‘യുദ്ധം തുടങ്ങാൻ എളുപ്പമാണ്, നിയന്ത്രണം എന്‍റെയും മോദിയുടെയും കൈയ്യിൽ നിൽക്കില്ല, വരൂ നമുക്ക് ഇരുന്നു സംസാരിക്കാം’; ഇമ്രാൻ ഖാന്റെ പ്രസ്താവന പൂർണ്ണ രൂപം

By on

പ്രിയ പാകിസ്‌താനികളെ,

ഇന്നലെ മുതലുള്ള സാഹചര്യത്തിൽ ഞാൻ നിങ്ങളിൽ വിശ്വാസമർപ്പിക്കുകയാണ്. നോക്കൂ, പൾവാമക്ക് ശേഷം ഇന്ത്യക്ക് ആവശ്യമുള്ള എല്ലാത്തരം അന്വേഷണങ്ങളും നടത്തുന്നതിന് നമ്മൾ വാഗ്ദാനം നൽകിയിരുന്നു. നമ്മളതിന് തയ്യാറായിരുന്നു. പൾവാമയിൽ അവർക്ക് ജീവാപായമുണ്ടായി. എനിക്കറിയാം, അവിടെയുള്ള ജനതയെ അത് എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന്. കാരണം കഴിഞ്ഞ പത്ത് വർഷങ്ങളായി, നമ്മൾ അഭിമുഖീകരിച്ചത് 70,000 ജീവാപായങ്ങളാണ്. കഴിഞ്ഞ പത്ത് വർഷങ്ങളായി, ഞാനൊരുപാട് ആശുപത്രികൾ സന്ദർശിച്ചു, മുറിവേറ്റ ഒരുപാട് പേരെ കണ്ടു. സ്‌ഫോടനങ്ങളിൽ കൈ- കാലുകൾ നഷ്ടമായവരെയും നടക്കാനാവാത്തവരെയും, കണ്ണുകൾ നഷ്ടമായവരെയും ഒക്കെ. മുറിവേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങളെ കുറിച്ചെനിക്കറിയാം. അതുകൊണ്ടാണ് നമ്മൾ ഇന്ത്യയോട് ഏത് രീതിയിലുള്ള അന്വേഷണങ്ങൾക്കും പാകിസ്താന്റെ സഹായം വാഗ്ദാനം നൽകിയത്. നമ്മളിത് ചെയ്തത് ലോകത്ത് ഒരു സ്ഥലവും ആക്രമിക്കാൻ നമ്മുടെ ഭൂമി ഉപയോഗിക്കുന്നത് പാക്കിസ്താന്റെ താല്പര്യം അല്ലാത്തത് കൊണ്ടും, പുറത്തു നിന്നുള്ള ആരും പാകിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് ഉറപ്പുള്ളത് കൊണ്ടുമാണ്. അതു കൊണ്ട് നമുക്ക് അക്കാര്യത്തിൽ തർക്കമില്ലായിരുന്നു.. നമ്മൾ തയ്യാറായിരുന്നു. ഈ സാഹചര്യത്തെ പ്രതിരോധിക്കുന്നതിനായി, നാം പൂർണ്ണമായും സഹകരിക്കാൻ തയ്യാറായിരുന്നപ്പോൾ, ഇന്ത്യ ഏന്തുകൊണ്ട് അതിന് മുതിർന്നില്ല? നാമവരെ സമവായത്തിന് നിർബന്ധിച്ചു , കാരണം ഒരു പരമാധികാര രാജ്യത്തിനും മറ്റൊരു രാജ്യത്തെ, അതിനകത്ത് പ്രവർത്തിക്കാൻ അനുവദിക്കാനാകില്ല. നമുക്കവരെ ഒരേ സമയം ന്യായാധിപനും നിയമവും ശിക്ഷകർത്താവും ആകാൻ അനുവദിക്കാനാകില്ല.

