ദേശീയ സുരക്ഷാനിയമ പ്രകാരം തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്ഖേമിനെ മോചിപ്പിക്കാൻ ഇംഫാൽ ഹെെക്കോടതി ഉത്തരവ്
ഝാന്‍സി റാണിയുടെ ജന്മവാര്‍ഷികം ആഘോഷിക്കാനുള്ള മണിപ്പൂര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചതിന് ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മണിപ്പൂരി മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്ഖേമിനെ മോചിപ്പിക്കാൻ ഇംഫാൽ ഹെെ കോടതിയുടെ വിധി. ഇന്ന് രാവിലെയാണ് ഇംഫാൽ ഹെെ കോടതിയുടെ സ്പെഷ്യൽ ബെഞ്ച് കിഷോർചന്ദ്രയ്ക്ക് അനുകൂലവിധി പ്രഖ്യാപിച്ചത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്. നൂറ് ദിവസത്തിലേറെയായി തടവനുഭവിക്കുന്ന കിഷോർചന്ദ്രയുടെ ആരോഗ്യനില മോശമായിരുന്നു.
“ഇന്ന് രാവിലെയാണ് ഇത് സംഭവിച്ചത്. കോടതിവിധി കയ്യിൽ കിട്ടിയിട്ടില്ല, ഇപ്പോൾ ഞങ്ങൾ കോടതിവിധി കാത്തിരിക്കുകയാണ്. നമുക്ക് നീതി കിട്ടിയിരിക്കുന്നു. ഒരു നീണ്ട പോരാട്ടത്തിന് ശേഷമാണ് ഈ വിധി. കിഷോർചന്ദ്ര പുറത്തുവരാൻ ഇനിയും കുറച്ച് ദിവസങ്ങളെടുക്കും. ഇന്ന് രാവിലെയാണ് സ്പെഷ്യൽ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
ഞാനിപ്പോൾ സന്തോഷിക്കുന്നുണ്ട്. പക്ഷേ മാനസികമായി അതിഭീകരമായ അവസ്ഥകളിലൂടെ ഞങ്ങൾക്ക് കടന്നുപോകേണ്ടിവന്നിട്ടുണ്ട്. മാനസിക പീഡനവും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കപ്പെടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നു.” – കിഷോർചന്ദ്രയുടെ ഭാര്യ എലാങ്ബം രഞ്ജിത കീബോർഡ് ജേണലിനോട് പറഞ്ഞു.
ഫെയ്സ്ബുക്ക് വിഡിയോയിലാണ് ഇംഫാലിലെ എഐഎസ് റ്റിവി നെറ്റ്വര്ക്കിലെ സബ് എഡിറ്ററും അവതാരകനുമായിരുന്ന കിഷോര്‍ചന്ദ്ര വാങ്ഖെം മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
124 A, 294, 500 എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് കിഷോർചന്ദ്രയെ നവംബര്‍ 26ന് ആദ്യം അറസ്റ്റ് ചെയ്തത്. ഖ്വാമി ഏക്താ ബിശ്വാസിന്റെ ഭാഗമായി റാണി ഝാൻസിയുടെ ജന്മവാർഷികം ആഘോഷിക്കുന്ന സർക്കാർ അജണ്ടയെ ചോദ്യം ചെയ്തതിനാണ് അറസ്റ്റ്. എന്നാല്‍ അന്നേ ദിവസം തന്നെ ജാമ്യം കിട്ടി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽ തോൻസിങ് കിഷോർചന്ദ്രയക്ക് ജാമ്യം അനുവദിച്ചിരുന്നു. 124 A ചുമത്താനുള്ള കാര്യം ഒന്നും വീഡിയോയിൽ ഇല്ലെന്നു തോൻസിങ് വിധിച്ചു. എന്നാൽ അന്നുതന്നെ ദേശീയ സുരക്ഷാ നിയമം ചാര്‍ത്തി വാങ്തോയെ വീണ്ടും അറസ്റ്റ് ചെയ്തു. അറസ്റ്റ് വാറണ്ട് നൽകാതെയായിരുന്നു അറസ്റ്റ്.
മണിപ്പൂരിൽ ബിജെപി നയങ്ങളുടെ കടുത്ത വിമർശകനാണ് കിഷോര്‍ചന്ദ്ര. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ദ്വാപര യുഗം മുതലേ ഇന്ത്യയുടെ ഭാഗമാണ് എന്നും ഗുജറാത്തിലെ പോർബന്ദറിൽ നടന്ന മാധവ്പൂർ മേളയിൽ പങ്കെടുക്കവേ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞിരുന്നു. ബിരേന്‍ സിംഗിന്റെ ഈ പ്രസ്താവനയെ കിഷോര്‍ചന്ദ്ര ചോദ്യം ചെയ്തിരുന്നു. മണിപ്പൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സമരത്തെ ബിജെപി സര്‍ക്കാര്‍ നേരിട്ട രീതിയെ ചോദ്യം ചെയ്തിന് കിഷോര്‍ചന്ദ്രയെ ഓഗസ്റ്റ് 9നും അറസ്റ്റ് ചെയ്തിരുന്നു.