അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഒരു മഹത്തായ ചിത്രം ഞാൻ നിങ്ങളെ കാണിക്കാം; ഹോട്ടൽ മുറിയിലെ തടവിൽ നിന്ന് ചന്ദ്രശേഖറിന്റെ സെൽഫി
“അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഒരു മഹത്തായ ചിത്രം ഞാൻ നിങ്ങളെ കാണിക്കാം, എന്നെ മുറിയിൽ അടച്ചിട്ടിരിക്കുകയാണ്. എന്റെ മുറിക്ക് പുറത്ത് 10 പൊലീസ് ഉദ്യോഗസ്ഥർ നിൽക്കുന്നുണ്ട്. ബാബാ സാഹേബ് എഴുതിയ ഭരണഘടനയിൽ മുന്നോട്ട് പോകുന്ന ഭാരതത്തിൽ തന്നെയല്ലേ ഞാൻ? ഭരണഘടനയ്ക്ക് മേലുള്ള അതിക്രമങ്ങളാണ് ഇതെല്ലാം.”- ചന്ദ്രശേഖര്‍ ആസാദ് പറയുന്നു. മലാഡിലെ ഹോട്ടൽ മണാലിയിൽ ഇന്നലെ വെെകുന്നേരം മുതൽ അനൗദ്യോഗികമായി തടവിലാക്കപ്പെട്ടിരിക്കുകയാണ് ഭീം ആർമി സ്ഥാപകനായ ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ്. ഇന്നലെ രാത്രിയോടെ ഹോട്ടൽ മുറിയിൽ നിന്നും ചന്ദ്രശേഖറിനെയും സഹപ്രവർത്തകരെയും പൊലീസ് കൊണ്ടുപോയിരുന്നെങ്കിലും പിന്നെയും മുറിയിൽ തന്നെ അടച്ചിടുകയായിരുന്നു.
ഭീമാ കൊറേഗാവ് ദളിത് വിജയാഘോഷത്തോടനുബന്ധിച്ച് യോഗങ്ങളും റാലികളും പദ്ധതിയിട്ടാണ് ചന്ദ്രശേഖർ ആസാദ് ഡിസംബർ 28ന് ആദ്യമായി മുംബെെയിലെത്തിയത്. മാസങ്ങൾക്ക് മുമ്പേ അനുമതി തേടിയെങ്കിലും മഹാരാഷ്ട്ര പൊലീസ് യോഗത്തിന് അനുമതി നൽകിയിരുന്നില്ല. സഹരൻപൂരിലെ ദളിതർക്ക് നേരെയുണ്ടായ സവർണ ആക്രമണത്തെ ചെറുത്തതിന് ഉത്തർപ്രദേശ് സർക്കാർ ദേശീയ സുരക്ഷാ നിയമം ചുമത്തി 16 മാസം തടവിലിട്ട ചന്ദ്രശേഖർ പുറത്തിറങ്ങിയ ശേഷവും ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയാണ് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാന സർക്കാരുകളും.
“16 മാസം തടവിൽ കഴിഞ്ഞുവന്ന എന്നെ പൊലീസിനെ കാണിച്ച് ഭയപ്പെടുത്താൻ നോക്കേണ്ട, എന്റെ ചരിത്രം അറിഞ്ഞ് വരൂ” എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് ചന്ദ്രശേഖർ പറഞ്ഞു. പൊലീസുകാരെ നിർത്തി ഭയപ്പെടുത്തുകയാണെങ്കിൽ ഭീമ കൊറേഗാവിന്റെ ചരിത്രം കൂടി ഓർമ്മിച്ചോളൂ എന്നും ചന്ദ്രശേഖർ പറയുന്നു.
ദളിത് വിജയാഘോഷത്തിനായി മഹാരാഷ്ട്രയിൽ എത്തി ഒരു ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്ന ചന്ദ്രശേഖർ അനൗദ്യോഗികമായി തടവിലിടാൻ താൻ ചെയ്ത കുറ്റം എന്താണ് എന്ന് ചോദിക്കുന്നു. നിലവിൽ ചന്ദ്രശേഖറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയോ എഫ്ഐആർ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ മുതൽ അടച്ചിട്ട ഹോട്ടൽ മുറിയിലാണ് ചന്ദ്രശേഖർ കഴിയുന്നത്. ഫോൺ ഉപയോഗിക്കാമെങ്കിലും ഹോട്ടൽ മുറിവിട്ട് എങ്ങോട്ടും പോകാനോ മാധ്യമങ്ങളെ കാണാനോ കഴിയാത്ത അവസ്ഥയിലാണ്.