ഇന്ത്യയിൽ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടാവുമെന്ന് സംശയിച്ച ഞാൻ തക്ക മറുപടി തന്നെ ഉണ്ടാവുമെന്ന് ഇന്ത്യയോട് പറഞ്ഞിരുന്നു. ഇന്നലത്തെ സംഭവത്തോടെ കര-വ്യോമ സേന മേധാവിമാരുമായി ഞാൻ സംസാരിച്ചു. പാകിസ്താന്റെ നഷ്ടം കൃത്യമായി അറിയാത്തതിനാൽ ഉടനെ എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നില്ല. നാശനഷ്ട കണക്കുകൾ അറിയാതെ പ്രതികരിക്കുന്നത് ഇരുഭാഗത്തും കൂടുതൽ നഷ്ടങ്ങളെ ഉണ്ടാക്കൂ എന്നറിയാമായിരുന്നതിനാൽ ഇന്നാണ് ഞങ്ങൾ പ്രതികരിച്ചത്. പരമാവധി നാശനഷ്ടങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള പ്രതികരണത്തിനാണ് ഞങ്ങൾ മുൻ‌തൂക്കം നൽകിയത്. ഇന്ത്യക്ക് ചെയ്യാൻ കഴിയുന്നതൊക്കെ തിരിച്ചു ഞങ്ങൾക്കും ചെയ്യാൻ കഴിയും എന്നറിയിക്കൽ മാത്രമായിരുന്നു ഉദ്ദേശം. പാക് അതിര്‍ത്തി കടന്ന രണ്ട് ഇന്ത്യൻ മിഗ് ജെറ്റുകൾ പാക് സൈന്യം വെടിവെച്ചിട്ടു. പൈലറ്റുകൾ ഞങ്ങളോടൊപ്പമുണ്ട്.

ഇതെങ്ങോട്ടാണ് നമ്മളെ നയിക്കുന്നതെന്നാണ് നിലവിലെ പ്രശ്നം ഇത് വളരെ പ്രധാനമാണ്.പക്വതയോടെ ആലോചിക്കേണ്ട വിഷയമാണ്. എല്ലാ യുദ്ധങ്ങളുടെയും മൂല കാരണം ഇത്തരത്തിലുള്ള മിഥ്യാധാരണകളായിരുന്നു. യുദ്ധം തുടങ്ങുന്നവർ അതെന്തായിത്തീരുമെന്നു ആലോചിക്കാറില്ല. മാസങ്ങൾക്കുളളിൽ തീരുമെന്ന് കരുതിയ ഒന്നാംലോക മഹായുദ്ധം ആറു വർഷക്കാലം നീണ്ടു നിന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ കരുതിയത് റഷ്യയ്ക്കെതിരെ വിജയിക്കാമെന്നാണ്. റഷ്യൻ ശൈത്യകാലം ഉണ്ടാക്കുന്ന കാലവിളംബത്തെ ഹിറ്റ്ലർ ഓർത്തില്ല,. ഫലമോ അത് അയാളുടെ തകർച്ചയിലേക്ക് നയിച്ചു. സമാനമായ രീതിയിൽ ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ അഫ്ഘാനിൽ 17 വർഷക്കാലം കുടുങ്ങിപ്പോവുമെന്ന് അമേരിക്ക കരുതിയോ? വിയറ്റ്നാം യുദ്ധം ഇത്ര നീളുമെന്ന് അമേരിക്ക കരുതിയോ?

യുദ്ധത്തിൽ കണക്ക് കൂട്ടലുകൾ പിഴക്കാമെന്നാണ് ചരിത്രം നമ്മോട് പറയുന്നത്. ഇന്ത്യയോട് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങൾക്കും ഞങ്ങൾക്കുമുള്ള ആ ആയുധം കൊണ്ട് പിഴവുകൾ നമുക്ക് താങ്ങാനാവുമോ? സാഹചര്യം കൈവിട്ട് പോയാൽ എന്തു സംഭവിക്കുമെന്ന് നമ്മൾ ആലോചിക്കണ്ടേ? അപ്പോൾ എത് എന്റെയോ നരേന്ദ്രമോദിയുടെയോ നിയന്ത്രണത്തിലായിരിക്കില്ല. അതുകൊണ്ട് ഒരിക്കൽ കൂടി ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്.

കാര്യങ്ങൾ കൈവിട്ടു കഴിഞ്ഞാൽ മോദിയുടെയോ എന്റെയോ ശക്തി കൊണ്ട് യുദ്ധത്തെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് തന്നെ പുൽവാമ ദുരന്തത്തിൽ നിങ്ങൾക്കേറ്റ മുറിവിന്റെ പശ്ചാത്തലത്തിൽ, ഭീകരവാദത്തെക്കുറിച്ചുള്ള ഏത് ചർച്ചയ്ക്കും ഞങ്ങൾ തയ്യാറാണ്. ഒരിക്കൽ കൂടി നിങ്ങളോട് പറയുകയാണ്, ഇത്തവണ സുബോധമാണ് മുന്നിട്ട് നിൽക്കേണ്ടത്. നമുക്ക് പ്രശ്നങ്ങളെക്കുറിച്ച് ഇരുന്ന് സംസാരിക്കാം.


Read More Related Articles