പിന് മുന്നോടിയായാണിത്.

സ്വന്തം ചുമതലകളെപ്പറ്റി പ്രാദേശിക ഭരണകൂടത്തെ ഓർമ്മപ്പെടുത്താനാണ് ഭരണഘടനയും അംബേദ്കർ ചിത്രവുമായി ഈ മാർച്ച് എന്ന് ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചന്ദ്രശേഖർ രാവൺ പറഞ്ഞു. നരേന്ദ്രമോദിയും യോ​ഗി ആദിത്യനാഥും ഭരിക്കുന്ന ​ഗവണ്മെന്റുകൾക്ക് അയോധ്യയിലെ ജനങ്ങൾക്ക് മതിയായ സുരക്ഷ നൽകാൻ കഴിയുന്നില്ലെങ്കിൽ അവർ രാജിവെക്കണം, അടിച്ചമർത്തപ്പെട്ട ജാതിയിൽപ്പെട്ടവർ അധികാരം കയ്യാളട്ടെ.
രാം ജന്മഭൂമി കേസിൽ വർഷങ്ങൾക്ക് മുമ്പ് അലഹാബാ​ദ് ഹെെക്കോടതിയുടെ വിധി വന്നപ്പോൾ‍ ഭരണത്തിലുണ്ടായിരുന്ന മായാവതി സർക്കാർ ക്രമസമാധാനം നിലനിർത്തി എന്നും ചന്ദ്രശേഖർ ഒാർമ്മിപ്പിച്ചു.

തർക്കഭൂമിയിൽ രാം മന്ദിർ പണിയുന്നത് ഭരണഘടനാ വിരുദ്ധമാണ്, കഴിഞ്ഞ നാലര വർഷക്കാലം ഒരു പുരോ​ഗതിയും ഉണ്ടാക്കാൻ കഴിയാത്തതിനാലാണ് ഇപ്പോൾ രാം മന്ദിർ നിർമ്മിക്കാൻ ഇറങ്ങിയിരിക്കുന്നത്. രാജ്യത്തെ തകർക്കാനുള്ളതാണ് അയോധ്യ മൂവ്മെന്റ്. ചന്ദ്രശേഖർ പറയുന്നു.

കോട്ടയാൽ ചുറ്റപ്പെട്ട പോലെയുള്ള സാഹചര്യത്തിലാണ് അയോധ്യ, എങ്ങനെ അകത്ത് കടക്കും എന്ന ചോദ്യത്തിന് അത് കാത്തിരുന്നുകാണാം എന്നാണ് ചന്ദ്രശേഖറിന്റെ മറുപടി. സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിക്കും വരെ അയോധ്യയിൽ തൽസ്ഥിതി തുടരണമെന്നും ചന്ദ്രശേഖർ പറഞ്ഞു.

ഭീം ആർമി ബിജെപിയെയോ കോൺ​ഗ്രസിനെയോ പിന്തുണയ്ക്കുന്ന സംഘടനയാണെന്ന ബിഎസ്പി ചീഫ് മായാവതിയുടെ ആരോപണത്തെ ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. പിന്നോക്കജാതിക്കാരുടെ ഉയർച്ച കോൺ​ഗ്രസിന്റെ ആത്മാർത്ഥമായ മുദ്രാവാക്യമാണെങ്കിൽ മായാവതിയെ പ്രതിപക്ഷ കൂട്ടുകക്ഷിയുടെ നേതാവാക്കണം, ബിജെപി എങ്ങനെ അധികാരത്തിൽ തുടരുമെന്ന് നമുക്ക് കാണാമെന്നും ചന്ദ്രശേഖർ പറഞ്ഞു. ബാബാ സാഹേബ് അംബേദ്കറും കാൻഷിറാമും കാണിച്ച പാത പിന്തുടർന്ന് അടിച്ചമർത്തപ്പെട്ട ജനവിഭാ​ഗങ്ങളുടെ അധികാരത്തിലേക്കുള്ള ഉയർച്ച ലക്ഷ്യമിട്ടാണ് ഭീം ആർമി പ്രവർത്തിക്കുന്നത്.ബിഎസ്പിയുമായി ചേർന്ന് പ്രവർത്തിക്കുമോ എന്നു ചോ​ദിച്ചപ്പോൾ പല തവണ മായാവതിയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നും ചന്ദ്രശേഖർ പറഞ്ഞു.


Read More Related Articles